കോട്ടയം :പാലാ :അഖിലേന്ത്യ അന്തർ സർവകലാശാല പുരുഷ വിഭാഗം വോളിബോൾ പാല സെന്റ് തോമസ് ഓട്ടോണോമസ് കോളേജിൽ വച്ച് തിങ്കളാഴ്ച മുതൽ ആരംഭിക്കും. രാവിലെ 6. 30 ന് നടക്കുന്ന ലീഗ് റൗണ്ടിലെ ആദ്യ മത്സരങ്ങളിൽ LNIPE ഗ്വാളിയോർ മഹാരാജ ശ്രീരാം ചന്ദ്ര യൂണിവേഴ്സിറ്റി ഒഡിഷയും, നോർസോൺ ജേതാക്കളായ ഗുരുനാഥ് ദേവ് യൂണിവേഴ്സിറ്റി അമൃത്സർ കേരള യൂണിവേഴ്സിറ്റിയെയും മദ്രാസ് യൂണിവേഴ്സിറ്റി RTM നാഗ്പൂർ യൂണിവേഴ്സിറ്റിയും നേരിടും. 8:30ന് നടക്കുന്ന മത്സരത്തിൽ കലിംഗ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഭുവനേശ്വർ ശ്രീ കുശാൽ ദാസ് യൂണിവേഴ്സിറ്റി രാജസ്ഥാനെയും, പഞ്ചാബ് യൂണിവേഴ്സിറ്റി മഹാത്മാഗാന്ധി കാശി വിദ്യാപീഡ് വാരണാസിയെയും നേരിടും. പാലാ സെന്റ് തോമസ് കോളേജിന്റെ ജിമ്മി ജോർജ് സ്റ്റേഡിയം ഇൻഡോർ സ്റ്റേഡിയം അൽഫോൻസാ കോളേജ് എന്നീ മൂന്നു വേദികളിലാണ് മത്സരങ്ങൾ അരങ്ങേറുന്നത്.
ചാമ്പ്യൻഷിപ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം തിങ്കളാഴ്ച വൈകുന്നേരം നാല് മണിക്ക് വോളിബോൾ ഇതിഹാസവും കോളേജിന്റെ പൂർവ്വ വിദ്യാർത്ഥിയുമായ ജിമ്മി ജോർജിന്റെ നാമധേയത്തിലുള്ള സ്റ്റേഡിയത്തിൽ നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ കേരള സംസ്ഥാന ജല വിഭവ വകുപ്പ് മന്ത്രിയും പാലാ സെന്റ് തോമസ് കോളേജിലെ പൂർവ്വ വിദ്യാർത്ഥിയുമായ ശ്രീ. റോഷി അഗസ്റ്റിൻ നിർവഹിക്കും. മഹാത്മാഗാന്ധി സർവ്വകലാശാല വൈസ് ചാൻസിലർ പ്രൊഫ. ഡോ സി. റ്റി അരവിന്ദകുമാർ, പാലാ എം.എൽ.എ ശ്രീ മാണി സി കാപ്പൻ, കോളേജ് മാനേജർ റവ ഡോ ജോസഫ് തടത്തിൽ, പ്രിൻസിപ്പൽ ഡോ സിബി ജയിംസ്, വൈസ് പ്രിൻസിപ്പൽ ഡോ സാൽവിൻ കപ്പിലിപ്പറമ്പിൽ, തുടങ്ങിയ വിശിഷ്ടാതിഥികൾ പങ്കെടുക്കും.
ഉദ്ഘാടന മത്സരത്തിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി ലക്ഷ്മിഭായി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഗ്വാളിയോറിനെയും അടമാസ് യൂണിവേഴ്സിറ്റി കൽക്കട്ട ഭാരതി വിദ്യാപീത് യൂണിവേഴ്സിറ്റി പൂനെയും, കുരുക്ഷേത്ര യൂണിവേഴ്സിറ്റി മഹാരാജ ശ്രീരാം ചന്ദ്ര യൂണിവേഴ്സിറ്റി ഒഡീഷയെയും നേരിടും. ടൂർണമെന്റിന്റെ ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ ബുധനാഴ്ച രാവിലെ 6.30 മുതൽ ആരംഭിക്കുന്നതാണ്. ടൂർണമെന്റ് വെള്ളിയാഴ്ച വൈകുന്നേരം സമാപിക്കും.