പാലാ :- എറണാകുളം ജില്ലാ കോടതി സമൂച്ചയത്തിൽ വെച്ച് അഭിഭാഷക ദമ്പതികളായ അഡ്വ.കൃഷ്ണ രാജേന്ദ്രനും അഡ്വ ബിനോയിയും ആക്രമിക്കപ്പെട്ട സംഭവത്തിൽ ആം ആദ്മി പാർട്ടി ലീഗൽ വിങ് കോട്ടയം ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച എറണാകുളം ജില്ലാ കോടതിയിലേക്ക് കാറിൽ വരികയായിരുന്ന ഇരുവരെയും ഓട്ടോറിക്ഷയിൽ എത്തിയ പ്രതി തടഞ്ഞുനിർത്തി അസഭ്യം പറഞ്ഞുകൊണ്ട് താക്കോലിന് മുഖത്തടിച്ച് മുറിവേൽപ്പിച്ചും വക്കീൽ കോട്ട് വലിച്ചുകീറുകയുമാണ് ഉണ്ടായത്.
അഭിഭാഷക ദമ്പതികൾക്ക് നേരെയുണ്ടായ കയ്യേറ്റവും ഭീഷണിപ്പെടുത്തലുകളും, കോടതിയോടും നിയമവ്യവസ്ഥയോടും കൂടിയുള്ള വെല്ലുവിളിയാണെന്നും “അഭിഭാഷക സംരക്ഷണ നിയമം” ഉടൻ നടപ്പാക്കണമെന്നും ആം ആദ്മി പാർട്ടി ലീഗൽവിംഗ് കോട്ടയം ജില്ലാ പ്രസിഡന്റ് അഡ്വ. പ്രകാശ് ടി. ആർ, സെക്രട്ടറി അഡ്വ. അഭിലാഷ് ചെമ്പകശ്ശേരി, ട്രഷറർ അഡ്വ. റോണി നെടുമ്പള്ളിൽ എന്നിവർ ആവശ്യപ്പെട്ടു.
കോടതികൾക്കും അഭിഭാഷകർക്കും എതിരായി നടക്കുന്ന അതിക്രമങ്ങൾ നാൾക്കുനാൾ വർദ്ധിച്ചുവരികയാണെന്നും, ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സർക്കാർ എത്രയും വേഗം ശക്തമായ സുരക്ഷാ മുൻകരുതലുകൾ ഒരുക്കണമെന്നും ആം ആദ്മി പാർട്ടി ലീഗൽ വിംഗ് ആവശ്യപ്പെട്ടു.