Kottayam
വയോധികനെ ദുരൂഹ സാഹചര്യത്തിൽ കാണാതായിട്ട് മൂന്നാഴ്ച ,പോലീസ് എന്ത് ചെയ്തെന്ന് ഹൈക്കോടതി ,ഒരാഴ്ചക്കകം കണ്ടെത്തണമെന്നും കോടതി
പാലാ: ദൂരൂഹസാഹര്യത്തില്‍ എണ്‍പത്തിനാലുകാരനെ കാണാതായിട്ട് മൂന്നാഴ്ച പിന്നിടുന്നു. ഇത്രയും ദിവസം പോലീസ് എന്തുചെയ്‌തെന്നും എന്തു നടപടിയെടുത്തുവെന്നും ഹൈക്കോടതി. അന്വേഷണം നിലച്ച സാഹചര്യത്തില്‍ ബന്ധുക്കള്‍ നല്‍കിയ ഹേബിയസ് കോര്‍പസ് ഹര്‍ജി പരിഗണിക്കവേയായിരുന്നു കോടതി കര്‍ക്കശ നിലപാട് എടുത്തത്. പാലാ മീനച്ചില്‍ പടിഞ്ഞാറേമുറിയില്‍ മാത്യൂ തോമസ് (84) നെ വീടിനു സമീപത്തുനിന്നു കാണാതായത് ഡിസംബര്‍ 21 ന് ആയിരുന്നു. മാത്യൂതോമസും ഭാര്യയും മാത്രമായിരുന്നു കുടുംബവീട്ടില്‍ താമസിച്ചിരുന്നത്.
രാവിലെ പതിവു നടത്തത്തിന് ഇറങ്ങിയ മാത്യൂ ഉച്ചയായിട്ടും തിരിച്ചെത്താത്തതിനെത്തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
കാണാതാകുമ്പോള്‍ മാത്യുവിന്‍െ്‌റ കൈവശം മൊബൈല്‍ഫോണോ പണമോ ഉണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെ ആരെങ്കിലും മനപ്പൂര്‍വ്വം മാത്യൂവിനെ തട്ടിക്കൊണ്ടു പോകാനാണ് സാധ്യതയെന്നു പറയുന്നു. 21 ന് പത്തുമണിയോടെ ഒരു വാഹനത്തിന്‍െ്‌റ ഡോര്‍ പലവട്ടം തുറന്നടയ്ക്കുന്നതു കേട്ടുവെന്നു സമീപവാസികള്‍ വ്യക്തമാക്കിയിട്ടുണ്ട്. സമീപവീടുകളില്‍ സിസിടിവി ഇല്ലാതിരുന്നതും അന്വേഷണത്തിന് തടസമായി. തുടര്‍ന്ന് പാലാ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കുകയും പോലീസ് അന്വേഷണമാരംഭിക്കുകയും ചെയ്തു. പോലീസ് തുടക്കത്തില്‍ തെരച്ചില്‍ നടത്തിയെങ്കിലും തുടര്‍ന്ന് അന്വേഷണം നിലയ്ക്കുകയായിരുന്നു. പലവട്ടം പോലീസിനെ സമീപിച്ചുവെങ്കിലും സംഭവം കാണാതാകലില്‍ അവസാനിപ്പിച്ചതിനെത്തുടര്‍ന്നാണ് ബന്ധുക്കള്‍ ഹൈക്കോടതിയിയെ സമീപിച്ചത്.
നിരവധി ആരോഗ്യപ്രശ്‌നങ്ങളുള്ള മാത്യു ഒരു കാരണവശാലും വീടുവിട്ടു പോവുകയില്ലെന്നും മരുന്നുകളൊന്നും കൈയില്‍ കരുതാത്തതിനാല്‍ ആരോഗ്യനില മോശമാകുമെന്നും ബന്ധുക്കള്‍ വ്യക്തമാക്കി. സംശയകരാമയി ബന്ധുക്കള്‍ സൂചിപ്പിച്ച വസ്തുതകളില്‍ പോലീസ് അന്വേഷണം കാര്യക്ഷമമായി നടത്തിയിരുന്നെങ്കില്‍ ഇതിനകം മാത്യുവിനെ കണ്ടെത്താനാകുമായിരുന്നുവെന്ന് സൂചനയുണ്ട്. മാത്യുവിന്‍െ്‌റ കാണാതാകലുമായി ബന്ധപ്പെട്ട് ബന്ധുക്കള്‍ നല്‍കിയ സൂചനകളില്‍ അന്വേഷണം നടത്താതിരിക്കുന്നതും വയോധികനെ കണ്ടെത്തുന്നതിന് തടസമാകുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു.
മാത്യുവിനെ കാണാതാകുന്നതിനു മുന്‍പുള്ള ദിവസങ്ങളില്‍ ദുരൂഹ സാഹചര്യത്തില്‍ അവിടെയെത്തിയ വാഹനങ്ങളെക്കുറിച്ചോ വ്യക്തികളെക്കുറിച്ചോ അന്വേഷണം നടത്തിയിട്ടില്ല.
അടുപ്പിച്ചുള്ള ദിവസങ്ങളില്‍ വാഹനങ്ങള്‍ ദുരൂഹമായി സമീപസ്ഥലങ്ങളില്‍ കണ്ടതായി നാട്ടുകാര്‍ പറയുന്നു. നാട്ടുകാരും ബന്ധുക്കളും സമൂഹമാധ്യമങ്ങള്‍ വഴിയും നേരിട്ടും നടത്തിയ അന്വേഷണങ്ങള്‍ക്കിടെ മാത്യൂവിനെ കണ്ടെത്തിയെന്ന് ഏതാനും ചിലര്‍ പ്രചരിപ്പിച്ചതും ദുരൂഹമാണെന്നും ഇത് അന്വേഷണംഅവസാനിപ്പിക്കുവാനായിരുന്നുവെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. ഈ പ്രചരണം നടത്തിയവര്‍ക്ക് തിരോധാനത്തില്‍ പങ്കുണ്ടോയെന്ന് അന്വേഷിക്കണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിക്കും സംസ്ഥാന പോലീസ് മേധാവിക്കും ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു.
നാട്ടിന്‍പുറത്തുനിന്ന് ഒരു വയോധികനെ കാണാതായിട്ട് മൂന്നാഴ്ച കഴിഞ്ഞിട്ടും കണ്ടെത്താത്തത് എന്തുകൊണ്ടെന്നും അന്വേഷണം കാര്യക്ഷമമാക്കണമെന്നും കോടതി നിര്‍ദേശിച്ചു. കേസില്‍ വാദികള്‍ക്കുവേണ്ടി അഡ്വ.കൃഷ്ണദാസ് പി. നായര്‍ ഹാജരായി.