പാലാ : ഷർട്ട് ഊരി ദർശനം നടത്തേണ്ട ക്ഷേത്രങ്ങൾ ശ്രീനാരായണീയർ ബഹിഷ്ക്കരിക്കണമെന്ന് ഗുരുധർമ്മ പ്രചരണ സഭ കേന്ദ്ര സമിതി ചീഫ് കോ -ഓർഡിനേറ്റർ സത്യൻ പന്തത്തല ആവശ്യപ്പെട്ടു. ഗുരുദേവ ഭക്തർ ഇത്തരം ക്ഷേത്രങ്ങളിൽ കയറില്ലെന്ന് നിശ്ചയിച്ചാൽ തീരുന്ന ആചാരങ്ങളേ ഇവിടെയുള്ളു.ശ്രീനാരായണ ഗുരുദേവൻ പ്രതിഷ്ഠ നടത്തിയ ക്ഷേത്രങ്ങളിലും ഗുരുമന്ദിരങ്ങളിലും മാത്രം പോകാൻ ഗുരുഭക്തർ തയ്യാറാകണം.
ക്രിസ്ത്യാനികൾക്ക് പോപ്പ് എന്നതുപോലെ ശ്രീ നാരായണീയരുടെ ആത്മീയ നേതാവ് ശിവഗിരി മഠാധിപതിയാണ്. ഇപ്പോഴത്തെ മഠാധിപതി സ്വാമി സച്ചിദാനന്ദയുടെ വചനങ്ങൾ ഗുരുഭക്തർക്ക് വേദവാക്യമാണ്. അത് തിരുത്തുവാനോ അദ്ദേഹത്തെ അധിക്ഷേപിക്കാനോ ആര് ശ്രമിച്ചാലും ശ്രീനാരായണ സമൂഹം ഒറ്റക്കെട്ടായി പ്രതികരിക്കുമെന്ന് ചീഫ് കോ-ഓർഡിനേറ്റർ പറഞ്ഞു.
ആചാര പരിഷ്ക്കരണ ണങ്ങളെ അനുകൂലിച്ച വ്യക്തിയാണ് മന്നത്തു പത്മനാഭൻ. അദ്ദേഹം സ്ഥാപിച്ച എൻ.എസ്.എസിൻ്റെ ഇപ്പോഴത്തെ ജനറൽ സെക്രട്ടറിയുടെ വാക്കുകൾ നായർ സമുദായത്തിന് തന്നെ അപമാനകരമാണ്. പഴയ ആചാരങ്ങൾ തുടർന്നിരുന്നു എങ്കിൽ നായർ സ്ത്രീകൾക്ക് ഇപ്പോൾ ക്ഷേത്രത്തിൽ കയറാൻ കഴിയുമായിരുന്നില്ല. സന്യാസി ശ്രേഷ്ടരെ ആദരിച്ചില്ലെങ്കിലും അപമാനിക്കരുത്. അത് ദൂരവ്യാപകമായ ഭവിഷത്തുകൾക്ക് ഇടയാക്കുമെന്ന് സത്യൻ പന്തത്തല പറഞ്ഞു.