ന്യൂഡല്‍ഹി: വീട് നവീകരണവുമായി ബന്ധപ്പെട്ട് ആം ആദ്മി നേതാവും മുന്‍ ഡല്‍ഹി മുഖ്യമന്ത്രിയുമായി അരവിന്ദ് കെജരിവാളിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ദരിദ്രര്‍ക്കായി നാലുകോടി വീടുകള്‍ നിര്‍മിച്ച് നല്‍കിയെങ്കിലും ഇന്നുവരെ മോദി തനിക്കായി ഒരുവീട് പോലും നിര്‍മിച്ചിട്ടില്ല. തനിക്ക് വേണമെങ്കില്‍ ചില്ലുകളുടെ കൊട്ടാരം പണിയമായിരുന്നു. എന്നാല്‍ ജനങ്ങള്‍ക്ക് വീടുകള്‍ നല്‍കുകയെന്നതായിരുന്നു തന്റെ സ്വപ്നം- ഡല്‍ഹിയില്‍ വിവിധ പദ്ധതികള്‍ ഉദ്ഘാടനം ചെയ്ത ശേഷം അശോക് വിഹാറിലെ രാംലീല മൈതാനത്ത് നടത്തിയ പൊതുയോഗത്തില്‍ മോദി പറഞ്ഞു.
ഇന്ന് ഇന്ത്യ രാഷ്ട്രീയമായും സാമ്പത്തികമായും ഏറെ മുന്നേറി. ലോകത്തിന് മുന്നില്‍ ഇന്ത്യയുടെ കുതിപ്പ് അടയാളപ്പെടുത്തുന്നതാവും ഈ വര്‍ഷമെന്നും മോദി പറഞ്ഞു. ഇന്ന് ഇവിടെ നില്‍ക്കുമ്പോള്‍ ചില പഴയ ഓര്‍മകള്‍ തന്നിലേക്ക് എത്തുന്നു. ഇന്ദിര ഗാന്ധിയുടെ സ്വേച്ഛാധിപത്യത്തിനെതിരെ രാജ്യം പോരാടിയപ്പോള്‍ താന്‍ ഉള്‍പ്പടെ ആളുകള്‍ ഒളിച്ചുതാമസിച്ച ഇടമാണ് അശോക് വിഹാറെന്ന് പ്രധാനമന്ത്രി പറഞ്ഞു.
‘മോദി ഒരിക്കലും തനിക്കായി ഒരു വീട് പോലും നിര്‍മ്മിച്ചിട്ടില്ലെന്നും ദരിദ്രര്‍ക്കായി നാല് കോടിയിലധികം വീടുകള്‍ നിര്‍മ്മിച്ചിട്ടുണ്ടെന്നതും രാജ്യത്തിന് നന്നായി അറിയാം,’ പ്രധാനമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ വസതിയുടെ ആഡംബര നവീകരണവുമായി ബന്ധപ്പെട്ട് കെജരിവാളിനെതിരെ രൂക്ഷ വിമര്‍ശനവും അദ്ദേഹം ഉന്നയിച്ചു. ഡല്‍ഹി സര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങിയിരിക്കുകയാണെന്നും ഇവിടെയുള്ളവര്‍ക്ക് മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ പരാജയപ്പെട്ടുവെന്നും ആരോപിച്ച പ്രധാനമന്ത്രി, ആം ആദ്മി ഒരു ദുരന്തമാണെന്നു കുറ്റപ്പെടുത്തി.