Kerala
കെട്ടുതാലിയാണ് കൊണ്ടുപോവരുതേ:കട്ട സ്വർണ്ണം വീട്ടമ്മയ്ക്ക് തിരിച്ചു നൽകി വ്യത്യസ്തനാം കള്ളൻ
തിരുവനന്തപുരം: വീട്ടമ്മയുടെ മാലമോഷ്ടിക്കാനത്തിയ കള്ളൻ മാലയുമായി കടന്നെങ്കിലും താലി തിരികെ നൽകി. ചെമ്പൂര് പരമേശ്വരം ശിവ പാർവതിയിൽ പാർവതിയുടെ വീട്ടിലാണ് മോഷണം നടന്നത്. ഏഴ് മാസം ഗർഭിണിയായ പാർവതിയും മാതാവും കുഞ്ഞുമാണ് വീട്ടിൽ ഉണ്ടായിരുന്നത്. വീടിന്റെ പിൻവാതിൽ തുറന്ന് ഉള്ളിൽ കടന്ന മോഷ്ടാവ് പാർവതിയുടെ കുഞ്ഞിന്റെ അരഞ്ഞാണം അറുത്തെടുക്കാൻ ശ്രമിക്കുന്നതിനിടെ കുഞ്ഞ് ഉണർന്ന് കരഞ്ഞതോടെയാണ് മോഷ്ടാവ് അകത്ത് കയറിയ വിവരം പാർവതിയും മാതാവും അറിയുന്നത്. ആർമി ഉദ്യോഗസ്ഥനായ ഭർത്താവ് സ്ഥലത്തില്ലാതിരുന്ന സമയത്തായിരുന്നു മോഷണം നടന്നതെന്നതിനാൽ പരിഭ്രാന്തരായ ഇരുവരും ബഹളം വക്കാൻ ശ്രമിച്ചു.
ഇതോടെ, മോഷ്ടാവിൻ്റെ ശ്രദ്ധ പാർവതിയുടെ കഴുത്തിലേക്കായി. മുഖം മൂടി ധരിച്ചെത്തിയ മോഷ്ടാവിൻ്റെ ഭീഷണിയെ തുടർന്ന് പാർവതി കഴുത്തിൽ കിടന്ന രണ്ട് പവൻ തൂക്കമുള്ള മാല നൽകി. ഒപ്പം അലമാരയിൽ ഉണ്ടായിരുന്ന മാതാവിന്റെ അരപ്പവൻ വരുന്ന മാലയും കവർന്ന കള്ളൻ മുറി മുഴുവൻ അരിച്ചു പെറുക്കി. എന്നാൽ ഒന്നും ലഭിക്കാതിരുന്ന മോഷ്ടാവ് കൂടുതൽ എന്തെങ്കിലും ലഭിക്കുമോ എന്നറിയാൻ ഇരുവരെയും ഭീഷണിപ്പെടുത്തിയെങ്കിലും മറ്റൊന്നും ലഭിച്ചില്ല.
അതേസമയം കെട്ടുതാലിയാണ് തിരികെ നൽകണമെന്ന് അപേക്ഷിച്ചതോടെ താലി ഊരി നൽകിയാണ് മോഷ്ടാവ് കടന്നതെന്ന് പൊലീസ് പറയുന്നു. സംഭവത്തെ തുടർന്ന് പാർവതി വെഞ്ഞാറമൂട് പൊലീസിൽ പരാതി നൽകി. പ്രതിയെ തിരിച്ചറിയാനായില്ലെന്നും അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.