Kerala

മാർത്തോമാ നസ്രാണികളുടെ സ്ലീവാ സത്യവും അനുബന്ധ സംഭവങ്ങളും അനുസ്മരിച്ച് മട്ടാഞ്ചേരിയിൽ ഓർത്തഡോക്സ് സഭയുടെ തീർത്ഥാടന കേന്ദ്രത്തിൽ നസ്രാണി കൂട്ടായ്മ സംഘടിപ്പിച്ചു

മട്ടാഞ്ചേരി :1653 ജനുവരി 3 ന് നടന്ന മാർത്തോമാ നസ്രാണികളുടെ സ്ലീവാ സത്യവും അനുബന്ധ സംഭവങ്ങളും അനുസ്മരിച്ച് മട്ടാഞ്ചേരിയിൽ ഓർത്തഡോക്സ് സഭയുടെ തീർത്ഥാടന കേന്ദ്രത്തിൽ നസ്രാണി കൂട്ടായ്മ സംഘടിപ്പിച്ചു. മലങ്കര സുറിയാനി ഓർത്തഡോക്സ് സഭ വൈദിക ട്രസ്റ്റി അഭിവന്ദ്യ തോമസ് വർഗീസ് അമയിൽ അച്ചൻ വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നൽകി. സീറോ മലബാർ സഭ എക്യുമെനിക്കൽ കമ്മീഷൻ ചെയർമാനും പാലാ രൂപത മെത്രാനുമായ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് അനുഗ്രഹ സന്ദേശവും ശ്ലൈഹീക ആശിർവാദവും നൽകി.

സഭയുടെ ചരിത്രം പഠിച്ചാൽ ഐക്യത്തിനുള്ള കാരണങ്ങൾ ആണ് കൂടുതൽ എന്നും നസ്രാണികൾ ഒന്നിച്ചു നിന്നാൽ വൻ ശക്തിയാണെന്നും പിതാവ് ഓർമിപ്പിച്ചു. മാർ സ്ലീവാ, മർത്ത് മറിയം, മാർ തോമാ ശ്ലീഹാ, സുറിയാനി ആരാധന ക്രമം, എന്നിവ നസ്രാണികൾക്ക് പൊതു പൈതൃകം ആണെന്ന് ബിഷപ് പറഞ്ഞു. മാനുഷികമായ ശക്തിയിൽ അല്ല ദൈവത്തിൽ ആശ്രയിച്ചാൽ നസ്രാണികൾക്ക് എവിടെയും ജയിക്കാൻ ആകുമെന്ന് വൈദിക ട്രസ്റ്റി സന്ദേശത്തിൽ സൂചിപ്പിച്ചു.

ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ പിതാവ് ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയന്റെ ആശംസകൾ തീർത്ഥാടന കേന്ദ്രം റെക്ടർ അഭിവന്ദ്യ ബെന്യാമിൻ തോമസ് റമ്പാച്ചൻ അറിയിക്കുകയും വിശിഷ്ടാതിഥികൾക്ക് പരിശുദ്ധ പിതാവിന്റെ സോവനീർ സമർപ്പിക്കുകയും ചെയ്തു. പാലാ രൂപത വികാരി ജനറൽ മലേപ്പറമ്പിൽ ജോസഫച്ചൻ, പോൾ ജോർജ് അച്ചൻ, സിറിൽ തോമസ് തയ്യിൽ അച്ചൻ, കൊഴുപ്പൻകുറ്റി മാണി അച്ചൻ എന്നീ വൈദികരും വിവിധ ദേശങ്ങളിൽ നിന്നുള്ള മാർത്തോമാ നസ്രാണികളും പങ്കെടുത്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top