Kerala
ഉമാ തോമസിന്റെ ആരോഗ്യ സ്ഥിതിയിൽ നേരിയ പുരോഗതി:മകന്‍ കയറി കണ്ടപ്പോള്‍ എം.എല്‍.എ. കണ്ണ് തുറന്നതായും കൈകാലുകള്‍ അനക്കിയതായും റിപ്പോർട്ടുകൾ
കൊച്ചി: കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിലെ വേദിയിൽനിന്നു വീണ് ഗുരുതരമായി പരിക്കേറ്റ ഉമാ തോമസ് എം.എൽ.എ.യുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി. മകന്‍ കയറി കണ്ടപ്പോള്‍ എം.എല്‍.എ. കണ്ണ് തുറന്നതായും കൈകാലുകള്‍ അനക്കിയതായും റിപ്പോര്‍ട്ട്.
ചൊവ്വാഴ്ച രാവിലെ പത്തിന് മെഡിക്കൽ ബുള്ളറ്റിൻ പുറത്ത് വന്നാൽ മാത്രമേ ആരോഗ്യനിലയിൽ എത്രത്തോളം പുരോഗതിയുണ്ടെന്ന് വ്യക്തമാകുകയുള്ളൂ. ശ്വാസകോശത്തിന് ഗുരുതര പരിക്കേറ്റ ഉമ ഇപ്പോഴും പാലാരിവട്ടം റിനൈ മെഡി സിറ്റിയിൽ വെന്റിലേറ്ററിലാണ്.
ഗിന്നസ് ലോക റെക്കോഡ് ലക്ഷ്യമിട്ട് കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടന്ന മെഗാ ഭരതനാട്യം പരിപാടിയുടെ 15 അടി ഉയരമുള്ള ഉദ്ഘാടന വേദിയിൽനിന്നു വീണാണ് ഉമാ തോമസ് എം.എൽ.എ.യ്ക്ക് ഗുരുതര പരിക്കേൽക്കുന്നത്. പരിപാടി തുടങ്ങുന്നതിനു മുൻപ് ഞായറാഴ്ച വൈകീട്ട് ആറരയോടെയായിരുന്നു അപകടം.
വേദിയിലെ കസേരയിലിരുന്നശേഷം പരിചയമുള്ള ഒരാളെക്കണ്ട് മുന്നോട്ടു നടക്കുന്നതിനിടെ അരികിലെ താത്‌കാലിക റെയിലിലെ റിബ്ബണിൽ പിടിച്ചപ്പോൾ നിലതെറ്റി വീഴുകയായിരുന്നു. കോൺക്രീറ്റ് സ്ലാബിലേക്ക് തലയടിച്ചാണ് വീണത്. ഉടൻ ആംബുലൻസിൽ പാലാരിവട്ടം റിനൈ മെഡിസിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.