അരുവിത്തുറ : അരുവിത്തുറ സെന്റ് ജോർജസ്സ് കോളേജിൻ്റെ അങ്കണത്തിൽ ആറു പതിറ്റാണ്ടിൻ്റെ ഓർമ്മകൾ ആർത്തിരമ്പിയ ഓർമ്മതൻ വാസന്തം വജ്ര ജൂബിലി മഹാ പൂർവ്വ വിദ്യാർത്ഥി സംഗമം പൂർവ്വ വിദ്യാർത്ഥി സാന്നിദ്ധ്യത്താൽ ശ്രദ്ധേയമായി. പൂർവ്വ വിദ്യാർത്ഥി സംഗമത്തിന്റെ ഉദ്ഘാടനം കോളേജിലെ പൂർവ്വ വിദ്യാർത്ഥിയും പത്തനംതിട്ട എംപിയുമായ ആൻ്റൊ ആൻ്റണി നിർവഹിച്ചു. തികഞ്ഞ ഗ്രാമന്തരീക്ഷത്തിൽ നിന്നും രാഷ്ട്രീയ സാമൂഹ്യ ശാസ്ത്ര സങ്കേതിക കായിക രംഗങ്ങളിലേക്ക് അനേകം പ്രതിഭകളെ സമ്മാനിച്ച അരുവിത്തുറ കോളേജ് രാജ്യത്തിന് മാതൃകയാണെന്ന് അദ്ധേഹം പറഞ്ഞു.
കോളേജിന്റെ മുൻ പ്രിൻസിപ്പലും ഷംഷബാദ് രൂപത സഹായ മെത്രാനുമായ മാർ ജോസഫ് കൊല്ലംപറമ്പിൽ ചടങ്ങിൽ മുഖ്യാതിഥി ആയിരിന്നു. മാറ്റങ്ങൾക്കു മുൻപെ പറന്ന അരുവിത്തുറ കോളേജ് വിദ്യാഭ്യാസ രംഗത്ത് പുത്തൻ മാറ്റങ്ങൾക്ക് വഴിതെളിച്ചെന്ന് അദ്ദേഹം പറഞ്ഞു. കോളേജ് മാനേജർ വെരി റവ ഫാ. സെബാസ്റ്റ്യൻ വെട്ടുകല്ലേൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കോളേജിൻ്റെ മുൻ പ്രിൻസിപ്പൽമാരേയും അദ്ധ്യാപകരേയും ആദരിച്ചു.
കോളേജ് പ്രിൻസിപ്പൽ പ്രൊഫ ഡോ. സിബി ജോസഫ്, കോളേജ് മുൻ പ്രിൻസിപ്പൽ പ്രൊഫ. എം. എം ചാക്കോ, മുൻ പി.എസ്സ് സി അംഗം പ്രൊഫ.ലോപ്പസ് മാത്യു, ഐ എസ് ആർ ഓ മുതിർന്ന ശാസ്ത്രഞ്ജൻ ഡോ ഗിരീഷ് ശർമ്മ , കോളേജ് ബർസാർ ഫാ. ബിജു കുന്നയ്ക്കാട്ട്, വൈസ് പ്രിൻസിപ്പൽ ഡോ. ജിലു ആനി ജോൺ, പൂർവ്വ വിദ്യാർത്ഥി സംഘടന പ്രസിഡൻ്റ് ഡോ. ടി.ടി. മൈക്കിൾ,പൂർവ്വ വിദ്യാർത്ഥി സംഘടനാ കോഡിനേറ്റർ ജോസിയാ ജോൺ തുടങ്ങിയവർ സംസാരിച്ചു.