Kottayam

അപകടകരമായ രീതിയിൽ വാഹനം ഓവർ ടേക്ക് ചെയ്ത കെഎസ്ആർടിസി ഡ്രൈവർക്കെതിരെയും, പ്രൈവറ്റ് ബസ് ഡ്രൈവർക്കെതിരെയും കേസ്

Posted on


പള്ളിക്കത്തോട്: പതിനെട്ടാം മൈൽ പെട്രോൾ പമ്പിന് മുൻവശം സ്വകാര്യ ബസ്സിനെ ഇടതുവശം വഴി അപകടകരമായ രീതിയിൽ ഓവർടേക്ക് ചെയ്ത കെഎസ്ആർടിസി ഡ്രൈവർക്കെതിരെയാണ് പള്ളിക്കത്തോട് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. ഇന്നലെ (28.12.2024) വൈകിട്ട് ആറുമണിയോടുകൂടി സ്വകാര്യ ബസ് പതിനെട്ടാം മൈലിൽ വണ്ടി നിർത്തി വണ്ടിയിൽ നിന്ന് യുവതി ഡോർ തുറന്ന് ഇറങ്ങിയ സമയമാണ് തൊട്ടു പിന്നിൽ ഉണ്ടായിരുന്ന കെഎസ്ആർടിസി സ്വകാര്യ ബസ്സിന്റെ ഇടതു സൈഡിൽ കൂടി അപകടകരമായ രീതിയിൽ കടന്നുപോയത്.

കെഎസ്ആർടിസി ബസ്സിന്റെ മരണപ്പാച്ചിൽ കണ്ട് സ്വകാര്യ ബസിന്റെ ഡോറിനോട് ചേർന്ന് നിന്നതുകൊണ്ട് മാത്രമാണ് വൻ അപകടത്തിൽ നിന്നും യുവതി രക്ഷപ്പെട്ടത്. സംഭവം സമീപത്തെ പെട്രോൾ പമ്പിന്റെ സിസിടിവിയിൽ നിന്നും സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിച്ചത് ശ്രദ്ധയിൽപ്പെട്ട പള്ളിക്കത്തോട് സ്റ്റേഷൻ എസ്.എച്ച്. ഓ കെ.പി ടോംസൺ കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി എം. അനിൽകുമാറിന്റെ നിർദ്ദേശാനുസരണം കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. പൊൻകുന്നം കെഎസ്ആർടിസി ഡിപ്പോയിലെ ഡ്രൈവറായ രാജേഷ് കുമാർ എന്നയാൾക്കെതിരെയാണ് കേസെടുത്തത്. സംഭവത്തെപ്പറ്റി വിശദമായ റിപ്പോർട്ട് വകുപ്പ് തല നടപടിക്കായി കെഎസ്ആർടിസിക്ക് നൽകുന്നതാണ്. മാറാനാത്ത എന്ന സ്വകാര്യ ബസ്സും കെഎസ്ആർടിസി ബസും മത്സരയോട്ടം നടത്തുകയും,

കെഎസ്ആർടിസി ബസിനെ കടത്തി വിടാതിരിക്കുന്നതിനു വേണ്ടി റോഡ് സൈഡിൽ ആവശ്യത്തിന് വീതി ഉണ്ടായിരുന്നിട്ടും സ്വകാര്യബസ് നടുറോഡിൽ നിർത്തി ആളെ ഇറക്കുകയായിരുന്നു. ഇങ്ങനെ വാഹനം നിർത്തി ആളെ ഇറക്കിയ സ്വകാര്യ ബസ് ഡ്രൈവറായ സിബിക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കെ.കെ റോഡിൽ ബസ്സുകളുടെ മത്സരയോട്ടം നിയന്ത്രിക്കുന്നതിന് കർശനമായ പോലീസ് പരിശോധന ഉണ്ടായിരിക്കുമെന്ന് ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദ് ഐ.പി.എസ്. പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version