കോട്ടയം:രാജ്യത്തിൻ്റെ ഭരണഘടനയെയും ഫെഡറലിസത്തെയും സംരക്ഷിക്കുവാനുള്ള നിരന്തര പ്രവർത്തനമായി സ്കൂൾ_കോളേജ് ജീവിതത്തിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകിയില്ലെങ്കിൽ ഇന്ത്യയ്ക്ക് നിലനിൽപ്പില്ലെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി.ഇന്ത്യയിൽ കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള ഭരണാധികാര നിർവ്വഹണം സംബന്ധിച്ച് ഭരണഘടന ശില്പി ഡോ ബി ആർ അംബേദ്കർ രൂപകല്പന ചെയ്ത നമ്മുടെ ഭരണഘടന കൃത്യമായി നിർവചിച്ചിട്ടുണ്ട്.ഈ നിർവചനത്തിൽ ഭരണം നിർവഹിക്കുന്ന രാഷ്ട്രീയ കക്ഷിയോ രാഷ്ട്രീയ മുന്നണിയോ വെള്ളം ചേർക്കുമ്പോൾ നമ്മുടെ വ്യവസ്ഥിതി നേരിടുന്നത് ഗുരുതരമായ വെല്ലുവിളിയാണ്.
അരാഷ്ട്രീയ വാദവും കടുത്ത വർഗ്ഗീയ ചിന്തയുമടക്കമുള്ള ഇത്തരം നിരവധി വെല്ലുവിളികളെയാണ് ഇപ്പോൾ ഇന്ത്യ നേരിടുന്നത്.ഇവയെ അതിജീവിക്കണമെങ്കിൽ ജനങ്ങൾക്കും നാടിനു വേണ്ടി മികച്ച സ്വപ്നങ്ങൾ കാണുകയും അവ യാഥാർത്ഥ്യമാക്കുവാൻ പ്രയത്നിക്കുകയും ചെയ്യുന്നവർ വിദ്യാർത്ഥി ജീവിതത്തിനുശേഷം രാജ്യത്തിൻ്റെ സ്വത്തുക്കളായി മാറേണ്ടതുണ്ട്.ഇടുങ്ങിയ ചിന്താഗതികൾക്കും സ്വാർത്ഥ താല്പര്യങ്ങൾക്കു മപ്പുറം പൊതുനന്മ പ്രതീക്ഷിക്കുന്ന യുവത്വം രാജ്യമെമ്പാടുമുണ്ടാകണം.അതിനുള്ള പരിശീലന കളരികളായി സ്കൂളുകളെയും ക്യാമ്പസുകളെയും മാറ്റിയെടുക്കേണ്ട ബാധ്യത വിദ്യാർഥി സമൂഹം ഏറ്റെടുക്കണം.ലോകത്ത് ഇന്ന് കാണുന്ന എല്ലാ നല്ല ആശയങ്ങളുടെയും ഉറവിടങ്ങൾ ക്യാമ്പസുകളായിരുന്നു.നല്ല ചിന്തകളും സംവാദങ്ങളും ആശയ രൂപീകരണവും വിദ്യാർത്ഥി ജീവിതത്തിൻ്റെ ഘടകങ്ങളാക്കിയതിനാലാണ് ഇന്നത്തെ ആധുനിക ജീവിതത്തിലേക്ക് ലോകം എത്തിയത്.ആ പാത പിന്തുടരുവാൻ വിദ്യാഭ്യാസ കാലഘട്ടത്തെ പ്രയോജനപ്പെടുത്തുവാൻ ഓരോ വിദ്യാർത്ഥിയും തയ്യാറായില്ലെങ്കിൽ ജനാധിപത്യം വലിയ വെല്ലുവിളികളെ നേരിടുമെന്നും ജോസ് കെ മാണി ചൂണ്ടിക്കാട്ടി.
കെ എസ് സി(എം)സംസ്ഥാന നേതൃത്വ പരിശീല ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.എസ്.സി(എം) സംസ്ഥാന പ്രസിഡൻ്റ് ബ്രൈറ്റ് വട്ടനിരപ്പേൽ അദ്ധ്യക്ഷത വഹിച്ച ക്യാമ്പ് ഉദ്ഘാടന സമ്മേളനത്തിൽ അഡ്വ.ജോബ് മൈക്കിൾ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി.ജോർജുകുട്ടി അഗസ്ത്തി,ജോസ് പാറേക്കാട്ട്,സണ്ണി തെക്കേടം,ജോസ് പുത്തൻക്കാല,പി.എം മാത്യു,റെനിൽ രാജു,റിൻറ്റോ തോപ്പിൽ,അഖിൽ മാടക്കൻ,സിജോ ഡാനിയേൽ,രജ്ഞിത ആർ,സി.എ ജോൺ തോമസ്,ജോ തോമസ് ,അമൽ മോൻസി എന്നിവർ സംസാരിച്ചു.