Kerala
കാഞ്ഞിരമറ്റം മാർ സ്ലീവാ പള്ളി ശതോത്തര രജത ജൂബിലി യിൽ : ഉണ്ണിമിശി ഹായുടെ ദർശനത്തിരുനാളും ജൂബിലി ഉദ്ഘാട നവും കുടുംബ കൂട്ടായ്മാ വാർഷികവും : ജനുവരി മൂന്നു മുതൽ പന്ത്രണ്ടു വരെ
കോട്ടയം : കാഞ്ഞിരമറ്റം: ക്രിസ്തുവർഷം ആയിരത്തിതൊള്ളായിരത്തി ഒന്നിൽ പരിശുദ്ധ ത്രിത്വത്തിൻ്റെ തിരുനാൾ ദിനത്തിൽ സ്ഥാപിതമായ കാഞ്ഞിരമറ്റം മാർ സ്ലീവാ പള്ളിയുടെ ശതോത്തര രജത ജൂബിലിയാഘോഷ പരിപാടികൾക്ക് ജനുവരി പതിനൊന്നിന് തുടക്കമാകും. തിരുനാളിന് മുന്നോടിയായുള്ള നവനാൾ നൊവേന ജനുവരി മൂന്നിന് വെള്ളിയാഴ്ച ആരംഭിക്കും. അഞ്ചാം തീയതി ഞായറാഴ്ച വൈകിട്ട് മൂന്നരയ്ക്കുള്ള ആഘോഷമായ വിശുദ്ധ കുർബാനയ്ക്കും നൊവേനയ്ക്കും ശേഷം കുടുംബകൂട്ടായ്മകൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികൾ നടക്കും.
ജനുവരി പത്തിന് വെള്ളിയാഴ്ച മരിച്ചവരുടെ ഓർമ്മ ദിനമായി ആചരിക്കും. വൈകിട്ട് നാലിന് വികാരി ഫാ. ജോസഫ് മണ്ണനാൽ തിരുനാളിൻ്റെ കൊടിയേറ്റ് കർമ്മം നിർവ്വഹിച്ച് വിശുദ്ധ കുർബാന അർപ്പിക്കും. തുടർന്ന് സിമിത്തേരി സന്ദർശനവും നടക്കും. പതിനൊന്നാം തീയതി ശനിയാഴ്ച ഇടവക ദിനമായിട്ട് ആചരിക്കും. വൈകിട്ട് മൂന്നരയ്ക്ക് ഇടവകാംഗങ്ങളായ വൈദികരുടെ നേതൃത്വത്തിൽ ആഘോഷമായ സമൂഹബലി അർപ്പിക്കും. അഞ്ചരയ്ക്ക് ആരംഭിക്കുന്ന പൊതുസമ്മേളനത്തിൽ വെച്ച് ശതോത്തര രജത ജൂബിലിയുടയും കുടുംബകൂട്ടായ് മാ വാർഷികത്തിൻ്റെയും സംയുക്ത ഉദ്ഘാടനം മുഖ്യ വികാരി ജനറാൾ മോൺ. ഡോ. ജോസഫ് തടത്തിൽ നിർവ്വഹിക്കും. വികാരി. ഫാ. ജോസഫ് മണ്ണനാൽ അദ്ധ്യക്ഷത വഹിക്കും. സമ്മേളനാന്തരം സ്നേഹ വിരുന്ന് നടക്കും. പ്രധാന തിരുനാൾ ദിനമായ പന്ത്രണ്ടിന് ഞായറാഴ്ച രാവിലെ അഞ്ചരയ്ക്ക് വിശുദ്ധ കുർബാനയുണ്ട്. ഇടവകയിലെ എഴുപത്തഞ്ചു വയസ്സിന് മുകളിൽ പ്രായമുള്ളവർക്കായി പ്രത്യേക വിശുദ്ധ കുർബാന ഏഴിന് ആരംഭിക്കും.
രണ്ടരയ്ക്ക് ചെണ്ടമേളവും മൂന്നിന് ബാൻ്റു മേളവും നടക്കും. മൂന്നേ കാലിന് ഉണ്ണീശോയുടെ തിരുസ്വരൂപം മോണ്ടളത്തിൽ പ്രതിഷ്ഠിക്കുന്നതും നേർച്ച കാഴ്ചകൾക്ക് അവസരം ഉണ്ടായിരിക്കുന്നതുമാണ്. മൂന്നരയ്ക്ക് ആരംഭിക്കുന്ന ആഘോഷമായതിരുനാൾ പാട്ടുകുർബാനയ്ക്ക് ഇവാഞ്ചലൈസേഷൻ്റെയും കുടുംബകൂട്ടായ്മയുടയും രൂപതാ ഡയറക്ടർ ഫാ. ജേക്കബ് വെള്ള മരുതുങ്കൽ മുഖ്യകാർമ്മികനാകും. അഞ്ചരയ്ക്ക് ആഘോഷമായ തിരുനാൾ പ്രദക്ഷിണം ആരംഭിക്കും. ടൗൺ കുരിശു പള്ളി ചുറ്റി സ്വർഗ്ഗാരോഹണചാപ്പലിലെത്തിച്ചേരുമ്പോൾ ലദീഞ്ഞിനു ശേഷം പൊൻകുന്നംപള്ളി സഹ വികാരി ഫാ. തോമസ് ചേനപ്പുരയ്ക്കൽ തിരുനാൾ സന്ദേശം നൽകും. ഏഴേ മുക്കാലിന് പ്രദക്ഷിണം പള്ളിയിൽ തിരിച്ചെത്തി സമാപന ആശീർവ്വാദത്തിനു ശേഷം എറണാകുളം ഫ്രണ്ട്സ് ക്ലബ്ബ് ഒരുക്കുന്ന മെഗാ മാജിക് ഷോയും നൃത്ത സംഗീത നിശയും നടക്കും.
വികാരി. ഫാ. ജോസഫ് മണ്ണനാൽ, സഹ വികാരി ഫാ. ജോസഫ് മഠത്തിപ്പറമ്പിൽ, കൈക്കാരൻമാരായ സണ്ണി കളരിക്കൽ, ബെന്നി വേങ്ങത്താനം, ജെയ്മോൻ പുത്തൻപുരയ്ക്കൽ, ജയിംസ് കുട്ടി ജോസ് ഉതിരക്കുളം,ജനറൽ കൺവീനർ സജിമോൻ ജോസഫ് നാഗമറ്റത്തിൽ തുടങ്ങിയവരുടെ നേതൃത്വത്തിൽ വിവിധ കമ്മറ്റികൾ പരിപാടികൾക്ക് നേതൃത്വം കൊടുക്കും.ഇടവകാംഗങ്ങൾ ഏവർക്കും പ്രസുദേന്തിമാരാനാകും വിധത്തിൽ തയ്യാറാക്കിയ തിരുനാൾ കൂപ്പൺ നറുക്കെടുപ്പിൽ വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങൾ വിതരണം ചെയ്യുന്നതാണ്.