കുമരത്തു നിന്നും പുറപ്പെട്ട ജലഗതാഗത വകുപ്പിന്റെ സർവീസ് ബോട്ടിൽ നിന്നും മധ്യവയസ്കൻ കായലിലേക്ക് എടുത്തുചാടി.വ്യാഴാഴ്ച രാത്രി 7. 30 ഓടെയാണ് സംഭവം.ചേർത്തല കടക്കരപ്പള്ളി സ്വദേശി ഉദയൻ (തമ്പി – 56) ആണ് കായലിലേക്ക് ചാടിയത്.ഡിസംബർ ഏഴാം തീയതി മുതൽ ഉദയനെ കാണാതെ ആയെന്നും ഇതേ തുടർന്ന് പട്ടണക്കാട് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയതായും പറയുന്നു.
ജനലിന് സമീപത്തിരുന്ന ഉദയൻ അടുത്ത് ഇരുന്ന യാത്രക്കാരനോട് മുഹമ്മയിൽ എത്തിച്ചേരുവാൻ എത്ര സമയം എടുക്കും എന്ന് അന്വേഷിച്ചു. തുടർന്ന് ബാഗുകൾ സീറ്റിൽ വച്ച് കാല് പുറത്തേക്ക് ഇട്ട് ജനൽ വഴിയാണ് ഉദയൻ കായലിലേക്ക് ചാടിയത്.ബാഗിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ കായലിലേക്ക് ചാടിയ വ്യക്തിയെ തിരിച്ചറിഞ്ഞതായും അയാളുടെ വീട്ടിൽ വിവരമറിയിച്ചതായും ജലഗതാഗത വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
മുന്നോട്ടുപോയ ബോട്ട് തിരിച്ചെത്തിച്ച് അപകട സ്ഥലത്ത് നങ്കൂരമിട്ടു.തുടർന്ന് ജീവനക്കാർ കായലിൽ തിരച്ചിൽ നടത്തി. എന്നാൽഇരുട്ടിൽ യാതൊന്നും കണ്ടെത്താനായില്ലെന് ബോട്ട് ജീവനക്കാർ പറഞ്ഞു.മുഹമ്മ സ്റ്റേഷനിൽ നിന്നും റെസ്ക്യൂ ബോട്ടിൽ പോലീസ് കായലിലെ സംഭവ സ്ഥലത്ത് എത്തിയ ശേഷമാണ് എസ് 51-ാം നമ്പർ ബോട്ട് യാത്രക്കാരുമായി മുഹമ്മയിലേക്ക് യാത്ര തുടർന്നത്.
എ.എസ്.പി ഹരീഷ് ജെയ്നിൻ്റെ നേതൃത്വത്തിൽ പോലീസ് സംഘവും , ചേർത്തലയിൽ നിന്നും ഫയർഫോഴ്സും ആലപ്പുഴയിൽ നിന്ന് സ്കൂബാ ടീം , സ്റ്റേഷൻ മാസ്റ്റർ ഷാനവാസ് ഖാന്റെ നേതൃത്വത്തിൽ ജലഗതാഗത വകുപ്പ് ജീവനക്കാർ എന്നിവർ കായലിലെ സംഭവ സ്ഥലത്ത് രാത്രി വൈകിയും തിരച്ചിൽ നടത്തി.