സർക്കാരിനെ താഴെയിറക്കുക എന്ന ലക്ഷ്യത്തോടെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈയുടെ വ്രതത്തിന് ഇന്ന് തുടക്കം. ചെന്നൈയിലെ വീടിന് മുന്നിൽ സ്വന്തം ശരീരത്തിൽ 6 തവണ അടിച്ചാണ് അണ്ണാമലൈ 48 ദിവസത്തെ വ്രതം തുടങ്ങുന്നത്. വ്രതം പൂർത്തിയായ ശേഷം സംസ്ഥാനത്തെ പ്രമുഖ മുരുക ക്ഷേത്രങ്ങളിൽ ദർശനം നടത്തും.
ഡിഎംകെ സർക്കാർ വീഴും വരെ ചെരുപ്പ് ഉപയോഗിക്കില്ലെന്ന് ഇന്നലെ അണ്ണാമലൈ പ്രഖ്യാപിച്ചിരുന്നു. അണ്ണാ സർവകലാശാലയിലെ ബലാത്സംഗ കേസ് സർക്കാരിനെതിരെ പരമാവധി തിരിക്കുകയാണ് അണ്ണാമലൈയുടെ ലക്ഷ്യം. ഗവർണർ ആർ എൻ രവി ഇന്ന് ദില്ലിയിൽ നിന്ന് തിരിച്ചെത്തിയ ശേഷം ബിജെപി സംഘം നേരിട്ട് കണ്ടു വിഷയത്തിൽ പരാതി നൽകും.
തമിഴ്നാട്ടിലെ ഡിഎംകെ ഭരണം അവസാനിപ്പിക്കും വരെ ചെരുപ്പിടില്ലെന്നാണ് ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈയുടെ ശപഥം. ഡിഎംകെയെ ഭരണത്തിൽ നിന്ന് താഴെ ഇറക്കിയ ശേഷം മാത്രമേ താനിനി ചെരുപ്പിടുകയുള്ളൂവെന്ന് വാർത്താ സമ്മേളനത്തിലാണ് ബി ജെ പി തമിഴ്നാട് അധ്യക്ഷൻ പ്രഖ്യാപിച്ചത്. വാർത്താ സമ്മേളനത്തിനിടയിൽ തന്നെ അണ്ണാമലൈ, ചെരുപ്പ് ഊരിമാറ്റുകയും ചെയ്തു. ഇന്ന് മുതൽ നാൽപ്പത്തിയെട്ട് മണിക്കൂർ വൃതമെടുക്കുമെന്നും ബി ജെ പി സംസ്ഥാന അധ്യക്ഷൻ വ്യക്തമാക്കി. അണ്ണാ യൂണിവേഴ്സിറ്റിയിൽ വിദ്യാർഥിനി ബലാത്സംഗത്തിനിരയായതടക്കമുള്ള വിഷയങ്ങൾ ചൂണ്ടികാട്ടിയ അണ്ണാമലൈ, ഡി എം കെ സർക്കാരിനെതിരെ കടുത്ത വിമർശനവും ഉന്നയിച്ചു.