Kerala

13000 രൂപാ ശമ്പളമുള്ള യുവാവ് കാമുകിക്ക് നൽകിയത് 4 ബി.എച്ച്.കെ ഫ്ലാറ്റും ഡയമണ്ട് ഗ്ലാസും;1.20 കോടി രൂപ വിലയുള്ള ഒരു ബിഎംഡബ്ല്യൂ കാറും

13,000 രൂപ മാത്രം ശമ്പളമുള്ള യുവാവ് ജോലി ചെയ്യുന്ന സ്ഥാപനത്തിൽ നിന്ന് 21 കോടി രൂപ അപഹരിച്ചു. തന്റെ കാമുകിക്ക് സമ്മാനമായി ഇയാൾ നൽകിയത് 4 ബി.എച്ച്.കെ ഫ്ലാറ്റും ഡയമണ്ട് ഗ്ലാസും. ആഡംബര ജീവിതം നയിക്കാൻ 1.20 കോടി രൂപ വിലയുള്ള ഒരു ബിഎംഡബ്ല്യൂ കാറും 1.30 കോടി വിലയുള്ള മറ്റൊരു എസ്.യു.വിയും 32 ലക്ഷം രൂപയുടെ ബിഎംഡബ്ല്യൂ ബൈക്കും വാങ്ങി.

മഹാരാഷ്ട്രയിലാണ് സംഭവം. സർക്കാർ ഉടമസ്ഥതയിലുള്ള ഒരു സ്പോർട്സ് കോംപ്ലക്സിൽ കംപ്യൂട്ടർ ഓപ്പറേറ്ററായി താത്കാലിക അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന ഹർഷൽ കുമാർ എന്ന 23കാരനാണ് തട്ടിപ്പിന്റെ നായകൻ. ഇയാളെ കണ്ടെത്താൻ ഇതുവരെ സാധിച്ചിട്ടില്ല. തട്ടിപ്പിൽ പങ്കുണ്ടെന്ന് കരുതുന്ന സഹപ്രവർത്തക യശോദ ഷെട്ടിയെയും ഭർത്താവ് ബി.കെ ജീവനെയും പിടികൂടിയിട്ടുണ്ട്. മുഖ്യസൂത്രധാരനെ കണ്ടെത്താൻ പല വഴി അന്വേഷിക്കുകയാണ് പൊലീസുകാർ ഇപ്പോൾ.

ഇത്ര വലിയ തുക നിസ്സാരമായി ആരുമറിയാതെ അടിച്ചെടുക്കാൻ ഉപയോഗിച്ച തന്ത്രമാണ് ഏവരെയും അമ്പരപ്പിച്ചത്. സ്പോർട്സ് കോംപ്ലക്സിന്റെ പഴയ ഒരു ലെറ്റർ ഹെഡ് ഉപയോഗിച്ച് ആദ്യം ബാങ്കിന് ഒരു ഇ-മെയിൽ അയച്ചു. സ്ഥാപത്തിന്റെ ഇ-മെയിൽ വിലാസത്തിൽ മാറ്റമുണ്ടെന്ന് പറഞ്ഞ് ഇയാൾ കൊടുത്തത് താൻ സ്വന്തമായുണ്ടാക്കിയ ഇ-മെയിൽ ഐ.ഡി. യഥാർത്ഥ അഡ്രസിൽ നിന്ന് ഒരു അക്ഷരത്തിന്റെ വ്യത്യാസം മാത്രമാണ് ഇതിനുണ്ടായിരുന്നത്.

പുതിയ ഇ-മെയിൽ വിലാസം ബാങ്ക് അക്കൗണ്ടുകളുമായി ലിങ്ക് ചെയ്യപ്പെട്ടു കഴിഞ്ഞതോടെ ഒടിപികൾ ഇതിൽ ലഭിക്കാൻ തുടങ്ങി. ബാങ്ക് അക്കൗണ്ടുകളുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകളും പതിയെ ഇതുവഴി സാധ്യമാക്കി. തുടർന്ന് ഡിവിഷണൽ സ്പോർട്സ് കോംപ്ലക്സ് കമ്മിറ്റിയുടെ ബാങ്ക് അക്കൗണ്ടിന് ഇന്റർനെറ്റ് ബാങ്കിങ് ആക്ടിവേറ്റ് ചെയ്തു. ജൂലൈ മുതൽ ഡിസംബർ ഏഴ് വരെയുള്ള കാലയളവിലായിരുന്നു ഇതെല്ലാം.

പിന്നീട് സ്പോർട്സ് കോംപ്ലക്സിന്റെ അക്കൗണ്ടിൽ നിന്ന് 21.6 കോടി രൂപ മറ്റ് 13 ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റി. ഇത് ഉപയോഗിച്ചാണ് കാറുകളും ആഡംബര ബൈക്കും കാമുകിക്ക് സമ്മാനിക്കാൻ ഫ്ലാറ്റുകളുമൊക്കെ വാങ്ങിയത്. ഡയമണ്ട് പതിച്ച ഗ്ലാസുകൾ ഓർഡർ ചെയ്തിരുന്നു. കൂടുതൽ പേർക്ക് തട്ടിപ്പിൽ പങ്കുണ്ടെന്ന് സംശയമുണ്ട്. പണം കൈമാറ്റപ്പെട്ട ബാങ്ക് അക്കൗണ്ടുകളുടെ വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. ആഡംബര വാഹനങ്ങൾ ഇതിനോടകം പിടിച്ചെടുത്തു. സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയ സ്പോർട്സ് കോംപ്ലക്സ് അധികൃതർ പരാതി നൽകിയതോടെയാണ് വിവരങ്ങൾ പുറത്തുവന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top