Crime
ലഹരിക്കെതിരെ കുവൈറ്റ് ശക്തമായ നിലപാടിൽ :രാജകുടുംബാംഗം വീട്ടിൽ കഞ്ചാവ് വളർത്തിയപ്പോൾ ജീവ പര്യന്തം തടവ്
വീട്ടിൽ കഞ്ചാവ് വളർത്തിയ കേസിൽ കുവൈത്തിൽ രാജകുടുംബാഗത്തിനും ഒരു ഏഷ്യക്കാരനും ജീവപര്യന്തം തടവ്. രാജകുടുംബാംഗത്തിനും സഹായിയായ ഏഷ്യക്കാരനുമാണ് ക്രിമിനൽ കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചത്.
കൗൺസിലർ നായിഫ് അൽ – ദഹൂം അധ്യക്ഷനായ ഒന്നാം ഇൻസ്റ്റൻസ് (ക്രിമിനൽ ഡിവിഷൻ) കോടതിയാണ് രാജകുടുംബാംഗത്തിനും ഏഷ്യക്കാരനും ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്. വീട്ടുവളപ്പിൽ കഞ്ചാവ് വളർത്തിയതിനാണ് രാജകുടുംബാംഗത്തെ ഡയറക്ടറേറ്റ് ജനറൽ ഓഫ് ഡ്രഗ്സ് കൺട്രോൾ ഡിപ്പാർട്ട്മെൻറ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്. 3 ഏഷ്യക്കാരുടെ സഹായത്തോടെയായിരുന്നു കഞ്ചാവ് കൃഷി. അറസ്റ്റിനിടെ പ്രതികളുടെ കൈവശം ലഹരിമരുന്ന് കണ്ടെത്തി.
25 കിലോഗ്രാം ഭാരമുള്ള 270 കഞ്ചാവ് ചെടികൾ, 5,130 കിലോഗ്രാം വിൽപ്പനയ്ക്ക് തയ്യാറാക്കിയ കഞ്ചാവ് എന്നിവയും 4,150 ലഹരിഗുളികകളും പ്രതികളുടെ പക്കൽ നിന്ന് ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. മൂന്ന് ഏഷ്യൻ പ്രതികളിൽ ഒരാൾക്കും ജീവപര്യന്തം തടവ് വിധിച്ചിട്ടുണ്ട്. ലഹരിമരുന്ന് കേസുകളിൽ കുവൈത്ത് സ്വീകരിക്കുന്ന കർശനമായ ശിക്ഷാ നടപടികളെ എടുത്തുകാട്ടുന്ന വിധിയാണിത്. സമൂഹത്തിലെ ഉയർന്ന പദവികൾ പരിഗണിക്കാതെ മയക്കുമരുന്നിനെതിരെയുള്ള പോരാട്ടം ശക്തമാക്കാനുള്ള പ്രതിബദ്ധതയാണ് ഇതിലൂടെ വെളിവാകുന്നത്.