Kerala

ശബരിമലയിൽ ഇന്നെത്തുന്ന തങ്കഅങ്കി ഘോഷയാത്രയുടെ സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി തീർത്ഥാടകരെ പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് കടത്തിവിടുന്നതിന് നിയന്ത്രണമേർപ്പെടുത്തി

Posted on

ശബരിമല: ശബരിമലയിൽ ഇന്നെത്തുന്ന തങ്കഅങ്കി ഘോഷയാത്രയുടെ സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി തീർത്ഥാടകരെ പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് കടത്തിവിടുന്നതിന് നിയന്ത്രണമേർപ്പെടുത്തി. ഇന്ന് ഉച്ചയോടെ ഘോഷയാത്ര പമ്പയിലെത്തും. രാവിലെ 11ന് ശേഷം തീർത്ഥാടകരെ പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് കടത്തിവിടില്ല. ഉച്ചയ്ക്ക് 1.30ന് പമ്പയിലെത്തുന്ന ഘോഷയാത്ര, മൂന്നുമണിയോടെ സന്നിധാനത്തേക്ക് തിരിക്കും. വൈകിട്ട് അഞ്ചുമണിയോടെ ഘോഷയാത്ര ശരംകുത്തിയിൽ എത്തിയ ശേഷമേ തീർത്ഥാടകരെ കടത്തിവിടു.

ഉച്ചപൂജയ്ക്ക് നടഅടച്ചാൽ അഞ്ചുമണിക്കേ തുറക്കു. ആചാരനുഷ്ഠാനങ്ങളുടെ ഭാഗമായി ദീപാരാധനയ്ക്കുശേഷമേ ഭക്തർക്കു ദർശനം സാദ്ധ്യമാകു. വൈകിട്ട് 6.40നാണ് തങ്ക അങ്കി ചാർത്തിയുള്ള ദീപാരാധന. ദീപാരാധന കഴിഞ്ഞേ ഭക്തരെ പതിനെട്ടാംപടി കയറാൻ അനുവദിക്കു. തങ്കഅങ്കി വിഭൂഷിതനായ അയ്യപ്പനെ കണ്ടുതൊഴാൻ എല്ലാവർക്കും അവസരം ഉറപ്പാക്കുമെന്ന് സന്നിധാനം സ്‌പെഷ്യൽ ഓഫീസർ ബി. കൃഷ്ണകുമാർ പറഞ്ഞു. നാളെ ഉച്ചക്ക് 12നും 12.30നും മദ്ധ്യേ തന്ത്രി കണ്ഠരര് രാജീവരുടെ കാർമ്മികത്വത്തിലാണ് മണ്ഡലപൂജ. മണ്ഡലകാലത്തിന് സമാപനം കുറിച്ച് നാളെ രാത്രി 11ന് നടയടയ്ക്കും. മകരവിളക്ക് മഹോത്സവത്തിന് 30ന് വൈകിട്ട് 5ന് നടതുറക്കും. ജനുവരി 14നാണ് മകരവിളക്ക്.

ഇന്ന് 50000വും നാളെ 60000വും തീ‌ർത്ഥാടകർക്കാണ് വെർച്വൽക്യൂ വഴി പ്രവേശനം. ഈ രണ്ടു ദിവസങ്ങളിലും സ്പോട്ട് ബുക്കിംഗ് 5000 മായി പരിമിതപ്പെടുത്താൻ ഹൈക്കോടതി നിർദ്ദേശിച്ചു. ജനുവരി 13ന് 50000 പേരെയും 14ന് 40000 പേരെയും വെർച്വൽക്യൂ വഴി അനുവദിക്കും

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version