Kerala
ഷൈനിക്ക് കണ്ട്രോൾ റൂം പോലീസിന്റെ ഒരിക്കലും മറക്കാത്ത ക്രിസ്മസ് സമ്മാനം
പുതുപ്പള്ളി : 23/12/24 തീയതി ആശുപത്രിയിൽ പോയി തിരികെ കഞ്ഞിക്കുഴിയിലേക്ക് പോകുന്ന വഴിയാണ് വാകത്താനം പട്ടരുകണ്ടത്തിൽ നിധിൻ ജേക്കബിന്റെ ഭാര്യ ഷൈനിക്ക് ഇരുചക്ര വാഹനത്തിൽ നിന്നും പണവും മൊബൈൽഫോണും എടിഎം കാർഡും മറ്റ് വിലപ്പെട്ട രേഖകളും അടങ്ങിയ ബാഗ് നഷ്ടമായത്. ക്രിസ്മസിനും അവധിയിലേക്കുള്ള ചെലവുകൾക്കുള്ള പൈസയും പഴ്സിൽ ഉണ്ടായിരുന്നത് കൊണ്ട് ബാഗ് കിട്ടുന്നവർക്ക് തിരികെ തരുമോ എന്ന് ആശങ്ക ഉണ്ടായിരുന്നു. ബാഗ് അന്വേഷിച്ച് തിരികെ പുതുപ്പള്ളിയിലേക്ക് വരുന്ന വഴിയാണ് പുതുപ്പള്ളി ഭാഗത്ത് പട്രോളിങ്ങ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന മൂന്നാം നമ്പർ കൺട്രോൾ റൂം വാഹനത്തിലെ പോലീസ് ഉദ്യോഗസ്ഥരെ കാണുന്നതും ബാഗ് നഷ്ടപ്പെട്ട വിവരം അറിയിക്കുന്നതും.
ഡോൺ ബോസ്കോ സ്കൂൾ മുതൽ കൊട്ടാരത്തിൽ കടവ് വരെയുള്ള ഭാഗത്ത് പോലീസ് ഉദ്യോഗസ്ഥർ പട്രോളിങ് നടത്തുകയും അവിടെയുള്ള വ്യാപാര സ്ഥാപനങ്ങളിലും ടാക്സി ഡ്രൈവർമാരോടും നഷ്ടപ്പെട്ട ബാഗിനെപ്പറ്റി അറിയിക്കുകയും ബന്ധപ്പെടുന്നതിനായി ഫോൺ നമ്പർ നൽകുകയും ഉണ്ടായി. ഈ സമയം കൺട്രോൾ റൂം വാഹനത്തിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന മുൻ സൈബർ പോലീസ് സ്റ്റേഷൻ ഉദ്യോഗസ്ഥൻ സീനിയർ സിവിൽ പോലീസ് ഓഫീസർ മുഹമ്മദ് ഷെബിൻ നഷ്ടപ്പെട്ട ബാഗിൽ ഉണ്ടായിരുന്ന മൊബൈൽ ഫോണിൽ ലോഗിൻ ചെയ്തിട്ടുള്ള ജിമെയിൽ ഐഡിയും പാസ്സ്‌വേഡും വാങ്ങി മൊബൈൽ ഫോൺ ട്രാക്ക് ചെയ്യുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചു. കുറച്ചു നേരത്തെ ശ്രമഫലമായി ലൊക്കേഷൻ പൊങ്ങന്താനം കാണിച്ചപ്പോൾ തന്നെ പോലീസ് ഉദ്യോഗസ്ഥർക്ക് ആശ്വാസമായി. ഈ സമയം തന്നെ നഷ്ടപ്പെട്ടുപോയ ഫോണിലേക്ക് പോലീസുകാർ നിരന്തരമായി വിളിക്കുന്നുമുണ്ടായിരുന്നു.
മൊബൈൽ ലൊക്കേഷൻ കണ്ട സ്ഥലത്തേക്ക് പോകുന്നതിനായി വാഹനം എടുത്ത സമയത്ത് മറ്റൊരു നമ്പറിൽ നിന്നും പോലീസ് ഉദ്യോഗസ്ഥർക്ക് ഫോൺ വരികയും നഷ്ടപ്പെട്ടുപോയ ബാഗിനെപ്പറ്റി സംസാരിക്കുകയും ഉണ്ടായി. ഫോൺ ലഭിച്ച വാകത്താനം ആശാരിപ്പറമ്പിൽ ഗോപാലകൃഷ്ണൻ മകൻ യദുകൃഷ്ണനും സുഹൃത്ത് കൊടൂപറമ്പിൽ അരവിന്ദനും ആയിരുന്നു വഴിയിൽ കിടന്ന് ഷൈനിയുടെ ബാഗ് ലഭിച്ചത്. ബാഗിലുള്ള ലൈസൻസിൽ നിന്നും അഡ്രസ് മനസ്സിലാക്കി വീട്ടിൽ കൊണ്ട് ബാഗ് നൽകുന്നതിനായി ആണ് ഇവർ പൊങ്ങന്താനം ഭാഗത്തേക്ക് ബൈക്കിൽ പോയതും പോലീസുകാർക്ക് ഈ ലൊക്കേഷൻ ലഭിച്ചതും. വീട് കണ്ടെത്താൻ സാധിക്കാത്തതിനാൽ ബാഗ് പോലീസിനെ ഏൽപ്പിക്കാൻ വന്ന സമയമാണ് പോലീസിൽ നിന്നും കോൾ ലഭിക്കുന്നതും തിരികെ വിളിച്ച് ബാഗിൻ്റെ കാര്യം അറിയിക്കുന്നതും.
യദുവിന്റെയും സുഹൃത്തിൻ്റെയും സത്യസന്ധതയിലും കൺട്രോൾ റൂം പോലീസിന്റെ സത്വരമായ ഇടപെടലിലും ഒരിക്കലും തിരികെ ലഭിക്കില്ല എന്ന് കരുതിയ ബാഗും വിലപ്പെട്ട രേഖകളും പണവും ഷൈനിക്ക് തിരികെ ലഭിച്ചപ്പോൾ ഇതിനേക്കാൾ വലിയൊരു ക്രിസ്മസ് സമ്മാനം ലഭിക്കാനില്ല എന്നാണ് നെടുവീർപ്പോടെ ഷൈനി പറഞ്ഞത്. മൂന്നാം നമ്പർ കണ്ട്രോൾ റൂം വാഹനത്തിലെ ഉദ്യോഗസ്ഥരായ SI Rajesh Kumar, SCPO Muhammad Shebin, CPO DVR Rohith എന്നിവരുടെ സാന്നിധ്യത്തിൽ പുതുപ്പള്ളി പള്ളിയുടെ മുൻപിൽ വച്ച് തന്നെ നഷ്ടപ്പെട്ട ബാഗ് യദു കൃഷ്ണനും അരവിന്ദും ചേർന്ന് ഷൈനിക്ക് കൈമാറുകയുണ്ടായി. മറക്കാനാവാത്ത ക്രിസ്മസ് സമ്മാനം ലഭിച്ച ഷൈനി എല്ലാവരോടും നന്ദി പറയുമ്പോഴും ബാഗ് നഷ്ടപ്പെട്ട ഷോക്കിൽ നിന്നും ഇപ്പോഴും മാറിയിട്ടില്ല എന്ന വേവലാതി അറിയിക്കുകയും ഉണ്ടായി.