ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചതിന് പാലക്കാട്ടെ സർക്കാർ സ്കൂളിന് നേരെ വിശ്വഹിന്ദു പരിഷത്ത് പ്രവർത്തകർ ഭീഷണിയുയർത്തിയതിനെതിരെ പ്രതിഷേധം ശക്തം. വി എച്ച് പി ജില്ലാ സെക്രട്ടറി അടക്കമുള്ളവർ അറസ്റ്റിലായ സംഭവത്തിൽ യുവജന സംഘടനകളായ ഡി വൈ എഫ് ഐയും യൂത്ത് കോൺഗ്രസുമടക്കം ഇന്ന് ശക്തമായ പ്രതിഷേധം പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് സ്കൂളിന് മുന്നില് ക്രിസ്മസ് കരോൾ നടത്തുമെന്നാണ് ഡി വൈ എഫ് ഐയും യൂത്ത് കോൺഗ്രസും പ്രഖ്യാപിച്ചിട്ടുള്ളത്.
ഐക്യദാർഢ്യ കരോൾ നടത്താനാണ് യൂത്ത് കോൺഗ്രസ് ചിറ്റൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ തീരുമാനം. തിങ്കളാഴ്ച കാലത്ത് 10 മണിക്ക് ഐക്യദാർഢ്യ കരോൾ നടത്തുമെന്ന് മണ്ഡലം ഭാരവാഹികൾ അറിയിച്ചു. ഡി വൈ എഫ് ഐ കരോളും രാവിലെ നല്ലേപ്പുള്ളിയിൽ നടക്കും. വിശ്വഹിന്ദു പരിഷത്തിൻറെ നേതൃത്വത്തിൽ സ്കൂളിലെ ക്രിസ്മസ് ആഘോഷം തടഞ്ഞത് കേരളത്തിൻറെ മതേതര മനസിന് കളങ്കം വരുത്തിയ സംഭവമാണെന്ന് ഡി വൈ എഫ് ഐ പാലക്കാട് ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു.
സംഘ് പരിവാ൪ ഉത്തരേന്ത്യയിൽ നടപ്പാക്കുന്ന ധ്രുവീകരണ രാഷ്ട്രീയം കേരളത്തിലേക്ക് കൊണ്ടുവരാനുള്ള ശ്രമത്തിൻറെ ഭാഗമാണിത്. ഇതിനെതിരെ ശക്തമായ പ്രതിരോധം തീ൪ക്കാൻ മതേതര സമൂഹം തയാറാകും. സംഘ്പരിവാറിൻറെ ധ്രുവീകരണ രാഷ്ട്രീയത്തിന് മുന്നിൽ മുട്ടുമടക്കാൻ മനസ്സില്ലാത്ത നാടാണ് മതേതര കേരളം. അതിനെ തക൪ക്കാൻ ഏത് സംഘ് പരിവാ൪ സംഘടകൾ വിചാരിച്ചാലും സാധിക്കില്ല.