Kerala
ഇടുക്കി അരുവികുത്ത് വെള്ളച്ചാട്ടത്തിൽ രണ്ട് വിദ്യാർഥികൾ ഒഴുക്കിൽപ്പെട്ട് മുങ്ങിമരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്
ഇടുക്കി അരുവികുത്ത് വെള്ളച്ചാട്ടത്തിൽ രണ്ട് വിദ്യാർഥികൾ ഒഴുക്കിൽപ്പെട്ട് മുങ്ങിമരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മുട്ടം എഞ്ചിനീയറിങ് കോളേജ് വിദ്യാർഥികളായ ഡോണൽ ഷാജി, അക്‌സാ റെജി എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇരുവരും കുളിക്കാൻ ഇറങ്ങിയപ്പോൾ അപകടത്തിൽപ്പെടുകായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. ഒന്നാം വർഷ വിദ്യാർത്ഥിയായ അക്സാ കൊല്ലം പത്തനാപുരം സ്വദേശിയാണ്. ഡോണൽ മൂന്നാം വർഷ വിദ്യാർത്ഥിയാണ്. തൊടുപുഴയിൽ നിന്ന് അഗ്നിശമനസേന എത്തിയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
പോസ്റ്റ്മോർട്ടം നടപടികൾക്കായി ഇരുവരുടെയും മൃതദേഹം തൊടുപുഴ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ് മോർട്ടം റിപ്പോർട്ട് ലഭിച്ചെങ്കിൽ മാത്രമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂ. അരുവിക്കുത്ത് വെള്ളച്ചാട്ടത്തിൽ നിന്നു 3 കിലോ മീറ്റർ ദൂരത്താണ് കോളേജ് സ്ഥിതി ചെയ്യുന്നത്. ഇരുവരുടെയും ഫോൺ കരയിൽ കണ്ടെത്തിയതാണ് സംശയത്തിനിടയാക്കിയത്. ഏറെ നേരം ഫോൺ കരയിൽ ഉണ്ടായതോടെ അപകടത്തിൽപ്പെട്ടെന്ന് നാട്ടുകാർക്ക് സംശയമായി. തുടർന്ന് തൊടുപുഴയില്‍ നിന്നും അഗ്നിരക്ഷാസേനയെ വിളിച്ചുവരുത്തി തിരച്ചിൽ ആരംഭിച്ചു. തുടർന്ന് വൈകീട്ട് ആറരയോടെ ഡോണലിന്റെ മൃതദേഹം കണ്ടെത്തി. വൈകീട്ട് 7.50-ഓടെ അക്‌സയുടെ മൃതദേഹവും കണ്ടെടുത്തു.