പാലാ: പാലാ രൂപത പ്ലാറ്റിനം ജൂബിലി വർഷത്തിൽ നടക്കുന്ന 42-ാമത് ബൈബിൾകൺവെൻഷൻ ഡിസംബർ 19 വ്യാഴാഴ്ച ആരംഭിക്കും. ഈശോയുടെ തിരുപ്പിറവിയ്ക്ക് ഒരുക്കമായി നടത്തുന്ന ബൈബിൾ കൺവെൻഷൻ പാലാ രൂപതയുടെ ഏറ്റവും വലിയആത്മീയ ആഘോഷമാണ്. പാലാ സെന്റ് തോമസ് കോളേജ് ഗ്രൗണ്ടിൽ വൈകുന്നേരം3.30 മുതൽ 9.00 വരെ സായാഹ്ന കൺവൻഷനായിട്ടാണ് ക്രമീകരിച്ചിരിക്കുന്നത്. പാലാരൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് കൺവെൻഷൻ ഉദ്ഘാടനം ചെയ്യും.
അണക്കര മരിയൻ ധ്യാനകേന്ദ്രം ഡയറക്ടർ ഫാ. ഡൊമിനിക് വാളന്മനാലച്ചന്റെ നേതൃത്വത്തിലുള്ള ടീമാണ് കൺവെൻഷൻ നയിക്കുന്നത്. അഞ്ചു ദിവസത്തെ കൺവെൻഷൻ ഡിസംബർ 23 തിങ്കളാഴ്ച സമാപിക്കുംപാലാ രൂപത പ്ലാറ്റിനം ജൂബിലി വർഷത്തിൽ യുവജനവർഷ ആചരണത്തിന്റെ ഭാഗമായി
യുവജനസംഗമം – എൽ റോയി ബൈബിൾ കൺവെൻഷനോടനുബന്ധിച്ച് ഒരുക്കിയിരിക്കുന്നു. ഡിസംബർ 21 ശനി രാവിലെ 8.30 മുതൽ ഉച്ചകഴിഞ്ഞ് 2 വരെയാണു യുവജനസംഗമംകൺവെൻഷൻ ഗ്രൗണ്ടിൽ ക്രമീകരിച്ചിരിക്കുന്നത്. സിറോ മലബാർ സഭ മുൻ മേജർ ആർച്ച്ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി യുവജനസംഗമം ഉദ്ഘാടനം ചെയ്യും. രൂപതയിലെ മുഴുവൻ യുവജനസംഘടനകളുടെയും ഇടവകകളുടെയും പങ്കാളിത്തത്തോടെ
സംഘടിപ്പിക്കുന്ന ഈ മഹാസംഗമം ആത്മീയപ്രഭാഷണങ്ങളാലും ഭക്തിസാന്ദ്രമായ ആരാധനയാലും മ്യൂസിക് ബാന്റുകളാലും അനുഗ്രഹീതമായിരിക്കും.
യുവജനങ്ങളെ ആത്മീയമായി നവീകരിക്കുകയും ഐക്യത്തിലും സമുദായസ്നേഹത്തിലും ശക്തിപ്പെടുത്തുക എന്നതാണ് സംഗമത്തിന്റെ ലക്ഷ്യം.
ബൈബിൾ കൺവെൻഷന്റെ വിജയത്തിനായിട്ടുള്ള മദ്ധ്യസ്ഥപ്രാർത്ഥന നവംബർ ഒന്നുമുതൽ ഷാലോം പാസ്റ്ററൽ സെന്ററിൽ ആരംഭിച്ചു. കൺവെൻഷന്റെ മൊബിലൈസേഷന്റെഭാഗമായി പാലാ രൂപതയിലെ എല്ലാ ഇടവക ദൈവാലയങ്ങളിലും നവംബർ ഒന്നു മുതലുള്ള സന്ദർശനം പൂർത്തിയായി. കൺവെൻഷന്റെ ശുശ്രൂഷകർക്ക് ഒരുക്കമായിട്ടുള്ള ധ്യാനം ഡിസംബർ 8-ന് അരുണാപുരം സെന്റ് തോമസ് ദൈവാലയത്തിൽ നടന്നു. ഡിസംബർ ഒന്നു മുതൽ കൺവെൻഷൻ ഗ്രൗണ്ടിൽ ആരംഭിച്ചിരിക്കുന്ന ജെറീക്കോ പ്രാർത്ഥന പുരോഗമിക്കുന്നു.
വിശ്വാസസമൂഹത്തിന് ദൈവവചനം കേൾക്കാനും ദൈവാരാധനയിൽ പങ്കെടുക്കാനും വേണ്ട വിശാലമായ പന്തൽ പൂർത്തിയായിരിക്കുന്നു. വിവിധ മിനിസ്ട്രികളുടെ കമ്മിറ്റികൾ ബൈബിൾ കൺവെൻഷന്റെ സുഗമമായ നടത്തിപ്പിന് പ്രവർത്തനമാരംഭിച്ചു. കൺവെൻഷൻ ജനറൽ കോ-ഓർഡിനേറ്റർ മോൺ. സെബാസറ്റ്യൻ വേത്താനത്ത്, ജനറൽ കൺവീനർ രൂപത ഇവാഞ്ചലൈസേഷൻ ഡയറക്ടർ ഫാ.ജേക്കബ് വെള്ളമരുതുങ്കൽ,കൺവെൻഷൻ വോളന്റിയേഴ്സ് ക്യാപ്റ്റൻ ഫാ. ആൽബിൻ പുതുപ്പറമ്പിൽ എന്നിവർബൈബിൾ കൺവെൻഷന് നേതൃത്വം നൽകും.