Kerala

സീനിയർ വനിതാ ഏകദിനം: കേരളത്തെ തോല്പിച്ച് ഹൈദരാബാദ്

 

അഹമ്മദാബാദ്: സീനിയർ വനിതാ ഏകദിന ക്രിക്കറ്റ് ടൂർണ്ണമെൻ്റിൽ കേരളത്തിന് തോൽവി. ഹൈദരാബാദ് ഒൻപത് റൺസിനാണ് കേരളത്തെ തോല്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് 50 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 231 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന് 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 222 റൺസ് മാത്രമാണ് എടുക്കാനായത്.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദിന് ഓപ്പണർ രമ്യയുടെയും ക്യാപ്റ്റൻ വെല്ലൂർ മഹേഷ് കാവ്യയുടെയും ഇന്നിങ്സുകളാണ് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. രമ്യയും സന്ധ്യ ഗോറയും ചേർന്ന ഓപ്പണിങ് വിക്കറ്റിൽ 72 റൺസ് പിറന്നു. അടുപ്പിച്ച് രണ്ട് വിക്കറ്റുകൾ നഷ്ടമായെങ്കിലും മൂന്നാം വിക്കറ്റിൽ ഒത്തു ചേർന്ന രമ്യയും വെല്ലൂർ മഹേഷ് കാവ്യയും ചേർന്ന് 68 റൺസ് കൂട്ടിച്ചേർത്തു. 78 റൺസെടുത്ത രമ്യ പുറത്തായെങ്കിലും ഒരറ്റത്ത് ഉറച്ച് നിന്ന ക്യാപ്റ്റൻ വെല്ലൂർ മഹേഷ് കാവ്യയാണ് ഹൈദരാബാദ് സ്കോർ 231 വരെയെത്തിച്ചത്. വെല്ലൂർ മഹേഷ് കാവ്യ 70 പന്തുകളിൽ 68 റൺസുമായി പുറത്താകാതെ നിന്നു. പത്തോവറിൽ 32 റൺസ് മാത്രം വിട്ടു കൊടുത്ത് ആറ് വിക്കറ്റ് വീഴ്ത്തിയ ക്യാപ്റ്റൻ ഷാനിയാണ് കേരള ബൌളിങ് നിരയിൽ തിളങ്ങിയത്. കീർത്തിയും ദർശനയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന് ദൃശ്യയുടെ ഉജ്ജ്വല ഇന്നിങ്സ് അവസാന ഓവറുകൾ വരെ പ്രതീക്ഷ നല്കി. എന്നാൽ ദൃശ്യയുടെ ഒറ്റയാൾ പോരാട്ടത്തിനപ്പുറം മറ്റ് ബാറ്റർമാർക്ക് മികച്ച ഇന്നിങ്സുകൾ പുറത്തെടുക്കാൻ കഴിയാതെ വന്നതോടെ കേരളത്തിൻ്റെ മറുപടി 222 റൺസിൽ അവസാനിച്ചു. ദൃശ്യ 144 പന്തുകളിൽ നിന്ന് 103 റൺസ് നേടി. 12 ഫോറുകൾ അടങ്ങുന്നതായിരുന്നു ദൃശ്യയുടെ ഇന്നിങ്സ്. ദൃശ്യയ്ക്ക് പുറമെ 28 റൺസെടുത്ത അക്ഷയയ്ക്കും 19 റൺസെടുത്ത നജ്ലയ്ക്കും മാത്രമാണ് അല്പമെങ്കിലും പിടിച്ചു നില്ക്കാനായത്. ഹൈദരാബാദിന് വേണ്ടി യശശ്രീ മൂന്നും സാക്ഷി റാവു രണ്ടും വിക്കറ്റുകൾ വീഴ്ത്തി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top