India
കർണാടകത്തിന്റെ വികസന നായകനും മുൻ മുഖ്യമന്ത്രിയുമായിരുന്ന എസ് എം കൃഷ്ണ അന്തരിച്ചു
ബെഗളൂരു: മുൻ കർണാടക മുഖ്യമന്ത്രിയും വിദേശകാര്യ മന്ത്രിയും മഹാരാഷ്ട്ര ഗവർണറുമായിരുന്ന എസ്.എം കൃഷ്ണ (92) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചൊവ്വാഴ്ച പുലർച്ചെ മൂന്നുമണിയോടെയായിരുന്നു അന്ത്യം. കർണാടകയിൽ നിന്നുള്ള മുതിർന്ന മുൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതാവായിരുന്നു സോമനഹള്ളി മല്ലയ്യ കൃഷ്ണ എന്ന എസ്.എം.കൃഷ്ണ.
1962-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ മദ്ദൂരിൽ നിന്ന് സ്വതന്ത്രനായി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് കൃഷ്ണയുടെ രാഷ്ട്രീയ ജീവിതത്തിൻ്റെ തുടക്കം. 1967-ൽ പ്രജ സോഷ്യലിസ്റ്റ് പാർട്ടി ടിക്കറ്റിൽ മദ്ദൂരിൽ നിന്ന് വീണ്ടും മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 1968-ൽ മാണ്ഡ്യയിൽ നടന്ന ലോക്സഭ ഉപ-തിരഞ്ഞെടുപ്പിൽ പി.എസ്.പി ടിക്കറ്റിൽ ആദ്യമായി ലോക്സഭാംഗയിലെത്തി.
1971-ൽ പി.എസ്.പി വിട്ട് കോൺഗ്രസിൽ ചേർന്ന ചേർന്ന കൃഷ്ണ അതേവർഷം നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ മാണ്ഡ്യയിൽ നിന്ന് വീണ്ടും ലോക്സഭാംഗമായി. 1972-ൽ കർണാടക നിയമസഭ കൗൺസിൽ അംഗമായതിനെ തുടർന്ന് ലോക്സഭാംഗത്വം രാജിവച്ചു. 1972 മുതൽ 1977 വരെ സംസ്ഥാന കാബിനറ്റ് വകുപ്പ് മന്ത്രിയായിരുന്നു. 1980-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ മാണ്ഡ്യയിൽ നിന്ന് വീണ്ടും ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
1980 മുതൽ 1984 വരെ കേന്ദ്ര കാബിനറ്റ് വകുപ്പ് മന്ത്രിയായിരുന്ന കൃഷ്ണ 1984-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ മാണ്ഡ്യയിൽ നിന്ന് മത്സരിച്ചെങ്കിലും വിജയിക്കാനായില്ല. 1989-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മദ്ദൂരിൽ നിന്ന് നിയമസഭയിലെത്തിയ കൃഷ്ണ 1993 വരെ നിയമസഭാ സ്പീക്കറും 1993-1994 കാലഘട്ടത്തിൽ കർണാടക ഉപ-മുഖ്യമന്ത്രിയായും പ്രവർത്തിച്ചു. 1994-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മദ്ദൂരിൽ നിന്ന് വീണ്ടും മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 1996 മുതൽ 1999 വരെ രാജ്യസഭാംഗമായി പ്രവർത്തിച്ചു. 1999 മുതൽ 2000 വരെ കർണാടക പി.സി.സി പ്രസിഡൻന്റുമായിരുന്നു അദ്ദേഹം.
1999-ലാണ് കൃഷ്ണ കർണാടക മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെടുന്നത്. 1999-ൽ രാജ്യസഭാംഗത്വം രാജിവച്ച് മദ്ദൂർ മണ്ഡലത്തിൽ നിന്ന് നിയമസഭാംഗമായി. 2004-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ചാമരാജ്പേട്ട മണ്ഡലത്തിൽ നിന്ന് എം.എൽ.എ ആയെങ്കിലും 2004-ൽ മഹാരാഷ്ട്ര ഗവർണറായി നിയമിക്കപ്പെട്ടതോടെ നിയമസഭാംഗത്വം രാജിവച്ചു. 2008-ൽ ഗവർണർ സ്ഥാനം രാജിവച്ച് സജീവ രാഷ്ട്രീയത്തിലേക്ക് മടങ്ങിയെത്തിയ കൃഷ്ണ 2008 മുതൽ 2014 വരെ രാജ്യസഭാംഗമായും 2009 മുതൽ 2012 വരെ ഇന്ത്യയുടെ വിദേശകാര്യ വകുപ്പ് മന്ത്രിയായും പ്രവർത്തിച്ചു.
2017 ജനുവരി 30ന് കോൺഗ്രസ് പ്രവർത്തക സമിതിയിൽ നിന്ന് രാജിവച്ചു കോൺഗ്രസ് വിട്ടു. 2017 മുതൽ ബി.ജെ.പി അനുഭാവിയായി തുടർന്ന കൃഷ്ണ 2017 മാർച്ച് 22ന് ബി.ജെ.പിയിൽ ചേർന്നു.