ആലപ്പുഴ: ആലപ്പുഴയിൽ നിലവാരമില്ലാത്ത ഉപ്പ് നിര്മിച്ചതിനും വിറ്റതിനും മൂന്ന് സ്ഥാപനങ്ങൾക്ക് പിഴയിട്ട് കോടതി. ആലപ്പുഴ ആർഡിഒ കോടതിയാണ് മൂന്ന് സ്ഥാപനങ്ങൾക്കായി 1,85,000 രൂപ പിഴ ചുമത്താൻ ഉത്തരവിട്ടത്.
അമ്പലപ്പുഴ സർക്കിളിൽ നിന്നും സ്പ്രിങ്കിൾ ബ്രാൻഡ് ഉപ്പ് സാമ്പിൾ ശേഖരിച്ചതിലാണ് നിലവാരമില്ലാത്ത ഉപ്പ് കണ്ടെത്തിയത്. ഭക്ഷ്യസുരക്ഷാ നിലവാര നിയമം അനുസരിച്ച് നിർദ്ദിഷ്ട നിലവാരമില്ലാതിരുന്നതിനാൽ ഉപ്പ് നിർമ്മാതാക്കൾക്കും പിഴ ശിക്ഷ വിധിച്ചിട്ടുണ്ടെന്നാണ് ജില്ലാ ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മിഷണർ വൈ ജെ സുബിമോൾ വിശദമാക്കുന്നത്.
തൂത്തുകുടി സഹായമാതാ സാൾട്ടേൺ എന്ന സ്ഥാപനത്തിന് 1,50, 000 രൂപ പിഴയും ഈ സ്ഥാപനത്തിൽ നിന്ന് ഉപ്പ് വിതരണം നടത്തിയ സ്ഥാപനമായ ചേർത്തലയിലെ ലക്ഷ്മി സ്റ്റോഴ്സിന് 25,000 രൂപ പിഴയും നിലവാരമില്ലാത്ത ഉപ്പ് വിറ്റ സ്ഥാപനമായ അമ്പലപ്പുഴ ഫ്രണ്ട്സ് ട്രേഡിംഗ് കമ്പനിക്ക് 10,000 രൂപ പിഴയും ചുമത്തിയാണ് ആലപ്പുഴ ആർ ഡി ഒ കോടതി ഉത്തരവിട്ടത്. അമ്പലപ്പുഴ ഭക്ഷ്യസുരക്ഷാ ഓഫീസർ എം മീരാദേവി എടുത്ത സാമ്പിളിലാണ് വിധിയുണ്ടായത്.