കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബോൾ ടീം മാനേജ്മെന്റിന്റെ നിലപാടിനെതിരെയും ടീമിന്റെ ദയനീയ പ്രകടനത്തിൽ പൊട്ടിത്തെറിച്ചും ആരാധക കൂട്ടായ്മയായ മഞ്ഞപ്പട. ടീമുമായി സഹകരിക്കില്ലെന്നു ആരാധക കൂട്ടായ്മ. മത്സരത്തിന്റെ ടിക്കറ്റുകൾ വാങ്ങില്ലെന്നും വിൽക്കില്ലെന്നും കൂട്ടായ്മയ്ക്ക് നേതൃത്വം നൽകുന്നവർ വ്യക്തമാക്കി. സ്റ്റേഡിയത്തിനകത്തും പുറത്തും പ്രതിഷേധിക്കാനും മഞ്ഞപ്പട തീരുമാനിച്ചിട്ടുണ്ട്.
ആദ്യ ഘട്ടമെന്ന നിലയിൽ ഇക്കാര്യങ്ങൾ വ്യക്തമാക്കി മഞ്ഞപ്പട മാനേജ്മെന്റിനു കത്തയച്ചിട്ടുണ്ട്. ആരാധകർ കേവലം ഉപഭോക്താക്കളല്ല. ക്ലബിനോടുള്ള സ്നേഹം കച്ചവടമാക്കാമെന്നു കരുതേണ്ടെന്നും മാനേജ്മെന്റിന് അയച്ച കത്തിലുണ്ട്.
താരങ്ങളെ സൈൻ ചെയ്യുന്നതിലടക്കമുള്ള വിയോജിപ്പുകളാണ് ആരാധകർ ക്ലബിനെതിരെ തിരിയാൻ കാരണമായത്. പുതിയ താരങ്ങളെ ടീമിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട് മഞ്ഞപ്പട മാനേജ്മെന്റിനു മുന്നിൽ നിർദ്ദേശങ്ങൾ വച്ചിരുന്നു. അതൊന്നും പാലിക്കപ്പെട്ടിട്ടില്ല. മാത്രമല്ല നിലവിലെ സീസണിൽ ടീമിന്റെ പ്രകടനം പരിതാപകരമാണ്. നിരന്തരം തോൽവികൾ ടീം നേരിടുന്നു.
കഴിഞ്ഞ ദിവസം ബംഗളൂരു എഫ്സിയോടു പരാജയപ്പെട്ടതിനു പിന്നാലെ വലിയ പ്രതിഷേധമാണ് ടീമിനെതിരെ ആരാധകർ ഉയർത്തിയത്. പുതിയതായി എത്തിച്ച പരിശീലകൻ മികേൽ സ്റ്റാറെയുടെ തന്ത്രങ്ങൾക്കെതിരെയായിരുന്നു പ്രതിഷേധം. വുകുമനോവിചിനെ തിരികെ എത്തിക്കണമെന്ന മുറവിളിയും ആരാധകർ ഉയർത്തിയിരുന്നു.