Kerala
ഭാഗ്യക്കുറി ഏജന്റുമാർക്കും വിൽപനക്കാർക്കും സൗജന്യ യൂണിഫോം വിതരണം ചെയ്തു:ജില്ലാതല ഉദ്ഘാടനം തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു
കോട്ടയം: സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോർഡിന്റെ ആഭിമുഖ്യത്തിൽ ക്ഷേമനിധി അംഗങ്ങൾക്കും പെൻഷൻകാർക്കുമുള്ള സൗജന്യ യൂണിഫോം വിതരണത്തിന്റെ ജില്ലാതല ഉദ്്ഘാടനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. നിർവഹിച്ചു. കേരള ഭാഗ്യക്കുറി സംസ്ഥാനത്തിന്റെ അഭിമാനമാണെന്നും പാവപ്പെട്ടവരുടെ ജീവിതത്തെ സഹായിക്കുന്ന ഏറ്റവും വിപുലമായ സംവിധാനമാണെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. തിരുനക്കര ചിൽഡ്രൻസ് ലൈബ്രറി രാഗം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോർഡ് ചെയർമാൻ ടി ബി സുബൈർ അധ്യക്ഷനായി.
സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോർഡ് അംഗം ഫിലിപ്പ് ജോസഫ്, സംഘടനാഭാരവാഹികളായ ടി.എസ്.എൻ. ഇളയത്, ചന്ദ്രിക ഉണ്ണികൃഷ്ണൻ, സിജോ പ്ലാന്തോട്ടം, സന്തോഷ് കല്ലറ, കെ.ജി. ഹരിദാസ്, പി.കെ. ആനന്ദക്കുട്ടൻ, എസ്. മുകേഷ് തേവർ, കെ.എം. സുരേഷ് കുമാർ, ജില്ലാ ഭാഗ്യക്കുറി ഓഫീസർ സി.എസ്. രജനി, ജില്ലാ ഭാഗ്യക്കുറി ക്ഷേമ ഓഫീസർ എ.എസ്. പ്രിയ, അസിസ്റ്റന്റ് ജില്ലാ ഭാഗ്യക്കുറി ഓഫീസർ സി.എൻ. മധുസൂദന കൈമൾ എന്നിവർ പ്രസംഗിച്ചു.
കോട്ടയം ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസിൽ രണ്ടായിരത്തിൽ അധികം സജീവ അംഗങ്ങളും 584 പെൻഷൻകാരുമുണ്ട്. ക്ഷേമനിധിയിൽ അംഗത്വമില്ലാതെ ലോട്ടറി വിൽപന നടത്തുന്ന 59 വയസ്സിൽ താഴെയുളള ലോട്ടറി വിൽപനക്കാരെ ക്ഷേമനിധി അംഗങ്ങളാക്കുന്നതിനുളള തീവ്രയജ്ഞ പരിപാടി ജില്ലാ ഓഫീസുകൾ കേന്ദ്രീകരിച്ചു നടക്കുന്നുണ്ട്. ക്ഷേമനിധി ബോർഡിൽനിന്നു വിവാഹ ധനസഹായം, പ്രസവാനുകൂല്യം, മരണാനന്തര ധനസഹായം, വിദ്യാഭ്യാസ സ്കോളർഷിപ്പ്, പ്രത്യേക ചികിത്സ സഹായം, ഓണം ബോണസ്, പെൻഷൻ, കുടുംബ പെൻഷൻ, അംഗപരിമിതർക്ക് മുച്ചക്രവാഹനം, ബീച്ച് അംബ്രല്ല തുടങ്ങിയ ആനുകൂല്യങ്ങൾ നൽകുന്നുണ്ട്.