Kottayam

കക്കൂസ് മാലിന്യങ്ങൾ ശേഖരിക്കുന്നവർ ഇതെവിടെ തള്ളുന്നുവെന്ന് അധികാരികൾ ചിന്തിച്ചിട്ടുണ്ടോ ;ശുചിമുറി മാലിന്യങ്ങൾ ശേഖരിക്കാനും നീക്കം ചെയ്യാനും സംസ്ക്കരിക്കാനുമായി സർക്കാർ തലത്തിൽ ശാസ്ത്രീയ സംവിധാനം ഏർപ്പെടുത്തണമെന്ന് സിജി ടോണി

Posted on

പാലാ : ശുചിമുറി മാലിന്യങ്ങൾ ശേഖരിക്കാനും നീക്കം ചെയ്യാനും സംസ്ക്കരിക്കാനുമായി സർക്കാർ തലത്തിൽ ശാസ്ത്രീയ സംവിധാനം ഏർപ്പെടുത്തണമെന്ന് പാലാ നഗരസഭ പ്രതിപക്ഷ കൗൺസിലർ സിജി ടോണി ആവശ്യപ്പെട്ടു.

നിലവിൽ സ്വകാര്യ വ്യക്തികൾ ടാങ്കർ ലോറികളിലെത്തി അവർക്ക് തോന്നുന്ന നിലയിലുള്ള തുക ഈടാക്കി മാലിന്യങ്ങൾ ശേഖരിച്ച് ആളൊഴിഞ്ഞ പ്രദേശങ്ങളിൽ ഉപേക്ഷിക്കുകയാണ് ചെയ്ത് വരുന്നത്. ഇത് സാംക്രമിക രോഗങ്ങൾ പടർന്ന് പിടിക്കുന്നതിനും ആറുകളും തോടുകളും കുടിവെള്ള സ്ത്രോതസുകളും ഉൾപ്പെടെ മലിനമാവുന്നതിനും കാരണമാവുന്നു. കൊച്ചിടപ്പാടി ഉൾപ്പെടെ പാലാ നഗരസഭാ പ്രദേശത്തെ നിരവധി സ്ഥലങ്ങളിൽ രാത്രിയുടെ മറവിൽ ശുചി മുറി മാലിന്യം തള്ളുന്നത് പതിവായിരിക്കുകയാണ്. പത്രങ്ങളിൽ വലിയ പരസ്യം നൽകി വാഹനങ്ങളിൽ ശേഖരിക്കുന്ന മാലിന്യങ്ങൾ ഇക്കൂട്ടർ എങ്ങോട്ടാണ് കൊണ്ടുപോകുന്നത് എന്ന് അന്വേഷിക്കാൻ പോലും ഇവിടെ സംവിധാനമില്ല.

ഇത്തരത്തിൽ പെട്ടവരെ പിടികൂടിയാലും ചെറിയ പിഴ മാത്രമാണ് പലപ്പോഴും അധികാരികൾ നൽകുന്നത്. ഗുണ്ടാ മാഫിയാ സംഘങ്ങളിൽ പെട്ട ഇത്തരക്കാരുമായി നാട്ടുകാർ പലപ്പോഴും വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടാക്കേണ്ട സാഹചര്യം ഒഴിവാക്കപ്പെടേണ്ടതാണ്.

സർക്കാർ തലത്തിൽ ശുചിത്വമിഷൻ മുൻകൈ എടുത്ത് ശുചിമുറി മാലിന്യങ്ങൾ ശേഖരിക്കാനുള്ള സംവിധാനം ഒരുക്കണം. ഇത്തരം മാലിന്യ ശേഖരണത്തിന് സർക്കാർ നിശ്ചയിക്കുന്ന മാന്യമായ ഫീസ് നൽകാൻ ജനങ്ങൾ തയ്യാറാണ്. ഇതിനായി സർക്കാർ നേരിട്ടോ സർക്കാർ അംഗീകൃത ഏജൻസികൾ മുഖേനയോ വാഹനം ഉൾപ്പെടെയുള്ള ക്രമീകരണങ്ങൾ ചെയ്യാവുന്നതാണ്.ഇപ്രകാരം ശേഖരിക്കുന്ന മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്ക്കരിക്കാനുള്ള പ്ലാന്റ് നിർമ്മിക്കാൻ തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതം ഉപയോഗപ്പെടുത്തണം. ജില്ലാ അടിസ്ഥാനത്തിൽ സ്ഥലം കണ്ടെത്തി പ്ലാന്റ് സ്ഥാപിക്കുന്നതാണ് ഉചിതം.

നിലവിൽ തങ്ങളുടെ ശുചി മുറി മാലിന്യം എവിടെ കൊടുക്കണമെന്നറിയാതെ പൊതു ജനം വിഷമിക്കുകയാണ്. പ്രതിസന്ധി മുതലെടുത്ത് മാലിന്യം ശേഖരിക്കാൻ വലിയ മാഫിയ സംവിധാനമാണ് സംസ്ഥാനമൊട്ടാകെ പ്രവർത്തിക്കുന്നത്. സർക്കാർ തലത്തിൽ മോണിട്ടറിംഗ് ചെയ്യുന്ന ഇത്തരം സംവിധാനം നിലവിൽ വന്നാൽ അത് പൊതുജനങ്ങൾക്കും വ്യാപാര സമൂഹത്തിനും പ്രത്യേകിച്ച് ഹോട്ടൽ മേഖലയ്ക്കും വലിയ ആശ്വാസമാണ്.

വിഷയത്തിൽ ഇടപെട്ട് പരിഹാരം കാണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, ആരോഗ്യ വകുപ്പ് മന്ത്രി എന്നിവർക്ക് നിവേദനം നൽകണമെന്നാവശ്യപ്പെട്ട് നഗരസഭാ കൗൺസിലിൽ പ്രമേയം അവതരിപ്പിക്കുമെന്നും വിഷയം നിയമസഭയിൽ അവതരിപ്പിക്കണമെന്നാവശ്യപ്പെട്ട് മാണി സി കാപ്പൻ എം എൽ എ ക്ക് നിവേദനം നൽകുമെന്നും പാലാ നഗരസഭാ പ്രതിപക്ഷ കൗൺസിലർ സിജി ടോണി വാർത്താക്കുറിപ്പിൽ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version