Crime
മോഷണ സ്വർണ്ണം വിറ്റ് പണമാക്കി നൽകിയ മോഷ്ട്ടാവിന്റെ സഹായിയായ മധ്യ വയസ്‌ക്കൻ പോലീസ് പിടിയിൽ
കോട്ടയം : മോഷണ കേസുമായി ബന്ധപ്പെട്ട് മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ തളിപ്പറമ്പ് നെടുവോട് ഭാഗത്ത് പൂമങ്ങലോരത്ത് വീട്ടിൽ ( പരിയാരം ഭാഗത്ത് ഇപ്പോൾ വാടകയ്ക്ക് താമസം ) മൊയ്തീൻ പി.എം (55) എന്നയാളെയാണ് കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്.
കോട്ടയം കഞ്ഞിക്കുഴി ഭാഗത്തെ രണ്ടു വീടുകളിൽ നിന്ന് മെയ് മാസം 16 പവൻ സ്വർണാഭരണങ്ങളും, 29,500 രൂപയും മോഷ്ടിച്ച കേസിൽ കാഞ്ഞിരപ്പള്ളി സ്വദേശിയായ ഷാജഹാൻ പി.എം എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ വിശദമായി ചോദ്യം ചെയ്തതിൽ നിന്നും മോഷണ മുതൽ ഇയാൾ മൊയ്തീന് കൈമാറുകയും മൊയ്തീൻ സ്വർണാഭരണങ്ങൾ വിറ്റ് ഷാജഹാന്റെ പങ്ക് പണമായി നൽകിയിരുന്നതായും പോലീസ് കണ്ടെത്തി.
ഷാജഹാനെ പോലീസ് അറസ്റ്റ് ചെയ്തതറിഞ്ഞ് മൊയ്തീൻ ഒളിവിൽ പോവുകയും ചെയ്തു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് മൊയ്തീൻ പോലീസിന്റെ പിടിയിലാവുന്നത്. ഈസ്റ്റ് സ്റ്റേഷൻ എസ്.എച്ച്.ഓ യൂ.ശ്രീജിത്ത്, എസ്.ഐ ഷമീർഖാൻ, സി.പി.ഓ മാരായ ഷാൻ, വിവേക് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.