Kerala
കുട്ടമ്പുഴ വനത്തില്‍ ഇന്നലെ കാണാതായ സ്ത്രീകൾ സുരക്ഷിതമായി തിരിച്ചെത്തി;രാത്രി കഴിഞ്ഞത് പാറപ്പുറത്ത്
കുട്ടമ്പുഴ വനത്തില്‍ ഇന്നലെ കാണാതായ സ്ത്രീകൾ സുരക്ഷിതമായി തിരിച്ചെത്തി . മൂന്ന് പേരും വനപാലകരുടെ സഹായത്തോടെയാണ് തിരികെയെത്തിയത്. കാടിനുള്ളിൽ ആറ് കിലോ മീറ്റര്‍ ദൂരത്ത് അറക്കമുത്തി ഭാഗത്ത് നിന്നാണ് ഇവരെ കണ്ടെത്തിയത്.
മൂന്ന് സത്രീകളിൽ രണ്ട് പേർക്ക് കാടിനെ പറ്റി വലിയ പരിചയമുണ്ടായിരുന്നില്ല. കൂട്ടത്തിലുണ്ടായിരുന്ന പാറുകുട്ടിയ്ക്ക് മാത്രമായിരുന്നു വനത്തിൽ പോയി പരിചയമുണ്ടായിരുന്നത്. ആദ്യമായാണ് തങ്ങൾക്ക് ഇങ്ങനെ ഒരു അനുഭവം ഉണ്ടാകുന്നതെന്നാണ് മൂവരും പ്രതികരിച്ചത്. രക്ഷപ്പെടുത്താൻ സഹായിച്ച എല്ലാവർക്കും ഇവർ നന്ദി അറിയിച്ചു.
‘രാത്രി മുഴുവൻ പാറപുറത്താണ് കഴിച്ചുകൂട്ടിയത്. ഉറങ്ങാൻ സാധിച്ചില്ല. ഇരുന്നും കിടന്നുമാണ് ഞങ്ങൾ നേരം വെളുപ്പിച്ചത്. ദൈവമാണ് ആ പാറയുടെ അടുത്ത് കൊണ്ടെത്തിച്ചത്. പോകുന്ന വഴിയിൽ കാട്ടാനയെ കണ്ടു ഭയന്നിരുന്നു. ആനയ്ക്ക് ഞങ്ങളുടെ മണം കിട്ടിയിരുന്നു. ആന ഞങ്ങളുടെ അടുത്തേക്ക് ഓടി വന്നപ്പോൾ ഞങ്ങൾ ഓടി മരത്തിന് പിന്നിൽ ഒളിച്ചു. കൂടെയുള്ളവരോട് കൈകൊണ്ട് ശബ്ദം ഉണ്ടാകരുതെന്ന് ആംഗ്യം കാണിച്ചു. ആന പോയതിന് പിന്നാലെ പാറ പുറത്ത് കയറി. രാത്രി മുഴുവൻ അവിടെയായിരുന്നു’, കാട്ടിൽ അകപ്പെട്ട അനുഭവം പാറുക്കുട്ടി പങ്കുവെച്ചു.
രാത്രിയിൽ രക്ഷാപ്രവർത്തനത്തിന് എത്തിയ വനപാലകർ പൊട്ടിച്ച ഗുണ്ടിൻ്റെ ശബ്ദമെല്ലാം കേട്ടിരുന്നുവെന്നും എന്നാൽ വേട്ടയ്ക്ക് ഇറങ്ങിയവരാണെന്ന് കരുതി ഭയന്ന് മിണ്ടാതെ ഇരിക്കുകയായിരുന്നുവെന്നും ഇവർ പ്രതികരിച്ചു.