പാലാ :പണ്ടൊക്കെ സഹകരണ ബാങ്ക് ഡയറക്റ്റർ ബോർഡ് യോഗം ചേരുമ്പോൾ ഏത്തയ്ക്കാ ബോളിയും ;ചായയുമായിരുന്നു കൊടുക്കുന്നത്. അതൊക്കെ ആസ്വദിച്ചു കഴിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു .പക്ഷെ കാലം മാറിയപ്പോൾ ചായയും ബോളിയും ഒക്കെ ഔട്ട് ഓഫ് ഫാഷനായി;ബോബനും മോളിയും ഭാഷയിൽ പറഞ്ഞാൽ അമറൻ ഇടിയാണ് ഇപ്പോൾ കിട്ടി കൊണ്ടിരിക്കുന്നത്.ഇന്നലെ പാലായിലൊരു സൊസൈറ്റിയുടെ ഡയറക്റ്റർ മാരുടെ യോഗം നടന്നപ്പോൾ കൊഴുവനാനുള്ള ഒരു ബോർഡ് മെമ്പർക്ക് ലഭിച്ചത് അമറൻ ഇടിയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ അയ്യോ എന്ന് വിളിച്ച കൊഴുവനാലുള്ള തറ മാന്തുന്ന ഡയറക്ടർ ക്കു പിന്നെയും കിട്ടി വണ്ട് മൂളുന്ന ഒരടി.ആദ്യം അയ്യോ എന്ന് വിളിച്ച കൊഴുവനാലുള്ള തറ മാന്തുന്ന അദ്ദേഹം അയ്യേ എന്ന് വിളിച്ചു.അയ്യോ എന്ന് വിളിക്കാൻ പോലും പറ്റാതെ അയ്യേ ആയി പോയെന്നാണ് ജന സംസാരം.എന്നാൽ അദ്ദേഹത്തിനിട്ട് അടി കിട്ടിയപ്പോൾ കോൺഗ്രസിലെ ഐ ..എ ഗ്രൂപ്പിന്റെ കാര്യം ഓർത്താണ് അയ്യേ എന്ന് വിളിച്ചതെന്നും അതല്ല ഇനിയും അടിച്ചാൽ അദ്ദേഹം കോൺഗ്രസിലേക്ക് പോകും എന്ന സൂചന തത്സമയം നല്കിയതാണെന്നും സൂചനകളുണ്ട് .പാലാ കുഞ്ഞാണ്ട കോൺഗ്രസിലുള്ള ഡയറക്റ്റർ ബോർഡ് മെമ്പർമാർ തമ്മിലാണ് അടികലശൽ ഉണ്ടായത്.
ഇന്നലെ കൂടിയ പാലാ റബ്ബർ മാർക്കറ്റിങ് സഹകരണ സംഘം ഡയറക്ടർ ബോർഡ് യോഗത്തിലാണ് ശക്തമായ വാക്കേറ്റത്തിനൊടുവിൽ സിംഗിളും;ഡബിളും കൊടുക്കുന്നതിൽ കലാശിച്ചത്.രാമപുരത്തെ കേരളാ കോൺഗ്രസ് (എം)നേതാവ് സണ്ണി പൊരുന്നക്കോട്ടാണ് മാർക്കറ്റിങ് സംഘത്തിന്റെ പ്രസിഡണ്ട്.അദ്ദേഹത്തെ പുകയ്‌ക്കാൻ കൊഴുവനാലുള്ള തറ മാന്തുന്ന മെമ്പറും;ഒരു ജില്ലാ പഞ്ചായത്ത് മെമ്പറും കൂടി ശ്രമം തുടങ്ങിയിട്ടുള്ളതായി മാസങ്ങൾക്ക്ക് മുമ്പ് തന്നെ ആരോപണം ഉയർന്നിരുന്നു .എന്നാൽ അങ്ങനെയൊന്ന് ഉണ്ടായിട്ടില്ലെന്നും ചില ഡയറക്ടർ ബോർഡ് മെമ്പർമാർ പറയുന്നു .
എന്നാൽ അത് നന്ദികേടാണെന്ന് അഭ്യുദയ കാംക്ഷികൾ നേതൃത്വത്തെ അറിയിച്ചിരുന്നു .കാരണം സണ്ണി പൊരുന്നക്കോടിന്റെ പാർട്ടി കൂറ് സുവിധമാണ് .ഏതു ഉറക്കത്തിലും ആരുടെ കൂടെയെന്ന് ചോദിച്ചാൽ മാണിസാറിന്റെ കൂടെയാ എന്ന് പറഞ്ഞിട്ട് തിരിഞ്ഞു കിടന്നുറങ്ങുന്നയാളാണ് സണ്ണി പൊരുന്നക്കോട്ട് എന്നാണ് രാമപുരം ഭാഗങ്ങളിലൊക്കെയുള്ള കഥകൾ .കൂടാതെ അദ്ദേഹം പാർട്ടി രക്തസാക്ഷിയുടെ മകനും കൂടിയാണ്.അദ്ദേഹത്തിന്റെ രക്തസാക്ഷിത്വ ദിനം പോലും ആചരിക്കാനാകാതെ കേരളാ കോൺഗ്രസ് (എം) യു ഡി എഫിൽ നിന്ന ഒരു കാലമുണ്ടായിരുന്നു.കോൺഗ്രസിനെ പിണക്കാതിരിക്കുവാൻ ആണ് അങ്ങനെ ചെയ്തത് . അതിനും പാർട്ടി കൂറുള്ള സണ്ണി പൊരുന്നക്കോട്ട് എതിര് പറഞ്ഞിരുന്നില്ല .
സണ്ണി പ്രസിഡന്റായി ചുമതല ഏറ്റതിനെ തുടർന്ന് തുടർന്ന് അഴിമതി ഇല്ലാതാവുകയും ;നിക്ഷേപകരുടെ പണം തിരിച്ചു നൽകുവാനുള്ള നടപടികൾ തുടങ്ങുകയും ചെറിയ തുകകൾ നൽകുകയും ചെയ്തു .അതിനിടയ്ക്കാണ് കുത്തി തിരിപ്പുമായി ഒരു വിഭാഗം വന്നത്.തുടക്കത്തിലേ രാമപുരത്തെ കോൺഗ്രസിൽ നിന്നും മോർഫ് ചെയ്‌ത് കേരളാ കോൺഗ്രസിലെത്തിയ ഭക്തി വിലാസക്കാരനായ എപ്പോഴും പ്രസാദിക്കുന്ന മെമ്പർ ഇതിനെ നഖ ശിഖാന്തം എതിർത്തു .വാക്കേറ്റം മൂത്തപ്പോൾ സ്വതവേ അരിശക്കാരനായ സ്റ്റുഡിയോ മെമ്പർ ചാടി വീഴുകയും ബോബനും മോളിയും ശൈലിയിൽ അമറൻ ഇടി കൊടുക്കുകയുമായിരുന്നു.പിന്നീട വണ്ട് മൂളുന്ന അടിയും കൊടുത്തു .അപ്പോൾ സിംഗിളും ഡബിളും ആയി.തന്റെ കർത്തവ്യം പൂർത്തിയാക്കിയ സ്റ്റുഡിയോ മെമ്പർ തന്റെ സീറ്റിൽ പോയിരുന്നതോടെ തല്ലുമാലയുടെ ഒന്നാം ഘട്ടം പൂർത്തിയായി.
ഇപ്പോൾ ഇടവേളയാണ് രണ്ടാം ഘട്ടം ഉടനുണ്ടാവുമെന്നാണ് അറിയുന്നത് .ഇരു കൂട്ടരും ശക്തി സംഭരിക്കുകയാണ് .ഒന്നും സംഭവിച്ചിട്ടില്ലെന്നു കാണിക്കുവാൻ ഇന്ന് കോട്ടയത്ത് നടക്കുന്ന കുഞ്ഞാണ്ട കോൺഗ്രസിന്റെ റബ്ബർ ബോർഡ് മാർച്ചിൽ ഇരു വിഭാഗവും ആളെ കൂട്ടി പങ്കെടുപ്പിക്കാനുള്ള ശ്രമവും നടക്കുന്നുണ്ട് .പക്ഷെ കൊഴുവനാലുള്ള തറ മാന്തുന്ന മെമ്പർ സിംഗിൾ കിട്ടിയപ്പോൾ അയ്യോ എന്നും ഡബിൾ കിട്ടിയപ്പോൾ അയ്യേ എന്ന് വിളിച്ചതിൽ ശക്തമായ വൈരുധ്യമുണ്ടെന്നാണ് ഒരു വിഭാഗം കുഞ്ഞാണ്ടന്മാർ പറയുന്നത് .മുല്ലപ്പൂമ്പൊടി ഏറ്റു കിടക്കും കല്ലിനുമുണ്ടൊരു സൗരഭ്യം എന്ന് പറഞ്ഞപോലെ എൽ ഡി എഫിൽ വന്നതിൽ പിന്നെ ചില മാർക്സിസ്റ്റ് വാക്കുകളൊക്കെ കുഞ്ഞാണ്ടന്മാരും പഠിച്ചു വച്ചിട്ടുണ്ട് .വൈരുധ്യം എന്ന വാക്കൊക്കെ ആ വകയിൽ കിട്ടിയതാണ്. അയ്യേ എന്നാൽ കോൺഗ്രസിലെ ഐ ഗ്രൂപ്പിനെയും എ എന്നാൽ ആന്റണി ഗ്രൂപ്പിനെയും പ്രതിനിധീകരിക്കുന്നു .അദ്ദേഹം കോൺഗ്രസിലേക്ക് പോകും എന്ന സൂചന നല്കിയതാണെന്നു ഒരു കൂട്ടം കുഞ്ഞാണ്ടന്മാർ പറയുമ്പോൾ.അതല്ല വേദനകൊണ്ടു അയ്യോ എന്നതിൻറെ ഒ കാരം മാറി എ കാരം ആയതാണെന്നും ഒരു കൂട്ടം കുഞ്ഞാണ്ടന്മാർ പറയുന്നുണ്ട്.
എന്നാൽ രാമപുരത്തുള്ള വലിയേട്ടൻ പാർട്ടിയുടെ ഏരിയാ കമ്മിറ്റി മെമ്പറായ താടിക്കാരൻ ഡയറക്ടർ ബോർഡ് യോഗത്തിനുണ്ടായിരുന്നെങ്കിലും.കുഞ്ഞാണ്ടന്മാരുടെ തല്ലുമാലയിൽ പങ്കെടുക്കുകയോ പിടിച്ചു മാറ്റുകയോ ചെയ്തില്ല.ഞാൻ ഈ നാട്ടുകാരനെയല്ല എന്ന രീതിയിൽ ഇരുന്ന വലിയേട്ടനെതിരെ കുഞ്ഞാണ്ട കോൺഗ്രസുകാർ പറയുന്നത് ഒന്നുവില്ലേലും പിടിച്ചു മാറ്റമായിരുന്നല്ലോ അത് ചെയ്തില്ലല്ലോ എന്നാണ്.എന്നാൽ അദ്ദേഹം ഉടനെ നടക്കുന്ന സിപിഎം ജില്ലാ സമ്മേളനത്തിന്റെ തിരക്കിലുമാണ്.എണ്ണായിരം പേരെ പങ്കെടുപ്പിക്കും;എണ്ണായിരം പേരെ പങ്കെടുപ്പിക്കും എന്ന് അദ്ദേഹം കൂടെ കൂടെ പറയുന്നുണ്ട്.അത് ജില്ലാ സമ്മേളനത്തിൽ പാലായിൽ നിന്നും പങ്കെടുപ്പിക്കുന്ന ആളിന്റെ എണ്ണമാണോ അതോ ഒരു ബോർഡ് യോഗത്തിനു എണ്ണായിരം രൂപാ സിറ്റിംഗ് ഫീസ് വേണമെന്നാകാമെന്നും രണ്ടഭിപ്രായം കുഞ്ഞാണ്ട കോൺഗ്രസുകാർ പറയുന്നുണ്ട് . വരുമോരോ ദിശകൾ വന്നപോലെ പോം എന്ന രീതിയിലാണ് പുള്ളിക്കാരൻ ഇക്കാര്യങ്ങളെ കാണുന്നതും.
തങ്കച്ചൻ പാലാ
കോട്ടയം മീഡിയാ