Kerala

വൈക്കത്തഷ്ടമിയോടനുബാന്ധിച്ച് ശക്തമായ സുരക്ഷയാണ് പോലീസ് ഒരുക്കിയിരിക്കുന്നതെന്ന് ജില്ലാ പോലീസ് മേധാവി ഷാഹുൽഹമീദ് ഐ.പി.എസ് അറിയിച്ചു

വൈക്കത്തഷ്ടമിയോടനുബാന്ധിച്ച് ശക്തമായ സുരക്ഷയാണ് പോലീസ് ഒരുക്കിയിരിക്കുന്നതെന്ന് ജില്ലാ പോലീസ് മേധാവി ഷാഹുൽഹമീദ് ഐ.പി.എസ് അറിയിച്ചു. ഇതിനായി വൈക്കം ഡി.വൈ.എസ്.പി യുടെ കീഴില്‍ 500 ഓളം പോലീസ് ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിരിക്കുന്നത്. ഉത്സവത്തിന്റെ സുഗമമായ നടത്തിപ്പിനു വേണ്ടി 24 മണിക്കൂറും പ്രവർത്തിക്കുന്ന പോലീസ് കൺട്രോൾ റൂം പ്രവർത്തനമാരംഭിച്ചു കഴിഞ്ഞു. മോഷണം, പിടിച്ചുപറി, മറ്റു സാമൂഹിക വിരുദ്ധപ്രവർത്തനങ്ങൾ എന്നിവ തടയുന്നതിനായി മഫ്തി പോലീസിനെയും, സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യം തടയുന്നതിനും, സ്ത്രീകളുടെ സുരക്ഷയ്ക്കുമായി പ്രത്യേകം വനിതാ പോലീസ് ഉദ്യോഗസ്ഥരെയും നിയോഗിച്ചിട്ടുണ്ട്. കൂടാതെ ആളുകൾ കൂടുതലായി തങ്ങുന്ന ബീച്ചും, പരിസരപ്രദേശങ്ങളിലും പോലീസിന്റെ ബൈക്ക് പെട്രോളിങ്ങും, കൺട്രോൾ റൂം വാഹന പെട്രോളിങ്ങും ഏർപ്പെടുത്തിയിട്ടുണ്ട്.

വൈക്കത്തും പരിസരങ്ങളിലുമായി സി.സി.ടി.വി ക്യാമറകൾ സ്ഥാപിച്ചിരിക്കുന്നതിനാൽ ഗതാഗത ക്രമീകരണങ്ങൾക്കും, മറ്റ് കുറ്റകൃത്യങ്ങൾ തടയുന്നതിനുമായി പ്രയോജനപ്പെടുത്തും. ഇത് കൂടാതെ അമ്പലവും,പരിസരവും നിരീക്ഷിക്കുന്നതിന് മാത്രമായി 45 പ്രത്യേക സി.സി.ടി.വി ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. വ്യാഴാഴ്ച മുതൽ വൈക്കം ടൗണിലും, ക്ഷേത്രത്തിന്റെ പരിസരപ്രദേശങ്ങളിലുമായി പോലീസ് പ്രത്യേകം ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരിക്കുകയാണ്. വാഹനങ്ങൾ മറ്റും പാർക്ക് ചെയ്യുന്നതിനായി പ്രത്യേകം പാർക്കിംഗ് ഗ്രൗണ്ടുകൾ ഏർപ്പെടുത്തിയിരിക്കുന്നതിനാൽ അനധികൃത പാർക്കിംഗ് അനുവദിക്കുന്നതല്ല. അഷ്ടമിയുമായി ബന്ധപ്പെട്ട് വൈക്കവും പരിസരപ്രദേശങ്ങളും പോലീസിന്റെ ശക്തമായ നിരീക്ഷണത്തിലായിരിക്കുമെന്നും എസ്.പി പറഞ്ഞു.

വൈക്കത്തഷ്ടമിയോടനുബന്ധിച്ച് 21-11-2024 മുതൽ 23-11-2024 വരെയുള്ള ദിവസങ്ങളിൽ പോലീസ് ഏർപ്പെടുത്തിയിരിക്കുന്ന ഗതാഗത ക്രമീകരണങ്ങൾ.

* ആലപ്പുഴ,ചേർത്തല, വെച്ചൂർ ഭാഗങ്ങളിൽ നിന്നും എറണാകുളം- തലയോലപ്പറമ്പ് ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ ചേരുംചുവട് പാലം കടന്ന് കവരപ്പാടി വഴി മുരിയൻകുളങ്ങര പുളിഞ്ചുവട് വഴി പോകേണ്ടതാണ്.

*ലിങ്ക് റോഡിൽ വടക്ക് നിന്നും തെക്കോട്ട് വൺവേ ആയിരിക്കും-
തലയോലപ്പറമ്പ് റോഡിൽനിന്ന് പുളിഞ്ചുവട് റോഡ് വഴി വാഹനങ്ങൾക്ക് പ്രവേശനമില്ലാത്തതാണ്.

*വെച്ചൂർ ഭാഗത്ത് നിന്ന് അഷ്ടമി ഉത്സവത്തിനായി വരുന്ന കാറുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനായി വൈക്കം ബോയ്സ് ഹൈസ്കൂൾ ഗ്രൗണ്ട്, വൈക്കം ആശ്രമം സ്കൂൾ ഗ്രൗണ്ടുകൾ എന്നിവ ഉപയോഗിക്കേണ്ടതാണ്. തെക്കേനടഭാഗത്ത് വൈക്കം ബോയ്സ് ഹൈസ്കൂൾ മുതൽ തെക്കേനട വരെയും, തെക്കേനട ദളവാക്കുളം റോഡിന്റെയും ഇരുവശങ്ങളിലും വാഹന പാർക്കിംഗ് നിരോധിച്ചിട്ടുള്ളതാണ്.

*വെച്ചൂർ ഭാഗത്ത് നിന്നും വരുന്ന സർവീസ് ബസുകൾ ചേരുംചുവട് പാലം കടന്ന് കവരപ്പാടി വഴി മുരിയൻകുളങ്ങരയിലെത്തി ഭക്തജനങ്ങളെ ഇറക്കി കെഎസ്ആർടിസി ബസുകൾ പുളിഞ്ചുവട് – വലിയകവല വഴി
കെഎസ്ആർടിസി സ്റ്റാൻഡിലേക്കും, പ്രൈവറ്റ് ബസുകൾ ആറാട്ടുകുളങ്ങര വഴി കിളിയാറ്റുനടയിലെത്തി പാർക്ക് ചെയ്യേണ്ടതാണ്.

*വൈക്കം ഭാഗത്ത് നിന്നും വെച്ചൂർ ഭാഗത്തേക്ക് പോകേണ്ട സർവീസ് ബസുകൾ വലിയകവല, ലിങ്ക് റോഡ് വഴി ദളവാക്കുളം തെക്കേനട വന്ന് തോട്ടുവക്കം പാലം വഴി വെച്ചൂർക്ക് പോകേണ്ടതാണ്.

*വൈക്കം ഭാഗത്ത് നിന്നും വെച്ചൂർ ഭാഗത്തേക്ക് പോകേണ്ട മറ്റു വാഹനങ്ങൾ വലിയ കവല ലിങ്കു റോഡ് വഴി ദളവാക്കുളം തെക്കേനട വന്ന് തോട്ടുവക്കം പാലം- മൂത്തേടത്ത് കാവ്, കൊതവറ വഴി വെച്ചൂർക്ക്‌ പോകേണ്ടതാണ്.

*പുളിഞ്ചുവട് – കവരപ്പാടി -ചേരിം ചുവട് റോഡ് തെക്കുഭാഗത്തുനിന്നും വടക്കേ ഭാഗത്തേക്ക് വൺവേ ആയിരിക്കും. യാതൊരു കാരണവശാലും പുളിഞ്ചുവട് റോഡിൽ നിന്നും ചേരും ചുവട് പാലത്തിൽ കൂടി വാഹനങ്ങൾ വെച്ചൂർ ഭാഗത്തേക്ക് പ്രവേശിപ്പിക്കുകയില്ല.

*ടിവി പുരത്തുനിന്നും വരുന്ന സർവീസ് ബസുകൾ പടിഞ്ഞാറെപ്പാലം കയറുന്നതിന് മുമ്പ് വലത്തോട്ട് തിരിഞ്ഞ് ചേരുംചുവട് പാലം കടന്ന് കവരപ്പാടി, മുരിയൻകുളങ്ങര, ആറാട്ടുകുളങ്ങര വഴി കിളിയാറ്റുനട ഭാഗത്ത് പാർക്ക് ചെയ്യേണ്ടതും, ടിവി പുരം ഭാഗത്തേക്ക് പോകുന്ന സർവീസ് ബസുകൾ ചാലപ്പറമ്പ് വലിയകവല, ലിങ്ക് റോഡ് വഴി ദളവാക്കുളം, തെക്കേനട വഴി ടിവി പുരം ഭാഗത്തേക്ക്‌ പോകേണ്ടതാണ്.

*കോട്ടയം, എറണാകുളം ഭാഗങ്ങളിൽ നിന്ന് വൈക്കത്തേക്ക് വരുന്ന കെഎസ്ആർടിസി, പ്രൈവറ്റ് ബസ്സുകൾ വലിയകവല, കൊച്ചുകവല വഴി ബന്ധപ്പെട്ട സ്റ്റാൻഡുകളിൽ എത്തി അതേ റൂട്ടിൽ തന്നെ തിരികെ പോകേണ്ടതാണ്.

*24.11.2024 വരെ വൈക്കം – എറണാകുളം റൂട്ടിൽ വൈപ്പിൻപടി മുതൽ വലിയകവല വരെയും, വൈക്കം-കോട്ടയം റൂട്ടിൽ ചാലപ്പറമ്പ് മുതൽ വലിയകവല വരെയുമുള്ള റോഡിന്റെ ഇരുവശങ്ങളിലും വാഹന പാർക്കിംഗ് നിരോധിച്ചിട്ടുള്ളതാണ്.

*ടി.വി പുരം റൂട്ടിൽ തോട്ടുവക്കം- കച്ചേരിക്കവല ഭാഗം വരെയും, കച്ചേരിക്കവല മുതൽ കൊച്ചുകവല വരെയുള്ള റോഡിന്റെ ഇരുവശങ്ങളിലും വാഹന പാർക്കിംഗ് നിരോധിച്ചിട്ടുള്ളതാണ്.

*വലിയകവല മുതൽ അമ്പലത്തിന്റെ വടക്കേനട വരെയും, കൊച്ചാലും ചുവട് മുതൽ കൊച്ചുകവല വരെയുള്ള ഭാഗങ്ങളിലും റോഡിന് ഇരുവശങ്ങളിലും പാർക്കിംഗ് നിരോധിച്ചിട്ടുള്ളതാണ്.

*അമ്പലത്തിന്റെ കിഴക്കേനട മുതൽ ആറാട്ടുകുളങ്ങര ജംഗ്ഷൻ വരെയും, ലിങ്ക് റോഡിൽ പ്രത്യേകം സജ്ജമാക്കിയുള്ള പാർക്കിംഗ് ഗ്രൗണ്ടുകൾ ഒഴികെയുള്ള സ്ഥലങ്ങളിലും വാഹന പാർക്കിംഗ് നിരോധിച്ചിട്ടുള്ളതാണ്.

* വലിയകവല മുതൽ കൊച്ചുകവല, കെഎസ്ആർടിസി, പ്രൈവറ്റ് സ്റ്റാൻഡ്, ബോട്ട് ജെട്ടി കൂടാതെ ക്ഷേത്രത്തിന്റെ പടിഞ്ഞാറേനട എന്നിവിടങ്ങളിലെ റോഡിന്റെ ഇരുവശങ്ങളിലും വാഹന പാർക്കിംഗ് നിരോധിച്ചിട്ടുള്ളതാണ്.

*എന്തെങ്കിലും അത്യാഹിതം ഉണ്ടായാൽ അപകടത്തിൽപെട്ടവരെ ആശുപത്രിയിൽ എത്തിക്കുന്നതിന് കാലാക്കൽ റോഡ് ഉപയോഗിക്കുന്നതിനാൽ ഈ റോഡിന്റെ ഇരുവശങ്ങളിലും പാർക്കിംഗ് അനുവദിക്കുന്നതല്ല.

* വെച്ചൂർ ഭാഗത്ത് നിന്നും വരുന്ന ചെറു വാഹനങ്ങൾ വൈക്കം ബോയ്സ് ഹൈസ്കൂൾ, ആശ്രമം സ്കൂളിന്റെ ഗ്രൗണ്ടുകൾ എന്നിവിടങ്ങളിൽ പാർക്ക് ചെയ്യാവുന്നതാണ്.

*എറണാകുളം ഭാഗത്ത് നിന്നും വരുന്ന ചെറു വാഹനങ്ങൾ വലിയകവല, കെഎസ്ആർടിസി സ്റ്റാൻഡുകൾക്കിടയിലുള്ള റോഡ് സൈഡുകളിൽ സജ്ജീകരിച്ചിട്ടുള്ള പാർക്കിംഗ് ഗ്രൗണ്ടുകളിലും കൂടാതെ മടിയത്ര സ്കൂൾ ഗ്രൗണ്ടിലും പാർക്ക് ചെയ്യാവുന്നതാണ്.

* തലയോലപ്പറമ്പ് ഭാഗത്ത് നിന്നും വരുന്ന ചെറുവാഹനങ്ങൾ വൈറ്റ് ഗേറ്റ് ഹോട്ടലിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള ചെറു റോഡിലൂടെ കടന്ന് വർമ്മ പബ്ലിക് സ്കൂളിന്റെ പാർക്കിംഗ് ഗ്രൗണ്ടിൽ പാർക്ക് ചെയ്യാവുന്നതാണ്.

*വൈക്കം കിഴക്കേനടയിൽ ലിങ്ക് റോഡ് ജംഗ്ഷനും-അയ്യർകുളങ്ങര ജംഗ്ഷനുമിടയിൽ വാഹന പാർക്കിങ്ങിനായി പാർക്കിംഗ് ഗ്രൗണ്ടുകൾ സജ്ജീകരിച്ചിട്ടുണ്ട്.

*അയ്യർകുളങ്ങരയ്ക്ക് സമീപമുള്ള മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ് ഡ്രൈവിംഗ് ടെസ്റ്റിന് ഉപയോഗിച്ച് വരുന്ന ഗ്രൗണ്ടിലും വാഹനങ്ങൾ പാർക്ക് ചെയ്യാവുന്നതാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top