വൈക്കം: വീട്ടിൽ അതിക്രമിച്ചു കയറി യുവാവിനെ ആക്രമിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഉദയനാപുരം ഇരുമ്പുഴിക്കര ഭാഗത്ത് കിഴക്കേമാളിയേൽ വീട്ടിൽ കുക്കു എന്ന് വിളിക്കുന്ന രാഹുൽ (33), ഉദയനാപുരം ഇരുമ്പുഴിക്കര ഭാഗത്ത് കണ്ണൻകേരിൽ വീട്ടിൽ ശങ്കരൻ എന്ന് വിളിക്കുന്ന ശ്രീകാന്ത്(36) എന്നിവരെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്.
ഇവർ ഇരുവരും ചേർന്ന് കഴിഞ്ഞദിവസം ചെമ്മനത്തുകര കൽപ്പകശ്ശേരി ഭാഗത്തുള്ള യുവാവിന്റെ വീട്ടിൽ അതിക്രമിച്ചു കയറി യുവാവിനെ ചീത്ത വിളിക്കുകയും, മർദ്ദിക്കുകയും, കയ്യിൽ കരുതിയിരുന്ന ആയുധം കൊണ്ട് ആക്രമിക്കുകയുമായിരുന്നു. തുടർന്ന് ഇവർ സംഭവസ്ഥലത്തുനിന്ന് കടന്നുകളയുകയും ചെയ്തു. ഇവർക്ക് യുവാവിനോട് മുൻവിരോധം നിലനിന്നിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് യുവാവിനെ വീട്ടിൽ കയറി ആക്രമിച്ചത്. പരാതിയെ തുടർന്ന് വൈക്കം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ തിരച്ചിലിൽ ഇരുവരെയും പിടികൂടുകയുമായിരുന്നു. വൈക്കം സ്റ്റേഷൻ എസ്.ഐ ജയകൃഷ്ണൻ, സി.പി.ഓ മാരായ പ്രവീണോ, വിജയശങ്കർ, രാജേഷ് പി.ആർ, കണ്ണനുണ്ണി എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.
രാഹുൽ വൈക്കം,മണ്ണഞ്ചേരി എന്നീ സ്റ്റേഷനുകളിലെയും ശ്രീകാന്ത് വൈക്കം സ്റ്റേഷനിലെയും ക്രിമിനൽ കേസുകളിൽ പ്രതിയാണ്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.