കോട്ടയം :അരുവിത്തുറ : മാർത്തോമാ ശ്ലീഹായുടെ ഭാരത പ്രവേശന തിരുനാളിനോട് അനുബന്ധിച്ച് അരുവിത്തുറ മാർ ഗീവർഗീസ് സഹദാ ഫൊറോനാ പള്ളിയിൽ സീറോ മലബാർ എക്യുമെനിക്കൽ കമ്മീഷന്റെ ആഭിമുഖ്യത്തിൽ ഓർമ്മ ആചരണം സംഘടിപ്പിക്കുന്നു. തിരുനാൾ ദിനമായ നവംബർ 21 ന്റെ തലേന്ന് ഇരുപതാം തീയതി ബുധനാഴ്ച വൈകുന്നേരം 6 മണിക്ക് സായാഹ്ന നമസ്കാരവും ശ്ലീഹന്മാരുടെ പിൻഗാമികളായ മെത്രാൻമാരുടെ സന്ദേശങ്ങളും അടങ്ങുന്ന കൂട്ടായ്മയ്ക്ക് സീറോ മലബാർ സഭ എക്യുമെനിക്കൽ കമ്മീഷൻ ചെയർമാനും പാലാ രൂപതയുടെ അധ്യക്ഷനുമായ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് മെത്രാൻ നേതൃത്വം വഹിക്കുന്നു.
ക്നാനായ യാക്കോബായ അതിഭദ്രാസന അധ്യക്ഷൻ ആർച്ച്ബിഷപ് കുറിയാക്കോസ് മാർ സേവേറിയോസ് വലിയ മെത്രാപ്പോലീത്ത, മലങ്കര യാക്കോബായ സുറിയാനി സഭ കോട്ടയം ഭദ്രാസന അധ്യക്ഷൻ ബിഷപ് തോമസ് മാർ തിമോത്തിയോസ് മെത്രാപ്പോലീത്ത, കേരള കത്തോലിക്കാ മെത്രാൻ സമിതി എക്യുമെനിക്കൽ കമ്മീഷൻ ചെയർമാനും സീറോ മലങ്കര സഭ പത്തനംതിട്ട ഭദ്രാസന അധ്യക്ഷനുമായ ബിഷപ്പ് സാമുവൽ മാർ ഐറേനിയസ് എന്നീ മെത്രാന്മാരും പങ്കെടുക്കും. കേരളത്തിലെ എല്ലാ എപ്പിസ്കോപ്പൽ സഭകളിൽ നിന്നുമുള്ള പ്രതിനിധികളും വിശ്വാസികളും പങ്കെടുക്കുന്ന ഓർമ്മയാചരണം 20 നൂറ്റാണ്ടിനു മുൻപുള്ള ഭാരതീയർ ക്രൈസ്തവ വിശ്വാസം സ്വീകരിച്ചതിന്റെയും 20 നൂറ്റാണ്ടിന്റെ പൈതൃകമുള്ള ക്രിസ്ത്യാനികളുടെ ഭാരതത്തിലെ സാന്നിധ്യത്തിന്റെയും സ്വാധീനത്തിന്റെയും ഓർമ്മപ്പെടുത്തലുമായി മാറും.
സഭാ നവീകരണവും സമുദായ ശക്തീകരണവും ലക്ഷ്യമാക്കിയുള്ള സഭയുടെ വിവിധ പ്രവർത്തനങ്ങളുടെ ഭാഗമാണ് സീറോ മലബാർ സിനഡൽ കമ്മീഷൻ ഫോർ എക്യുമെനിസം സംഘടിപ്പിക്കുന്ന ഈ ഓർമ്മ ആചരണം. അരുവിത്തുറ പള്ളി വികാരി ഫാ. സെബാസ്റ്റ്യൻ വെട്ടുകല്ലേൽ, അസിസ്റ്റന്റ് വികാരിമാർ, കൈക്കാരന്മാർ, എക്യുമെനിക്കൽ കമ്മീഷൻ സെക്രട്ടറി ഫാ. സിറിൽ തോമസ് തയ്യിൽ തുടങ്ങിയവർ സംഘാടകരാണ്.