Kerala
പരിസ്ഥിതിയെ മലിനമാക്കുന്നവരോട് ‘നിങ്ങൾക്ക് എങ്ങനെ ധൈര്യം വന്നു?’ എന്നു ചോദിക്കണം: കുട്ടികളുടെ പ്രധാനമന്ത്രി
കോട്ടയം: നമുക്കുകൂടി വേണ്ട പരിസ്ഥിതിയെ മലിനമാക്കുന്നവരെ തടഞ്ഞുനിർത്തി ‘നിങ്ങൾക്ക് എങ്ങനെ ധൈര്യം വന്നു?’ എന്നു ചോദിക്കാൻ കുട്ടികൾ തയാറാകണമെന്ന് കുട്ടികളുടെ പ്രധാനമന്ത്രി ദുആ മറിയം സലാം. തൃക്കൊടിത്താനം ഗവൺമെന്റ് ഹൈസ്കൂളിൽ ജില്ലാ ശിശുക്ഷേമ സമിതിയുടെയും തൃക്കൊടിത്താനം ഗ്രാമപഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ജില്ലാതല ശിശുദിനാഘോഷം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു കുട്ടികളുടെ പ്രധാനമന്ത്രി. പരിസ്ഥിതിപ്രവർത്തക ഗ്രെറ്റ തൻബർഗിന്റെ വാക്കുകൾ ഉദ്ധരിച്ചായിരുന്നു ദുആയുടെ പ്രസംഗം. ജവഹർലാൽ നെഹ്റുവിന്റെ ഭരണ നേട്ടങ്ങൾ ചൂണ്ടിക്കാട്ടിയ ദുആ യുക്രൈനിലും ഗാസയിലും മാതാപിതാക്കളെയും കൂട്ടുകാരെയും നഷ്ടപ്പെട്ട കുട്ടികളെ സ്മരിച്ചു. യുദ്ധങ്ങളിൽ കുട്ടികൾ ദുരിതമനുഭവിക്കുമ്പോൾ നമുക്ക് എങ്ങനെ സന്തോഷിക്കാനാകുമെന്നും തീവ്രവാദികൾക്ക് മുന്നിൽ മുട്ടുമടക്കാതെ പുസ്തകവും പേനയും നെഞ്ചോടുചേർത്തു പിടിച്ച മലാലയെ മാതൃകയാക്കണമെന്നും ദുആ പറഞ്ഞു. കോട്ടയം സെന്റ് ആൻസ് എൽ.പി. സ്കൂൾ വിദ്യാർഥിയാണ് ദുആ മറിയം സലാം.
കോട്ടയം എം.ഡി.എസ്.എച്ച്.എസ്.എസിലെ നികേത് മനോജ് യോഗത്തിൽ അധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എൻ. സുവർണകുമാരി ശിശുദിന സന്ദേശം നൽകി. ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ മഞ്ജു സുജിത്ത് സമ്മാനവിതരണം നിർവഹിച്ചു. കുട്ടികളുടെ സ്പീക്കർ കാഞ്ഞിരപ്പള്ളി സെന്റ് മേരീസ് ജി.എച്ച്.എസിലെ റിനു നിസ് മാർട്ടിൻ, ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി കൃഷ്ണകുമാരി രാജശേഖരൻ, വൈസ് പ്രസിഡന്റ് ആർ. അനന്ദനാരായണ റെഡ്യാർ, ജോയിന്റ് സെക്രട്ടറി പി.ഐ. ബോസ്, ട്രഷറർ ടി. ശശികുമാർ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ഫ്ളോറി മാത്യൂ, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷർ, ഗ്രാമപഞ്ചായത്തംഗങ്ങൾ എന്നിവർ പങ്കെടുത്തു.
ശിശുദിന റാലിയിലെ മികവിൽ വി.ബി. യു.പി. സ്കൂൾ ഒന്നാംസ്ഥാനവും പി.ആർ.ഡി.എസ്. സ്കൂൾ രണ്ടാംസ്ഥാനവും തൃക്കൊടിത്താനം ഗവൺമെന്റ് എൽ.പി.എസ്. മൂന്നാംസ്ഥാനവും നേടി. ശിശുദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച വിവിധ മത്സരങ്ങളുടെ സമ്മാനങ്ങളും വിതരണം ചെയ്തു.
തൃക്കൊടിത്താനം സെന്റ് സേവ്യേഴ്സ് ഫെറോന പള്ളി ഗ്രൗണ്ടിൽ നിന്ന് തൃക്കൊടിത്താനം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലേക്ക് നടന്ന വർണാഭമായ റാലിയോടെയാണ് പരിപാടികൾക്കു തുടക്കം കുറിച്ചത്. തുറന്ന ജീപ്പിൽ കുട്ടികളുടെ പ്രധാനമന്ത്രിയും സ്പീക്കറും അധ്യക്ഷനും റാലി കാണാൻ എത്തിയവരെ അഭിവാദ്യം ചെയ്തു. ശിശുദിന മുദ്രാവാക്യങ്ങൾ എഴുതിയ പ്ലക്കാർഡുകൾ, വർണക്കടലാസുകൾ എന്നിവ കൈകളിലേന്തിയും ഗാന്ധിയായും നെഹ്റുവായും ഭാരതാംബയായുമെല്ലാം അണിഞ്ഞൊരുങ്ങിയും ചാച്ചാജിക്ക് ജയ് വിളിച്ചും നൂറുകണക്കിന് കുട്ടികൾ റാലിയിൽ അണിനിരന്നു.