Kerala

മികച്ച എന്‍.എസ്.എസ് യൂണിറ്റിനുള്ള പുരസ്കാരം പാലാ അല്‍ഫോന്‍സ കോളജിന്: ഡയമണ്ട് ജൂബിലി വർഷത്തിൽ പാലാ അൽഫോൻസാ കോളേജിന് ചരിത്ര നേട്ടം

കോട്ടയം :എംജി സര്‍വകലാശാലയിലെ 2023-24 വര്‍ഷത്തെ ഏറ്റവും മികച്ച നാഷണല്‍ സര്‍വീസ് സ്കീം യൂണിറ്റിനുള്ള എവര്‍ റോളിംഗ് ട്രോഫി പാലാ അല്‍ഫോന്‍സ കോളജിന്. ഇതേ കോളജിലെ പ്രിന്‍സിപ്പല്‍ റവ. ഡോ. ഷാജി ജോണ്‍ പുന്നത്താനത്തുകുന്നേല്‍ മികച്ച എന്‍.എസ്.എസ് സൗഹൃദ പ്രിന്‍സിപ്പലും ഡോ. സിമിമോള്‍ സെബാസ്റ്റ്യന്‍ മികച്ച പ്രോഗ്രാം ഓഫീസറുമായി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച വോളന്റിയർ ആയി ആശ വി. മാർട്ടിനെയും തിരഞ്ഞെടുത്തു.

വൈസ് ചാന്‍സലര്‍ ഡോ.സി.ടി. അരവിന്ദകുമാര്‍ അധ്യക്ഷനായ സമിതിയാണ് പുരസ്കാര ജേതാക്കളെ തിരഞ്ഞെടുത്തത്.196 അഫിലിയേറ്റഡ് കോളജുകളിലായി 282 യൂണിറ്റുകളും 282 പ്രോഗ്രാം ഓഫീസര്‍മാരും 28200 വോളണ്ടിയര്‍മാരുമാണ് സര്‍വകലാശാലയിലെ നാഷണല്‍ സര്‍വീസ് സ്കീമിനുള്ളത്.പുരസ്കാരങ്ങള്‍ പിന്നീട് എന്‍എസ്എസ് സംഗമത്തില്‍ സമ്മാനിക്കുമെന്ന് കോഡിനേറ്റര്‍ ഡോ. ഇ. എന്‍. ശിവദാസന്‍ അറിയിച്ചു.

സമൂഹനന്മയ്ക്കുത കുന്ന വിവിധങ്ങളായ പ്രവർത്തനങ്ങൾ കാഴ്ച്ച വച്ചതിനാലാണ് അൽഫോൻസാ കോളേജ് മുൻപന്തിയിലെത്തിയത്. എല്ലാ പ്രവർത്തനങ്ങൾക്കും പൂർണമായ പിന്തുണയും പ്രോത്സാഹനവും സഹായവും നൽകി NSS നെ വളർത്തിയതിനാണ് പ്രിൻസിപ്പാൾ റവ. ഷാജി ജോൺ ബെസ്റ്റ് NSS ഫ്രണ്ട്‌ലി പ്രിൻസിപ്പലായി തിരഞ്ഞെടുക്കപ്പെട്ടത്. ഭവനരഹിതരായ 34 കുടുംബങ്ങൾക്ക് വീട് നിർമ്മിച്ചു കൊടുത്തത് NSS ന്റെ അഭിമാനനേട്ടമാണ്. MG യൂണിവേഴ്സിറ്റി NSS സെല്ലും ചിറ്റിലപ്പിള്ളി ഫൌണ്ടേഷനും പാലാ രൂപതാ ഹോം പ്രൊജക്ടുമായി സഹകരിച്ചാണ് ഇവ പൂർത്തിയാക്കിയത്.

വർഷങ്ങളായി പ്ലാസ്റ്റിക് മാലിന്യങ്ങളും തടികളും ചപ്പുചവറുകളും അടിഞ്ഞു കിടന്നിരുന്ന ചെത്തിമറ്റം കളരിയാമ്മാക്കൽ ചെക്ക്‌ ഡാം വൃത്തിയാക്കാൻ അൽഫോൻസായുടെ പെൺപട ഇറങ്ങിയപ്പോൾ, പാലാ മുനിസിപ്പാലിറ്റി മൂന്നേകാൽ ലക്ഷം രൂപ അനുവദിച്ചു കൊടുക്കുകയും മീനച്ചിൽ നദീ സംരക്ഷണ സമിതിയും പാലാ പയനിയർ ക്ലബ്ബുമായി സഹകരിച്ച് ആ പദ്ധതി വിജയിപ്പിക്കുകയും ചെയ്തു. 2018 ലെ പ്രളയം മീനച്ചിലാറിന്റെ തീരത്ത് സമ്മാനിച്ച കാവാലിപ്പുഴക്കടവ് മിനി ബീച്ച് വൃത്തിയാക്കൽ കോളേജിലെ NSS വോളന്റീയേഴ്സ് ഏറ്റെടുത്ത മറ്റൊരു ദൗത്യമായിരുന്നു. ഓരോ മഴക്കാലത്തും അടിയുന്ന ചപ്പുചവറുകൾ മാറ്റി സന്ദർശകരെ ആകർഷിക്കുന്ന രീതിയിൽ ആ സ്ഥലം മനോഹരമാക്കിയിടാൻ അൽഫോൻസാ കോളേജിലെ NSS എന്നും മുന്നിൽ തന്നെയുണ്ടായിരുന്നു. അവിടെയും ടൂറിസം വികസനത്തിനു വേണ്ടി Adv. മോൻസ് ജോസഫ് MLA അഞ്ചു കോടി രൂപയും പഞ്ചായത്ത്‌ ഒരു കോടി രൂപയും അനുവദിക്കുകയുണ്ടായി.

പ്രോഗ്രാം ഓഫീസറായ ഡോ. സിമിമോൾ സെബാസ്റ്റ്യൻ കഴിഞ്ഞ വർഷത്തെ റിപബ്ലിക് ഡേ പരേഡ് ക്യാമ്പിൽ കേരള കണ്ടിൻജെന്റ് ലീഡറായി പങ്കെടുക്കുകയുണ്ടായി. ട്രിച്ചിയിൽ വച്ചു നടന്ന പ്രീ റിപ്പബ്ലിക് പരേഡ് ക്യാമ്പിലും പങ്കെടുത്തിരുന്നു. NSS വോളന്റിയർ സെക്രട്ടറിയായ ആൽഫിയ ഫ്രാൻസിസ് ഹിമാചൽ പ്രദേശിൽ വച്ചു നടന്ന അഡ്വഞ്ചർ ക്യാമ്പിലും പങ്കെടുത്തു. പ്രിൻസിപ്പൽ റവ. ഡോ. ഷാജി ജോൺ, ബർസാർ റവ. കുര്യാക്കോസ് വെള്ളച്ചാലിൽ, വൈസ് പ്രിൻസിപ്പൽമാരായ ഡോ. സി. മിനിമോൾ മാത്യു, ഡോ. സി. മഞ്ജു എലിസബത്ത് കുരുവിള എന്നിവർ മാർഗ്ഗനിർദേശങ്ങളുമായി എപ്പോഴും കൂടെയുള്ളതാണ് ഞങ്ങളുടെ നേട്ടങ്ങളുടെ കാരണമെന്ന് പ്രോഗ്രാം ഓഫീസർമാരായ ഡോ. സിമിമോൾ സെബാസ്റ്റ്യനും ഡോ. സി. ജെയ്മി അബ്രഹാമും പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top