Kerala

ഇളന്തോട്ടം പള്ളിയില്‍ വിശുദ്ധ അന്തോനീസ് ബാവയുടെ ഗ്രോട്ടോ ഗ്രോട്ടോയുടെ വെഞ്ചരിപ്പ് നാളെ (13-11-2024) വൈകുന്നേരം 6.30ന് ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വഹിക്കും

Posted on

 

പാലാ: പൗരാണികതയുടെ പ്രൗഡിയില്‍ വിശ്വാസികള്‍ക്ക് ആത്മീയ ഉണര്‍വേകുന്ന ഇളന്തോട്ടം പള്ളിയില്‍ വിശുദ്ധ അന്തോനീസ് ബാവയുടെ ഗ്രോട്ടോയൊരുങ്ങി. മൂന്നാം നൂറ്റാണ്ടില്‍ ജീവിച്ച മരുഭൂമിയിലെ വിശുദ്ധ അന്തോനീസ്, ഈജ്പ്റ്റിലെ വിശുദ്ധ അന്തോനീസ്, ആന്റണി ദി ആബട്ട് എന്നിങ്ങനെ വിവിധ വിശേഷങ്ങളാല്‍ അറിയപ്പെടുന്ന താപസ ശ്രേഷ്ഠനാണ് വിശുദ്ധ അന്തോനീസ് ബാവ. അന്തോനീസ് ബാവയുടെ നാമത്തിലുള്ള കേരളത്തിലെ ഏക ദേവാലയമാണ് പുരാതനമായ ഇളന്തോട്ടം പള്ളി. പള്ളിയുടെ മുമ്പിലുള്ള കല്‍ക്കുരിശിനോടു ചേര്‍ന്നാണ് മനോഹരായ ഗ്രോട്ടോ പണി കഴിപ്പിച്ചിരിക്കുന്നത്. കുരിശുവടിയും വേദപുസ്തകവും കൈകളിലേന്തി നില്‍ക്കുന്ന ബാവയുടെ രൂപമാണ് ഗ്രോട്ടോയില്‍. താപസനായിരുന്ന ബാവയേപ്പോലെ ഗ്രോട്ടോയുടെ മുമ്പില്‍ ശാന്തമായ അന്തരീക്ഷത്തില്‍ ഇരുന്ന് പ്രാര്‍ഥിക്കുന്നതിനായി കല്‍തറയുള്ള ഇരിപ്പടങ്ങളും നിര്‍മിച്ചിട്ടുണ്ട്.

വന്യമൃഗശല്യം, പൈശാചികബാധ, ത്വക്ക് രോഗങ്ങള്‍ എന്നിവയില്‍ നിന്നും ആശ്വാസവും സൗഖ്യവും തേടി നൂറുകണക്കിനു വിശ്വാസികളാണ് ഇളന്തോട്ടം പള്ളിയില്‍ ബാവയുടെ മധ്യസ്ഥം തേടിയെത്തുന്നത്. വ്യാഴാഴ്ച ദിവസം വിശുദ്ധ കുര്‍ബാനയ്ക്കു ശേഷം നടക്കുന്ന നൊവേനയിലും മധ്യസ്ഥ പ്രാര്‍ഥനയിലും വിശ്വാസികള്‍ തങ്ങളുടെ നിയോഗങ്ങള്‍ സമര്‍പ്പിച്ച് പ്രാര്‍ഥിച്ച് അനുഗ്രഹങ്ങള്‍ പ്രാപിക്കുന്നു. വിശുദ്ധന്റെ ബഹുമാനാര്‍ഥം വടിക്കുരിശ് എഴുന്നള്ളിക്കുന്നതാണ്. ഇവിടുത്തെ നേര്‍ച്ച. ഗ്രോട്ടോയുടെ വെഞ്ചരിപ്പും സമര്‍പ്പണവും നാളെ വൈകുന്നേരം 6.30ന് പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വഹിക്കും.

നാളെ മുതല്‍ വിശുദ്ധ അന്തോനീസ് ബാവയുടെ തിരുനാളിനൊരുക്കമായുള്ള നൊവേനയും ആരംഭിക്കും. 22നു വൈകുന്നേരം 4.50നു തിരുനാളിനു കൊടിയേറും. തുടര്‍ന്ന് ബിഷപ് മാര്‍ ജേക്കബ് മുരിക്കന്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കും. 23നു വൈകുന്നേരം 6.30ന് അല്ലപ്പാറ കുരിശുപള്ളിയിലേക്ക് പ്രദക്ഷിണം. പ്രധാന തിരുനാള്‍ 24നു വൈകുന്നേരം നാലിനു തിരുനാള്‍ കുര്‍ബാന, തുടര്‍ന്ന് പ്രദക്ഷിണം, രാത്രി ഏഴിന് ഗാനമേള എന്നിവയാണ് പ്രധാന പരിപാടികളെന്ന് വികാരി ഫാ. ജോര്‍ജ് അമ്പഴത്തുങ്കല്‍ അറിയിച്ചു..പാലാ തൊടുപുഴ റോഡില്‍ മുണ്ടാങ്കല്‍ പള്ളിക്കു സമീപത്തു നിന്നും അല്ലാപ്പറ ജംഗ്ഷനില്‍ നിന്നും പള്ളിയിലെത്താം.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version