തിരുവനന്തപുരം : കൂറുമാറ്റത്തിന് 100 കോടി കോഴയെന്ന ആരോപണം തള്ളി എൻസിപി അന്വേഷണ കമ്മീഷൻ. തോമസ് കെ തോമസിനെ വെള്ളപൂശുന്ന റിപ്പോർട്ട് സംസ്ഥാന പ്രസിഡണ്ട് പി.സി ചാക്കോക്ക് കൈമാറി. ആരോപണത്തിന് പിന്നിൽ ആൻറണി രാജുവിന്റെ ഗൂഡാലോചനയാണെന്നാണ് തോമസ് കെ തോമസ് കമ്മീഷന് നൽകിയ മൊഴി. ഉപതെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം റിപ്പോർട്ടിൻറെ പകർപ്പുമായി എകെ ശശീന്ദ്രനെ മാറ്റി തോമസിനെ മന്ത്രിയാക്കണമെന്ന് ചാക്കോ മുഖ്യമന്ത്രിയെ കണ്ടാവശ്യപ്പെടും.
തോമസ് കെ തോമസ് ആഗ്രഹിച്ച റിപ്പോർട്ടാണ് പാർട്ടി അന്വേഷണ കമ്മീഷൻ നൽകിയത്. എൻഡിഎ കക്ഷിയായ അജിത് പവാർ വിഭാഗത്തിലേക്ക് കൂറുമാറാൻ ആൻറണി രാജുവിനും കോവൂർ കുഞ്ഞുമോനും 100 കോടി തോമസ് കെ തോമസ് വാഗ്ദാനം ചെയ്തെന്നായിരുന്നു ആരോപണം.
ആൻറണി രാജു ഇക്കാര്യം മുഖ്യമന്ത്രിയോട് ശരിവെച്ചതോടെയാണ് തോമസിൻറെ മന്ത്രിസ്ഥാനം പോയത്. വിവാദം കത്തിപ്പടർന്നപ്പോഴാണ് അന്വേഷണത്തിന് നാലംഗ കമ്മീഷനെ എൻസിപി വെച്ചത്. കോഴക്ക് തെളിവില്ലെന്നാണ് കണ്ടെത്തൽ. പണം ഓഫർ ചെയ്തില്ലെന്ന തോമസിൻറയും വാഗ്ദാനം ലഭിച്ചില്ലെന്ന കോവൂർ കുഞ്ഞുമോൻറെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് പാർട്ടി റിപ്പോർട്ട്.