Kerala

ഇടുക്കി ജില്ലയുടെ വിനോദസഞ്ചാര സാധ്യതകൾക്ക് ചിറക് മുളയ്ക്കുന്നു:മാട്ടുപ്പെട്ടി ജലാശയത്തിൽ സീ പ്ലെയിൻ പറന്നിറങ്ങും

ഇടുക്കി ജില്ലക്ക് ഇന്ന് ചരിത്രദിനം. ജില്ലയുടെ ചരിത്രത്തിൽ ആദ്യമായി ഒരു വിമാനം പറന്നിറങ്ങും. മാട്ടുപ്പെട്ടി ജലാശയത്തിൽ സീ പ്ലെയിൻ പരീക്ഷണ പറക്കലിന്റെ ഭാ​ഗമായി പറന്നിറങ്ങുമ്പോൾ ചിറകു മുളയ്ക്കുക ഇടുക്കി ജില്ലയുടെ വിനോദസഞ്ചാര സാധ്യതകൾക്കാണ്. ‘ഡിഹാവ്ലാൻഡ് കാനഡ’ എന്ന സീപ്ലെയിനാണ് ഇന്നു രാവിലെ 11 മണിക്ക് ‌ഡാമിൽ പറന്നിറങ്ങുക. പതിനൊന്നരയോടെ ജലാശയത്തിൽ നിന്നും പറന്നുയർന്ന് വിമാനം മടക്കയാത്ര ആരംഭിക്കും.

സീ പ്ലെയിൻ ഇറങ്ങുന്നതിനുള്ള എയ്‌റോഡ്രോം (വിമാനത്താവളം) മാട്ടുപ്പെട്ടി ജലാശയത്തിൽ സജ്ജമായിക്കഴിഞ്ഞു. ഡി.ടി.പി.സി, ഹൈഡൽ ടൂറിസം എന്നിവയുടെ ഉടമസ്ഥതയിലുള്ള രണ്ട് ബോട്ട് ജെട്ടികൾ സംയോജിപ്പിച്ചാണ് ജലവിമാനമിറങ്ങുന്നതിനുള്ള സംവിധാനം ഒരുക്കിയിരിക്കുന്നത്. ഇന്ന് നടക്കുന്ന പരിശീലന പറക്കൽ വിജയമെന്നു കണ്ടാൽ സർവീസ് തുടർച്ചയായി നടത്താനാണ് ലക്ഷ്യം.

റോഡ് മാർഗം യാത്ര ചെയ്യാതെ കൊച്ചിയിൽ നിന്നും കോഴിക്കോട് നിന്നുമൊക്കെ നേരിട്ടു പറന്നിറങ്ങാമെന്നതു വിദേശ വിനോദ സഞ്ചാരികളെ ഇടുക്കിയിലേക്ക് വലിയ തോതിൽ ആകർഷിക്കുമെന്നാണു കണക്കു കൂട്ടുന്നതെന്നു മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. ഇടുക്കിയിൽ എയർ സ്ട്രിപ്പിനുള്ള പ്രവർത്തനം പുരോഗമിക്കുന്നതിനിടെയാണ് സീ പ്ലെയിൻ പദ്ധതിക്ക് തുടക്കം കുറിക്കുന്നത്. കുറഞ്ഞ ചെലവിൽ ഉപയോഗിക്കാൻ കഴിയുന്ന നോ ഫ്രിൽ എയർ സ്ട്രിപ്പാണ് ഇടുക്കിയിൽ വിഭാവനം ചെയ്തിരിക്കുന്നത്. വിമുക്ത നാവിക ഓഫിസർക്കു ഇതിന്റെ ചുമതല നൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു.

ഇടുക്കി ജില്ലയിൽ തന്നെ എൻസിസി കെഡറ്റുകൾക്ക് പരിശീലനം നൽകുന്നതിനായി വണ്ടിപ്പെരിയാർ സത്രത്തിൽ എയർ സ്ട്രിപ്പിനു പുറമേയാണു പുതിയൊരു എയർ സ്ട്രിപ് കൂടി വിഭാവനം ചെയ്തിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. മൂന്നാറും ഇടുക്കിയും തേക്കടിയും ചേരുന്ന ഒരു ട്രയാംഗിൾ ടൂറിസം സർക്യൂട്ടാണ് ജില്ലയുടെ ആവശ്യം. ഇതിനുള്ള പദ്ധതികളുമായി മുന്നോട്ടു പോവുകയാണെന്നു മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top