Kerala
തദ്ദേശ തിരഞ്ഞെടുപ്പ് ; പിന്നോക്ക വിഭാഗങ്ങൾക്ക് സീറ്റ് സംവരണം ഏർപ്പെടുത്തണം സ്വാമി സച്ചിദാനന്ദ
കോട്ടയം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പിൽ പിന്നോക്ക സമുദായങ്ങൾക്ക് സീറ്റ് സംവരണം ഏർപ്പെടുത്താൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്ന് ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡൻ്റ് സ്വാമി സച്ചിദാനന്ദ ആവശ്യപ്പെട്ടു. ഗുരുധർമ്മ പ്രചരണ സഭ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന വിരിപ്പുകാലാ ശ്രീനാരായണ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.”
പിന്നോക്ക വിഭാഗങ്ങൾക്ക് സീറ്റ് സംവരണം ഏർപ്പെടുത്താൻ സംസ്ഥാനങ്ങൾക്ക് അധികാരം നൽകുന്ന സുപ്രീം കോടതി ഉത്തരവ് രാജ്യത്തെ 21 സംസ്ഥാനങ്ങൾ നടപ്പിലാക്കിയിട്ടും ഗുരുദേവൻ തിരു അവതാരം ചെയ്ത രാഷ്ട്രീയ പ്രബുദ്ധകേരളം ഇതിന് തയ്യാറായിട്ടില്ല. അതെ സമയം സാമ്പത്തിക സംവരണം നടപ്പിലാക്കാനുള്ള ഉത്തരവ് ശരവേഗത്തിൽ പാസ്സാക്കുകയും ചെയ്തു. ഇത് പിന്നോക്ക വിഭാഗങ്ങളോടുള്ള അവഗണനയാണ്. രാഷ്ട്രീയ പാർട്ടികൾ ശ്രീനാരായണ സമൂഹത്തെ വോട്ടുബാങ്ക് ആക്കി നിലനിറുത്തി അധികാരസ്ഥാനങ്ങളിൽ നിന്ന് അവരെ അകറ്റി നിറുത്തുകയാണ്.
സംസ്ഥാന ഭരണ സിരാകേന്ദ്രം തമ്പുരാൻ കോട്ടയായി മാറിയിരിക്കുന്നു. ഗുരുദേവൻ വിഭാവനം ചെയ്ത സാമൂഹ്യ നീതിയ്ക്ക് എതിരാണ് ഇതെന്ന് സ്വാമി സച്ചിദാനന്ദ പറഞ്ഞു.
സഭ ജില്ലാ പ്രസിഡൻ്റ് സോഫി വാസുദേവൻ അദ്ധ്യക്ഷത വഹിച്ചു. രജിസ്ടാർ കെ.ടി. സുകുമാരൻ, ചീഫ് കോ-ഓർഡിനേറ്റർ സത്യൻ പന്തത്തല, മുൻ രജിസ്റ്റാർ കുറിച്ചി സദൻ , ജില്ലാ സെക്രട്ടറി വി.വി.ബിജുവാസ്, ശശിധരൻ എട്ടേക്കർ എന്നിവർ പ്രസംഗിച്ചു.സഭ കേന്ദ്ര സമിതി സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി, മോട്ടിവേഷൻ ട്രെയിനർ ബിബിൻ ഷാൻ എന്നിവർ പഠനക്ലാസ് നയിച്ചു.