പാലാ:- എം.എൽ.എയായി തെരഞ്ഞെടുക്കപ്പെട്ടിട്ട് നാലര വർഷം മാത്രമായ തൻ്റെ ജീവിതം തുറന്ന പുസ്തകമാണെന്നും അതികായനായ കെ.എം മാണിയോട് എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ച് പരാജയപ്പെട്ട തനിക്കുള്ള ആസ്തിയും ബാദ്ധ്യതകളും തെരഞ്ഞെടുപ്പ് സത്യവാങ്ങ് മൂലത്തിൽ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടെന്നും മാണി സി.കാപ്പൻ. കിഴതടിയൂർ ബാങ്കിൽ തനിക്കും ഭാര്യക്കും കൂടി 50 ലക്ഷം രൂപയുടെ ബാദ്ധ്യതയുണ്ട്. തൻ്റെ മകൾക്ക് ബാങ്കിൽ നിന്ന് 25 ലക്ഷം ലഭിക്കാനുമുണ്ട്. കെ.എം മാണിയുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരനായി അറിയപ്പെടുന്ന മുൻനിയോജക മണ്ഡലം പ്രസിഡൻ്റ് വലവൂർ ബാങ്കിൽ നിന്ന് തട്ടിയെടുത്ത കോടികളും പാലായുടെ സാമ്പത്തിക രംഗം തകർത്ത മീനച്ചിൽ റബ്ബർമാർക്കറ്റിംഗ് സൊസൈറ്റിയിൽ നിന്നും കൊള്ളയടിച്ച ‘തുകയും എവിടെപ്പോയെന്ന് കേരളാ കോൺഗ്രസ് മാണി വിഭാഗം വിശദീകരിക്കണം.
തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്തുകൊണ്ടുള്ള 2 ഹരജികളാണ് ഹൈക്കോടതിയിൽ ഉണ്ടായിരുന്നത്. തെരഞ്ഞെടുപ്പ് ഹർജി നൽകിയ സി.വി ജോണിനു വേണ്ടി കോടതിയിൽ ഹാജരായത് മുൻ മുനിസിപ്പൽ ചെയർമാൻ ജോസ് തോമസ്പടിഞ്ഞാറെക്കരയുടെ മകൻ ടോം ജോസ് പടിഞ്ഞാറെക്കര, കേരളാ കോൺഗ്രസ് (എം) നോമിനിയായി ഗവൺമെൻ്റ് പ്ലീഡറായ സുനിൽ സിറിയക് , അജിത് വിശ്വനാഥൻ എന്നിവരാണ്. അജിത് വിശ്വനാഥൻ ഈയിടെ കേരളാ കോൺഗ്രസ് (എം) നോമിനിയായി ഗവൺമെൻ്റ് പ്ലീഡറായപ്പോൾ അദ്ദേഹത്തിൻ്റെ പിതാവ് വിശ്വനാഥനാണ് കേസ് വാദിക്കുന്നത്. പടിഞ്ഞാറെക്കര കുടുംബത്തിൻ്റെ രാഷ്ട്രീയ പശ്ചാത്തലം പാലാക്കാർക്ക് കൃത്യമായി അറിയാവുന്നതുകൊണ്ട് വിശദീകരണം ആവശ്യമില്ല. കേസ് കൊടുത്ത സി.വി ജോൺ എന്ന വ്യക്തിയുടെ ഭാര്യ രണ്ടില ചിഹ്നത്തിൽ മീനച്ചിൽ പഞ്ചായത്ത് രണ്ടാം വാർഡിൽ മത്സരിച്ച് മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ട വിവരം ജോസ് കെ.മാണി അറിഞ്ഞില്ലെങ്കിൽ അണികളെ അറിയാത്ത നേതാവാണ് അദ്ദേഹം എന്നു ജനം വിലയിരുത്തും.
കോടതിയുടെ പരിഗണനയിലുള്ള രണ്ടാമത്തെ ഹർജി നൽകിയ സണ്ണി ജോസഫ് എന്ന വ്യക്തിയെ ചോദ്യം ചെയ്തപ്പോൾ താൻ കേരളാ കോൺഗ്രസ് ജോസ് മാണി വിഭാഗം അനുഭാവിയാണെന്ന് കോടതിയിൽ സമ്മതിച്ചിട്ടുണ്ടെന്ന കാര്യവും ഓർക്കുന്നത് നല്ലതാണ്. 14 വർഷം മുമ്പ് പണിത കളരിയാ മാക്കൽ പാലവും പണിതീരാത്ത ബൈപാസുകളും കാറ്ററിംഗ് കോളേജും മിനി സിവിൽസ്റ്റേഷനും അരുണാപുരം റഗുലേറ്റർ കം ബ്രിഡ്ജും ഉൾപ്പെടെയുള്ളവ തന്നോടുള്ള രാഷ്ട്രീയവൈരം നിമിത്തം തടസ്സപ്പെടുത്തിയിരിക്കുന്നതാണെന്ന് വർഷങ്ങളായി ഒരു ഇടതു സഹയാത്രികനായിരുന്ന തന്നോട് മുതിർന്ന നേതാക്കൾ തുറന്നു സമ്മതിച്ചിട്ടുള്ളതാണ്. കെ.എം മാണി തുടങ്ങി വെച്ച ഏതെങ്കിലും പദ്ധതി പൂർത്തികരിക്കണ്ട എന്ന ആവശ്യപ്പെട്ട് താൻ കത്ത് നൽകിയിട്ടില്ല. ഉണ്ടെന്ന് തെളിയിക്കാൻ വെല്ലുവിളിക്കുന്നു. ബഡ്ജറ്റിൽ പണം വകയിരുത്തിയ മുനിസിപ്പൽ സ്റ്റേഡിയം നവീകരണവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള ഹീനശ്രമം എൽ.ഡി.എഫിൽപ്പോലും വിമർശിക്കപ്പെട്ടതാണ്.
മത്സരിച്ച തെരഞ്ഞെടുപ്പുകളിൽ തനിക്ക് വലിയ ബാദ്ധ്യതയുണ്ടായെങ്കിലും കെ.എം മാണിയുടെ ഭൂരിപക്ഷം ഓരോതവണയും കുറച്ചു കൊണ്ടു വന്ന് അവസാനം വിജയിക്കാൻ സാധിച്ചത് പാലാക്കാർ തന്നെ വ്യക്തമായി പഠിച്ചതുകൊണ്ടുതന്നെയാണ്. 2011 ൽ കെ.എം മാണിയ്ക്കതിരെ താൻ കൊടുത്ത തെരഞ്ഞെടുപ്പ് ഹർജി പിൻവലിച്ചതിന് ഒത്തിരി ആക്ഷേപം കേട്ടെങ്കിലും മാണിസാർ നേരിട്ട് ആവശ്യപ്പെട്ടതുകൊണ്ടാണ്. ബൈപാസ് സർജറി കഴിഞ്ഞ് വിശ്രമത്തിലായിരുന്ന തന്നെ ലേക് ഷോർ ആശുപത്രിയിലെത്തി ഈ കാര്യം ആവശ്യപ്പെടുമ്പോൾ കെ.എം മാണിയുടെ സന്തതസഹചാരിയായിരുന്ന പി.എ സിബി പുത്തേട്ട് കൂടെയുണ്ടായിരുന്നെന്നും തൻ്റെ പിതാവിൻ്റെ ജൂണിയറായി പത്തുവർഷം വർഷം അഭിഭാഷകനായി പ്രാക്ടീസ് ചെയ്ത തിനു ശേഷം എം.എൽ.എയും മന്ത്രിയുമായ സീനിയർ നേതാവ് ആവശ്യപ്പെടുമ്പോൾ ദൈവവും മനഃസാക്ഷിയും തന്നോട് അനുസരിക്കണമെന്ന് പ്രേരിപ്പിച്ചതുകൊണ്ടാണ് കേസ് പിൻവലിച്ചതെന്നും മാണി സി.കാപ്പൻ പറഞ്ഞു. ജയപരാജയങ്ങളെ സമചിത്തതയോടെ സ്വീകരിക്കാനും നാടിൻ്റെ വികസനത്തിൽ സഹകരിക്കാനും ജോസ് കെ.മാണിയും പാർട്ടിയും തയ്യാറാകണമെന്നും അഭ്യർത്ഥിച്ചു കൊണ്ട് ഈ വിവാദം ഇവിടെ അവസാനിപ്പിക്കുന്നു.