പാലാ, 07 നവംബർ 2024: തന്റെ പിതാവിന്റെ വേർപാടിന്റെ ഓർമ്മ ദിവസമായ നവംബർ 7ന് മന്ത്രി ശ്രീ. റോഷി അഗസ്റ്റിനും കുടുംബാംഗങ്ങളും മരിയാസദനം സന്ദർശിച്ചു. മരിയാസദനം ഡയറക്ടർ ശ്രീ. സന്തോഷ് ജോസഫും കുടുംബവും, വാർഡ് കൗൺസിലർ ശ്രീ. ബൈജു കൊല്ലംപറമ്പിലും മരിയാസദനം അംഗങ്ങളും ചേർന്ന് ശ്രീ. റോഷി അഗസ്റ്റിന് ഊഷ്മളമായ സ്വീകരണം നൽകി.
ഉച്ചഭക്ഷണം നൽകിയും മരിയ സദനത്തിലെ അംഗങ്ങളോട് സംസാരിച്ചും ശ്രീ. റോഷി അഗസ്റ്റിൻ സമയം ചിലവഴിച്ചു.അനാഥരെയും അവഗണിക്കപ്പെട്ട മാനസിക രോഗികളെ സംരക്ഷിക്കുകയും ചെയ്യുന്ന ശ്രീ. സന്തോഷ് ജോസഫിനെയും കുടുംബത്തെയും മന്ത്രി പ്രത്യേകമായി അഭിനന്ദിച്ചു. കൂടാതെ തുടർന്നുള്ള മരിയസദനത്തിന്റെ പ്രവർത്തനങ്ങൾക്ക് പൂർണ്ണ പിന്തുണ വാഗ്ദാനം ചെയ്യുകയും ചെയ്തു.
\
മരിയാസദനം നിലവിൽ അഭിമുഖീകരിക്കുന്ന സർക്കാർ ഗ്രാന്റുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുവാനുള്ള നടപടികൾ സ്വീകരിക്കുന്നതിനായുള്ള നിവേദനം മരിയാസദനം ഡയറക്ടർ ശ്രീ. സന്തോഷ് ജോസഫ് മന്ത്രിക്ക് സമർപ്പിച്ചു.
മന്ത്രിയുടെ സുരക്ഷാ സംഘത്തിലെ ഒരു ഉദ്യോഗസ്ഥൻ മരിയാസദനം നിവാസികൾക്കായി ആലപിച്ച ഗാനം ഏറെ ആസ്വാദ്യകരമായി. തുടർന്ന് മരിയാസദനം ഗാനമേള സംഘത്തിന്റെ ഹൃദ്യമായ കലാപ്രകടനം ആസ്വദിച്ചാണ് മന്ത്രിയും കുടുംബാംഗങ്ങളും മടങ്ങിയത്.