തൃശൂർ: ചികിത്സയ്ക്കൊടുവിൽ പ്ലാസ്റ്ററിട്ട കൈ വളഞ്ഞു പോയതിനെതിരെ ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി. വരന്തരപ്പിള്ളി സ്വദേശി ആറ്റുപുറം വീട്ടിൽ ടെന്നിസൺ, പിതാവ് എ ഡി സണ്ണി എന്നിവർ ചേർന്ന് ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂരിലെ ഹോളി ഫാമിലി ഹോസ്പിറ്റൽ ഡയറക്ടർ, ചികിത്സ നടത്തിയ ഡോക്ടർ എന്നിവർക്കെതിരെ ഉപഭോക്തൃ കോടതി വിധി പുറപ്പെടുവിച്ചത്. ഹർജിക്കാർക്ക് നഷ്ടപരിഹാരമായി 50,000 രൂപയും ചെലവിലേക്ക് 10,000 രൂപയും ഹർജി തിയ്യതി മുതൽ 5 ശതമാനം പലിശയും നൽകാൻ വിധി പുറപ്പെടുവിച്ചു.
കളിച്ചുകൊണ്ടിരിക്കുമ്പോൾ ബോൾ കൊണ്ട് പരിക്കേറ്റാണ് ടെന്നിസന്‍റെ ഇടതു കൈയ്ക്ക് പരിക്കേറ്റത്. ആശുപത്രിയിൽ എത്തിച്ചപ്പോൾ എക്സ് റേ എടുത്തു. കൈ ഒടിഞ്ഞിട്ടുണ്ടെന്ന് പറഞ്ഞ് പ്ലാസ്റ്ററിട്ടു. എന്നാൽ ഒരാഴ്ച കഴിഞ്ഞപ്പോൾ ഒടിഞ്ഞ കൈയ്യിൽ വേദന അനുഭവപ്പെട്ടു. ഡോക്ടറെ ചെന്ന് കണ്ടപ്പോൾ കുഴപ്പമില്ലെന്ന് പറഞ്ഞ് വേദന മാറാനുള്ള ഗുളിക കുറിച്ചു നൽകി. തുടർന്ന് രണ്ടാഴ്ച കഴിഞ്ഞപ്പോൾ പ്ലാസ്റ്റർ വെട്ടി.
പ്ലാസ്റ്റർ വെട്ടിയപ്പോൾ കൈ വളഞ്ഞ് വൈകല്യം വന്ന അവസ്ഥയിലായിരുന്നു. തുടർന്ന് മറ്റൊരു ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തി ഏറെക്കുറെ ഭേദപ്പെടുത്തി. എന്നാൽ പ്ലാസ്റ്റർ ടെന്നിസൺ സ്വയം ഊരി മാറ്റുകയായിരുന്നുവെന്നും അതുകൊണ്ടാണ് വൈകല്യം സംഭവിച്ചതെന്നും എതിർകക്ഷി വാദിച്ചു. തെളിവുകൾ പരിഗണിച്ച് ഈ വാദം പ്രസിഡന്‍റ് സി ടി സാബു, മെമ്പർമാരായ ശ്രീജ എസ്, ആർ റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃ കോടതി നിരാകരിച്ചു.