Kerala
കളരിയാംമാക്കൽ പാലം: എൽ.ഡി.എഫ് ഒപ്പമുണ്ട് ബിജു പാലൂപ്പടവൻ (കൺവീനർ,എൽ.ഡി.എഫ് പാലാ മുനിസ്സിപ്പൽ മണ്ഡലം കമ്മിറ്റി)
പാലാ: ജനം ചുമതല ഏല്പിച്ച ജനപ്രതിനിധികൾ മനപ്പൂർവ്വം കൈ ഒഴിഞ്ഞതോടെ മന്ദീഭവിച്ച റോഡ് നിർമ്മാണത്തിനായുള്ള ഭൂമി ഏറ്റെടുക്കൽ ഉൾപ്പെടെയുള്ള നടപടികൾ ത്വരിതപ്പെടുത്തുവാൻ എൽ.ഡി.എഫ് നേതൃത്വം ശക്തമായ ഇടപെടൽ നടത്തിക്കൊണ്ടിരിക്കുന്നതായി എൽ.ഡി.എഫ് പാലാ മുനിസിപ്പൽ ടൗൺ മണ്ഡലം കമ്മിറ്റി കൺവീനർ ബിജു പാലൂപടവൻ പറഞ്ഞു.
മീനച്ചിൽ റിവർ വാലി പദ്ധതിയുടെ ഭാഗമായി ഇറിഗേഷൻ വകുപ്പ് നിർമ്മിച്ച ചെക്ക്ഡാം സ്കീമിൽ ഉൾപ്പെടുത്തിയാണ് നഗരത്തിൻ്റെ ഭാവി ഗതാഗത വികസനം മുൻകൂട്ടി കണ്ട് മീനച്ചിലാറിനു കുറുകെ ഒരു പാലം കൂടി വിഭാവനം ചെയ്ത് നിർമ്മിച്ചത്.പതിറ്റാണ്ടായി ചെക് ഡാo പ്രയോജനപ്പെടുത്തി മീനച്ചിൽ ഭരണങ്ങാനം, തലപ്പലം പഞ്ചായത്തുകളിലെ നിരവധിയായ ശുദ്ധജല പദ്ധതികൾ വേനലിലും കുടിവെള്ളം ലഭ്യമാക്കി വരുന്നു.
പാലാറിംങ് റോഡിൻ്റെ രണ്ടാം ഘട്ടറോഡ് കളരിയാംമാക്കൽ പാലത്തിലേക്ക് എത്തിക്കുന്നതിനുള്ള നടപടിയാണ് നടത്തുന്നത്. കളരിയാംമാക്കൽ പാലം ഭാഗത്തെ റോഡ് നിർമ്മാണത്തിനായുള്ള ഭരണാനുമതി വർഷങ്ങൾക്ക് മുന്നേ ലഭ്യമാക്കിയിട്ടുമുണ്ട്. പൊൻകുന്നം റോഡിലെ പന്ത്രണ്ടാം മൈൽ ഭാഗത്തു നിന്നുള്ള റോഡ് നിർമ്മാണത്തിനായി ഡി.പി.ആറിനുള്ള നടപടികളും നടന്നു വരുന്നതായി ബിജു പാലൂപവൻ വ്യക്തമാക്കി.ധനകാര്യ മന്ത്രിയായിരുന്ന കെ.എം.മാണി ഓരോ എം.എൽ.എയ്ക്കും 25 കോടി വീതം ഒരോ നിയോജക മണ്ഡലത്തിനുമായി പ്രാദേശിക വികസന മണ്ഡല ഫണ്ടിനു പുറമെ അനുവദിച്ചത് ഇന്നും തുടരുന്നുണ്ട്.ഇത് ഫലപ്രദമായി വിനിയോഗിച്ചാൽ എത്ര പാലവും റോഡും നിർമ്മിക്കുവാൻ കഴിയുമെന്നും പാലൂപടവൻ ഓർമിപ്പിച്ചു.
കഴിഞ്ഞ അഞ്ചു വർഷമായി പാലത്തിൻ്റെ പേരു പറഞ്ഞ് രാഷ്ട്രീയം കളിക്കുകയാണ് ചിലർ.ഭൂമി ഏറ്റെടുക്കുന്നതിനായുള്ള നിരവധിയായ ഘട്ടങ്ങൾ ഇനി ആദ്യം മുതൽ ആരംഭിക്കേണ്ടതുണ്ട്.ഏറ്റെടുക്കേണ്ട ഭൂമിയുടേയും ഭൂഉടമകളുടേയും വിവരശേഖരണം സർക്കാർ വകുപ്പുകൾ പൂർത്തിയാക്കി കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.