സംസ്ഥാനത്ത് മഴ കനക്കുമെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിൻറെ മുന്നറിയിപ്പ്.ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് ഇന്ന് എട്ടുജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, തൃശൂർ, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലേർട്ട്. നാളെ പ്രത്യേകിച്ച് ഒരു ജില്ലയിലും മഴ മുന്നറിയിപ്പ് ഇല്ലെങ്കിലും അടുത്ത അഞ്ചുദിവസം സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.
തെക്ക് കിഴക്കന്‍ അറബിക്കടലിന് മുകളില്‍ തെക്കന്‍ കേരളത്തിന് സമീപമാണ് ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നത്. ചൊവ്വാഴ്ചയോടെ തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ മറ്റൊരു ചക്രവാതച്ചുഴി രൂപപ്പെടാന്‍ സാധ്യതയുണ്ട്. ഇതിന്റെയെല്ലാം ഫലമായാണ് കേരളത്തില്‍ മഴ ലഭിക്കുന്നതെന്നും കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു.