Kerala
ഭിത്തിയിൽ അടിച്ച പെയിന്റ് പൊളിഞ്ഞു പോയി; ഗുണനിലവാരമില്ലാത്ത പെയിന്റ് നല്‍കിയതില്‍ കമ്പനിക്ക് 3.5 ലക്ഷം രൂപ പിഴ ചുമത്തി ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി
കൊച്ചി: ഗുണനിലവാരമില്ലാത്ത പെയിന്റ് നല്‍കിയതില്‍ കമ്പനിക്ക് 3.5 ലക്ഷം രൂപ പിഴ ചുമത്തി ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി. എറണാകുളം കോതമംഗലം സ്വദേശി ടി എം മൈതീന്‍ സമര്‍പ്പിച്ച പരാതിയിലാണ് നടപടി.കോതമംഗലത്തെ വിബ്ജോര്‍ പെയിന്റ്സ് എന്ന സ്ഥാപനത്തില്‍ നിന്നും ഒരു വര്‍ഷത്തെ വാറണ്ടിയോടെയാണ് ബര്‍ജര്‍ പെയിന്റ് പരാതിക്കാരന് വാങ്ങിയത്.
മതിലില്‍ അടിച്ച പെയിന്റ് പൊളിഞ്ഞു പോയതോടെയാണ് പരാതി നല്‍കിയത്. പെയിന്റിന് ചെലവായ 78,860 രൂപയും അത് മാറ്റി പുതിയ പെയിന്റ് അടിക്കുന്നതിന് ചെലവായ 2,06979 രൂപയും, നഷ്ടപരിഹാരമായി 50,000 രൂപ 20,000 രൂപ കോടതി ചെലവ് എന്നിവ ഉപഭോക്താവിന് കമ്പനിയും ഡീലറും നല്‍കണമെന്നാണ് എറണാകുളം ജില്ല തര്‍ക്ക പരിഹാര കോടതിയുടെ ഉത്തരവ്.
ഒരു വര്‍ഷം ആണ് വാറണ്ടി പിരീഡ് നല്‍കിയത്. അതിനുള്ളില്‍ തന്നെ പ്രതലത്തില്‍ നിന്നും പെയിന്റ്് പൊളിഞ്ഞു പോകാന്‍ തുടങ്ങി. പരാതിക്കാരന് ഡീലറെ സമീപിച്ചു പരാതി പറഞ്ഞു. തുടര്‍ന്ന് നിര്‍മാണ കമ്പനിയുടെ പ്രതിനിധി വന്ന പരിശോധിച്ചു. എന്നാല്‍ തുടര്‍ നടപടികളും പിന്നീട് ഉണ്ടായില്ലെന്നും പരാതിക്കാരന് പറയുന്നു. പെയിന്റ് വിലയും റിപ്പയറിങ് ചാര്‍ജും നഷ്ടപരിഹാരവും നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് പരാതിക്കാരന് ഉപഭോക്തൃ കോടതിയെ സമീപിച്ചത്.
അതേസമയം പെയിന്റിന്റെ അളവിൽ വ്യാപകമായ വെട്ടിപ്പ് നടക്കുന്നതായി റിപ്പോർട്ടുകൾ ഉണ്ട് .20 ലിറ്ററിന്റെ ഇമൻഷൻ പെയിന്റ് വാങ്ങുമ്പോൾ അതിൽ 16 മുതൽ 18 ലിറ്റർ വരെ പെയിന്റ് മാത്രമേ കാണാറുള്ളൂ.എന്നാൽ 20 ലിറ്ററിന് നമ്മൾ വില കൊടുത്തേ പറ്റൂ.ഏതെങ്കിലും ഉപഭോക്താവ് കോടതിയിൽ പോയാൽ കമ്പനികൾ കുടുങ്ങുന്ന അവസ്ഥയാണ് നിലവിലുള്ളത് .