പാലക്കാട്: പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ ബിജെപി വിജയിക്കുമെന്ന് ശോഭ സുരേന്ദ്രൻ. ഇടതുപക്ഷവും കോൺഗ്രസ്സും പറഞ്ഞുകൊണ്ട് നടക്കുന്ന വ്യാജ മതേതരത്വത്തിന്റെ കട പൂട്ടിക്കും. യഥാർത്ഥ മതേതരത്വം ആയിരിക്കും പാലക്കാട് ജയിക്കുക എന്നും ശോഭ സുരേന്ദ്രൻ വ്യക്തമാക്കി.
പാലക്കാട് നടക്കുന്ന ബിജെപി കൺവെൻഷനിൽ പങ്കെടുക്കാൻ എത്തിയപ്പോഴായിരുന്നു ശോഭ സുരേന്ദ്രൻ ഇക്കാര്യങ്ങൾ മാധ്യമങ്ങളോട് വ്യക്തമാക്കിയത്. തന്നെ സ്ഥാനാർത്ഥിത്വ മോഹിയാക്കി ചിത്രീകരിക്കുന്നത് ചിലരുടെ തന്ത്രമാണെന്നും ശോഭ വ്യക്തമാക്കി.
താൻ ഒരു സ്ഥാനവും ആഗ്രഹിക്കുന്ന ആളല്ല. 10 പേർ മാത്രം പ്രവർത്തകരായി ഉണ്ടായിരുന്ന കാലത്തും ബിജെപിക്ക് വേണ്ടി പ്രവർത്തിച്ചിട്ടുണ്ട്. കേരളത്തിൽ ഒരു ബിജെപി മുഖ്യമന്ത്രി ഉണ്ടാകുന്നത് കാണാനുള്ള ആരോഗ്യം നൽകണമെന്ന് മാത്രമാണ് പ്രാർത്ഥന എന്നും ശോഭ സുരേന്ദ്രൻ അറിയിച്ചു.
താൻ സ്ഥാനാർത്ഥിയാകാൻ ഇല്ലെന്ന് പാലക്കാട് നടന്ന ആദ്യ യോഗത്തിൽ തന്നെ അറിയിച്ചതാണ്. പിന്നീട് വന്ന തൻ്റെ സ്ഥാനാർത്ഥിത്വ വാർത്തകൾ മാധ്യമങ്ങളുടെ സൃഷ്ട് മാത്രമാണ്. എന്നോടുള്ള സ്നേഹം കൊണ്ടായിരിക്കാം പക്ഷേ എന്നെ ഒരു സ്ഥാനാർത്ഥിത്വ മോഹിയാക്കി ചിത്രീകരിക്കരുത് എന്ന് മാധ്യമങ്ങളോട് അപേക്ഷിക്കുകയാണ് എന്നും ശോഭ സുരേന്ദ്രൻ സൂചിപ്പിച്ചു.
കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിലും താൻ സ്ഥാനാർത്ഥിയാകാൻ ഇല്ല എന്ന് പാർട്ടിയോട് പറഞ്ഞിരുന്നു. എങ്കിലും ആലപ്പുഴയിലേക്ക് പാർട്ടി തന്നെ തിരഞ്ഞെടുത്തു. ഒരു സർജറി കഴിഞ്ഞ് ആശുപത്രിയിൽ നിന്നുമെത്തി ഇരുപത്തിയെട്ടാമത്തെ ദിവസമാണ് ആലപ്പുഴയിൽ പ്രചാരണത്തിനായി ഇറങ്ങിയത്.