Kerala
കൊല്ലം ചിതറയില്‍ ബന്ധുക്കളുടേയും സുഹൃത്തുക്കളുടെയും വീടുകളില്‍ നിന്നായി പതിനേഴ് പവനോളം സ്വർണ്ണം കവർന്ന കേസിൽ ഇൻസ്റ്റാഗ്രാം താരമായ യുവതി പിടിയില്‍
കൊല്ലം ചിതറയില്‍ ബന്ധുക്കളുടേയും സുഹൃത്തുക്കളുടെയും വീടുകളില്‍ നിന്നായി പതിനേഴ് പവനോളം സ്വർണ്ണം കവർന്ന കേസിൽ ഇൻസ്റ്റാഗ്രാം താരമായ യുവതി പിടിയില്‍.
ഭജനമഠം സ്വദേശി മുബീനയാണ് പിടിയിലായത്. ദിവസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ ചിതറ പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ സെപ്തംബറില്‍ മുബീനയുടെ ഭർതൃ സഹോദരി മുനീറയുടെ കിഴിനിലയിലെ വീട്ടില്‍ സൂക്ഷിച്ചിരുന്ന ആറ് പവനോളം വരുന്ന താലിമാലയും, ഒരു പവൻ വീതമുള്ള രണ്ട് ചെയിൻ, രണ്ട് ഗ്രാം തൂക്കമുള്ള കമ്മലുകള്‍ എന്നിവ കാണാതായിരുന്നു. എന്നാല്‍ സ്വര്‍ണം മോഷണം പോയ വിവരം മുനീറ അറിഞ്ഞത് ഒക്ടോബര്‍ പത്തിനായിരുന്നു.
തുടർന്ന് വീട്ടിലെ സിസിടിവി പരിശോധിച്ചു. ദൃശ്യങ്ങളില്‍ മുബീന സെപ്റ്റംബർ 30ന് രാവിലെ പത്ത് മണിയോടെ മുനീറയുടെ വീട്ടിലെത്തി മടങ്ങി പോകുന്നതായി കണ്ടു. അതിന് ശേഷം ഒക്ടോബര്‍ പത്ത് വരെ പുറത്തുള്ള മാറ്റാരും വീട്ടില്‍ വന്നില്ലെന്നും ദൃശ്യങ്ങളില്‍ നിന്ന് മനസിലായി. ദൃശ്യങ്ങളെല്ലാം ശേഖരിച്ച ശേഷം ഒക്ടോബര്‍ 12ന് മുനീറ ചിതറ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. മോഷണത്തില്‍ മുബീനയെ സംശയിക്കുന്നതായും മുനീറ പൊലീസിനോട് പറഞ്ഞിരുന്നു.
കഴിഞ്ഞ ജനുവരിയില്‍ മുബീനയുടെ സുഹൃത്ത് അമാനിയും സമാനമായ മറ്റൊരു മോഷണ പരാതി ചിതറ സ്റ്റേഷനില്‍ തന്നെ നല്‍കിയിരുന്നു. ആ പരാതിയിലും മുബീനയെ സംശയിക്കുന്നതായി പറഞ്ഞിരുന്നു. ഈ കേസില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് മുബീനക്കെതിരെ പുതിയ ഒരു പരാതി ഭർത്തൃ സഹോദരി സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ നല്‍കുന്നത്.
ഓട്ടോറിക്ഷ ഡ്രൈവറായ ഭർത്താവ് അടുത്തിടെയാണ് വിദേശത്ത് പോയത്. എന്നാല്‍ മുബീന നയിച്ചിരുന്നത് ആഢംബര ജീവിതമാണെന്ന് പൊലീസ് കണ്ടെത്തി.
തെളിവുകള്‍ നിരത്തി പൊലീസ് നടത്തിയ ചോദ്യചെയ്യലില്‍ രണ്ട് മോഷണവും നടത്തിയത് താനാണെന്ന് മുബീന കുറ്റസമ്മതം നടത്തുകയായിരുന്നു എന്ന് പൊലീസ് അറിയിച്ചു. ആഡംബര ജീവിതം നയിക്കാനാണ് മോഷണം നടത്തിയതെന്നും മുബീന പോലീസിനോട് പറഞ്ഞു.