Kerala

കോണ്‍ഗ്രസിനെ ഉപതിരഞ്ഞെടുപ്പില്‍ ജനം ശിക്ഷിക്കും: ജോസ് കെ മാണി

Posted on

 

കോട്ടയം :കോണ്‍ഗ്രസിലെ ചേരിപ്പോര് ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ സമ്പൂര്‍ണ്ണ പരാജയം ഉറപ്പുവരുത്തുമെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി .ധാര്‍ഷ്ട്യവും ധിക്കാരവുമാണ് കേരളത്തിലെ കോണ്‍ഗ്രസിലെ നേതാക്കന്മാരെ നയിക്കുന്നതെന്നും  സംഘപരിവാറിന്റെ പാളയത്തില്‍ കോണ്‍ഗ്രസിനെ എത്തിക്കാനാണ് സ്വന്തം നേതാക്കള്‍തന്നെ ശ്രമിക്കുന്നുവെന്ന വെളിപ്പെടുത്തലുകളാണ് പുറത്തുവരുന്നത് . പരിസ്ഥിതിലോല മേഖല നിര്‍ണ്ണയം ഉള്‍പ്പടെയുള്ളവിഷയങ്ങളില്‍ കോണ്‍ഗ്രസിന്റെ ഇരട്ടത്താപ്പിനും, കര്‍ഷകവഞ്ചനയ്ക്കുമുള്ള ശിക്ഷ ഉപതെരെഞ്ഞടുപ്പില്‍ ജനം നല്‍കും.  ജനവികാരം അടിവരയിട്ടുകൊണ്ടുള്ള മികച്ച വിജയം ഉപതെരെഞ്ഞെടുപ്പുകളില്‍ എല്‍.ഡി.എഫ് നേടും.

കര്‍ഷക രാഷ്ട്രീയത്തിന്റെ അടിത്തറയിലാണ് കെ എം മാണിസാര്‍ കേരള കോണ്‍ഗ്രസ് കെട്ടിപ്പടുത്തത്. കേരളത്തിലെ റബര്‍കൃഷി പൂര്‍ണ്ണമായും ഹൈജാക്ക് ചെയ്തു ഇന്ത്യയുടെ വടക്കേ കിഴക്കന്‍ സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകാന്‍ കേന്ദ്രസര്‍ക്കാരും റബര്‍ബോര്‍ഡും ഒളിഞ്ഞും തെളിഞ്ഞും ശ്രമിക്കുകയാണ് . റബര്‍ ഇറക്കുമതി ചെയ്യാന്‍ കുത്തകകള്‍ക്ക് പരിമിതികളില്ലാത്ത അനുമതി നല്‍കുന്ന കേന്ദ്ര നയം കാരണം റബര്‍ വില വീണ്ടും താഴുമെന്ന ആശങ്കയിലാണ് റബര്‍ കര്‍ഷകര്‍ .  പശ്ചിമഘട്ട പരിസ്ഥിതി മേഖലകളുടെ നിര്‍ണയം,  വനാതിര്‍ത്തി പങ്കിടുന്ന ജനവാസ മേഖലകളിലെ അതിരൂക്ഷമായ വന്യജീവി ആക്രമണം , പട്ടയ പ്രശ്‌നമടക്കമുള്ള വിവിധ ഭൂപ്രശ്‌നങ്ങള്‍ , കര്‍ഷകര്‍ക്ക്  സ്വന്തം ഭൂമിയില്‍ നിന്നും മരം മുറിക്കുന്നതിനുള്ള അനുവാദമില്ലായ്മ തുടങ്ങിയ പ്രശ്‌നങ്ങളുടെ പരിഹാരത്തിനായി ശക്തമായ കര്‍ഷക സമരങ്ങള്‍ക്ക് കേരള കോണ്‍ഗ്രസ് പാര്‍ട്ടി വരും ദിവസങ്ങളില്‍ നേതൃത്വം നല്‍കും. കേന്ദ്ര സര്‍ക്കാര്‍ കേരളത്തിലെ കര്‍ഷകരോടും സംസ്ഥാനത്തോടും കാട്ടുന്ന കുറ്റകരമായ അനാസ്ഥക്കും അവഗണനകള്‍ക്കുമെതിരെ കേരള കോണ്‍ഗ്രസ് (എം )പാര്‍ട്ടി സമരരംഗത്തേക്കിറങ്ങുകയാണ് .

സംസ്ഥാന സര്‍ക്കാരും കര്‍ഷക രക്ഷയ്ക്കായി സ്വീകരിക്കേണ്ട നടപടികള്‍ അതിവേഗത്തിലാക്കണമെന്നും ജോസ് കെ മാണി ആവശ്യപ്പെട്ടു.കേരള കോണ്‍ഗ്രസ് എം ദ്വദിന സംസ്ഥാന ക്യാമ്പിന്റെ സംഘടനാ ചര്‍ച്ചകള്‍ ക്രോഡീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം .
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിനായി പാര്‍ട്ടി ഘടകങ്ങളെയാകെ പൂര്‍ണ്ണമായും സജ്ജമാക്കുവാന്‍ വാര്‍ഡ് മുതല്‍ ജില്ലാതലം വരെയുള്ള വിപുലമായ പ്രവര്‍ത്തക കണ്‍വെന്‍ഷനുകള്‍ ചേരല്ലും.ഇതിന്റെ ഭാഗമായി വാര്‍ഡ് കണ്‍വഷുകള്‍ നവംബര്‍, ഡിസംബര്‍ മാസത്തിലും മണ്ഡലം കണ്‍വന്‍ഷനുകള്‍ ജനുവരി, ഫെബ്രുവരി മാസത്തിലും, ജില്ലാ കണ്‍വന്‍ഷനുകള്‍ ഏപ്രില്‍ മാസത്തിലും ചേരും. അതിനുശേഷം കോട്ടയത്ത് കേരള കോണ്‍ഗ്രസ് മഹാ സമ്മേളനം സംഘടിപ്പിക്കും.

അറുപതിന്റെ നിറവില്‍ എത്തുന്ന കേരള കോണ്‍ഗ്രസ് പാര്‍ട്ടി സംസ്ഥനത്തുടനീളം നിര്‍ധനര്‍ക്കായി  60 കാരുണ്യഭവനങ്ങള്‍ നിര്‍മ്മിച്ച് നല്‍കുന്നതിന് സംസ്ഥാന ക്യാമ്പില്‍ തീരുമാനമായി.

കാര്‍ഷിക പ്രശ്‌നങ്ങള്‍ ഉയര്‍ത്തി മലയോര കര്‍ഷകസംഗമം, നെല്‍കര്‍ഷക സംഗമം , നാളികേര കര്‍ഷക സംഗമം, റബര്‍ കര്‍ഷക സംഗമം, നാണ്യവിള കര്‍ഷക സംഗമം എന്നിവ കേരളത്തിലെ വിവിധ ജില്ലകളിലായി ഉടന്‍ സംഘടിപ്പിക്കുവാന്‍ പാര്‍ട്ടി ക്യാമ്പ് തീരുമാനിച്ചു. നിലനില്‍പ്പിനും അതിജീവനത്തിനായി പാടുപെടുന്ന മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് മത്സ്യത്തൊഴിലാളി അവകാശ പ്രഖ്യാപന സമ്മേളനം തീരദേശ മേഖലയില്‍ സംഘടിപ്പിക്കും. ആദ്യകാല കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആദരിക്കുന്ന കുടുംബ സംഗമങ്ങളും വീട്ടുമുറ്റ സംഗമങ്ങളും സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും സംഘടിപ്പിക്കുകയും ചെയ്യും.

പാർലമെൻററി പാർട്ടി ലീഡർ മന്ത്രി റോഷി അഗസ്റ്റിൻ അവതരിപ്പിച്ച സംഘടന രൂപരേഖ ക്യാമ്പ് വിശദമായി ചർച്ച ചെയ്തു .ഗവ ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് , തോമസ് ചാഴികാടൻ , ഡോ. സ്റ്റീഫൻ ജോർജ് , എംഎൽഎമാരായ ജോബ് മൈക്കിൾ , പ്രമോദ് നാരായണ്‍,  സെബാസ്റ്റ്യൻ കുളത്തുങ്കൽ ,  ജോണി നെല്ലൂർ,സണ്ണി തെക്കേടം,മുഹമ്മദ് ഇക്ബാൽ, അലക്സ്  കോഴിമല, ഫിലിപ്പ് കുഴികുളം , ബെന്നി കക്കാട് , ടി ഓ എബ്രഹാം , ജോയിസ് പുത്തൻപുര , സഖറിയാസ് കുതിരവേലി ,ബേബി ഉഴുത്തുവാൽ, പ്രൊഫ.കെ . എ . ആൻറണി , സെബാസ്റ്റ്യൻ ചൂണ്ടൽ , ചെറിയാൻ പോളച്ചിറക്കൽ , അറക്കൽ ബാലകൃഷ്ണപിള്ള , ബാബു ജോസഫ് , മാത്യു കുന്നപ്പള്ളി , കെ   ആനന്ദകുമാർ , ഉഷാലയം ശിവരാജൻ , പ്രൊഫ ലോപ്പസ് മാത്യു , സജി സെബാസ്റ്റ്യൻ , ജോയി കൊന്നക്കൽ , അഡ്വ. കെ കുശലകുമാർ , ടി എം ജോസഫ് , ഉണ്ണികൃഷ്ണൻ ഈച്ചരത്ത് , ടോമി ജോസഫ് , ജോസ് പാലത്തിനാൽ , സജി അലക്സ് , വി സി ഫ്രാൻസിസ് , വഴുതാനത്ത് ബാലചന്ദ്രൻ  സഹായദാസ്  , ജോസ് പുത്തൻകാല , സിറിയക് ചാഴിക്കാടൻ , ബ്രൈറ്റ് വട്ട നിരപ്പേൽ,   പെണ്ണമ്മ തോമസ് , നിർമല ജിമ്മി , സിന്ധു മോൾ ജേക്കബ് എന്നിവർ പ്രസംഗിച്ചു .

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version