Kottayam

ഏറ്റുമാനൂർ മഹാദേവ ക്ഷേത്രവികസനത്തിന് മാസ്റ്റർ പ്ലാൻ തയാറാക്കും: മന്ത്രി വി.എൻ. വാസവൻ

 

കോട്ടയം: ഏറ്റുമാനൂർ മഹാദേവ ക്ഷേത്രവികസനവുമായി ബന്ധപ്പെട്ട മാസ്റ്റർ പ്ലാൻ തയാറാക്കുമെന്ന് ദേവസ്വം-സഹകരണ-തുറമുഖ വകുപ്പു മന്ത്രി വി.എൻ. വാസവൻ. ഏറ്റുമാനൂരിൽ ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങൾ വിലയിരുത്താൻ ഏറ്റുമാനൂർ ശ്രീ കൈലാസ് ഓഡിറ്റോറിയത്തിൽ നടന്ന അവലോകനയോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

പുതിയ മാസ്റ്റർ പ്ലാൻ തയാറാക്കുന്നതിനായി ജനപ്രതിനിധികളുടെയടക്കം വിപുലമായ യോഗം വിളിക്കും. പഴയ മാസ്റ്റർ പ്ലാൻ അടിസ്ഥാനമാക്കി കൂടുതൽ വിപുലമായ പദ്ധതികളോടെയാണ് പുതിയ മാസ്റ്റർ പ്ലാൻ തയാറാക്കുക. ജനപ്രതിനിധികൾ, ദേവസ്വം, ക്ഷേത്ര ഉപദേശക സമിതി, ക്ഷേത്രവുമായി ബന്ധപ്പെട്ട വിവിധ സംഘടനകളുടെ ഭാരവാഹികൾ തുടങ്ങിയവരെ പങ്കെടുപ്പിച്ച് വിപുലമായ യോഗം വിളിക്കും. ഈ യോഗത്തിൽ പുതിയ മാസ്റ്റർ പ്ലാന്റെ കരട് രേഖ ചർച്ച ചെയ്യും. ഏറ്റുമാനൂർ ക്ഷേത്രത്തിന്റെ പെരുമയും പ്രൗഢിയും കൂടുതൽ പ്രകടമാകുന്ന നിലയിലാകും മാസ്റ്റർ പ്ലാൻ നടപ്പാക്കുക.

ക്ഷേത്രത്തിന്റെ കിഴക്കേനടയിൽ പുതിയ ഗോപുരം നിർമിക്കുന്നതിനുള്ള നടപടികൾ പൂർത്തീകരിച്ചു. നിർമാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കാൻ കഴിയും. ക്ഷേത്രത്തിലെ ഊട്ടുപുരയും കല്യാണമണ്ഡപവും പുനരുദ്ധരിക്കാനുള്ള നടപടി അന്തിമഘട്ടത്തിലാണ്. വർക് ഓർഡർ ആയി. ക്ഷേത്രത്തിലെ ശ്രീ കൈലാസ് ഓഡിറ്റോറിയം വിവാഹ ആവശ്യങ്ങൾക്കും മറ്റും ഉപയോഗിക്കാവുന്ന രീതിയിൽ ശാസ്ത്രീയമായി നവീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയിൽ വിശാലവും മനോഹരവുമായ ഒരു ഗോപുരം നിർമിക്കുന്നതിന് പ്രൊപ്പോസൽ തയാറാക്കി. ചുവർ ചിത്രങ്ങളുടെ പഴമ നിലനിർത്തിക്കൊണ്ട് തന്നെ അവയുടെ സംരക്ഷണ പ്രവർത്തനത്തിനുള്ള നടപടികൾ നടന്നുവരികയാണ്. പതിനാറാം നൂറ്റാണ്ടിൽ രചിച്ച ചിത്രങ്ങൾ അതേപടി സംരക്ഷിച്ചത് നിലനിർത്തുന്നതിനായി 50 ലക്ഷം രൂപയുടെ പദ്ധതിയാണ് നടപ്പാക്കുന്നത്.തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഡിജിറ്റൈസേഷന്റെ ഭാഗമായി ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിൽ സ്ഥാപിച്ച ക്യു ആർ കോഡിന്റെ ഉദ്ഘാടനം മന്ത്രി വി.എൻ. വാസവൻ നിർവഹിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top