Kerala

കേരളാ കോൺഗ്രസ് ചെയർമാൻ പി. ജെ ജോസഫ്-ഗാന്ധിയൻ ദർശനങ്ങളുടെ പ്രയോക്താവ്

കേരളം കണ്ട പ്രഗത്ഭരായ ഭരണാധികാരികളുടെ ഗണത്തിൽ പി.ജെ ജോസഫിൻ്റെ സ്ഥാനം അദ്വിതീയമാണ്. ഒരു മന്ത്രിസഭയിൽ തുല്യപ്രാധാന്യമുള്ള നാല് വകുപ്പുകൾ ഒന്നിച്ച് കൈകാര്യം ചെയ്ത മറ്റൊരു മന്ത്രിയുണ്ടോ എന്നറിയില്ല. എന്നാൽ ഒന്നു തീർച്ചയാണ്. പൊതുമരാമത്ത്, വിദ്യാഭ്യാസം, ഭവനനിർമ്മാണം, രജിസ്ട്രേഷൻ എന്നീ നാലു വകുപ്പുകളും ഒന്നിനൊന്ന് മെച്ചപ്പെട്ട രീതിയിൽ അഴിമതിരഹിതമായി കൈകാര്യം ചെയ്യാൻ മറ്റൊരാൾക്ക് സാധിക്കുമെന്നു തോന്നുന്നില്ല. കാരണം ഒരു വകുപ്പ് ഏറ്റെടുത്തു നടത്തുന്നവർ തന്നെ അഴിമതിയിൽ കുടുങ്ങുകയോ ഫലപ്രദമായി ഒന്നു ചെയ്യാനാകാതെയോ കാലം കഴിക്കുന്നതാണ് ചരിത്രം. കേവലം 37-ാം വയസിൽ ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്ത് പ്രശോഭിച്ചവർ കേരളക്കരയിൽ മറ്റാരുമില്ല. റവന്യൂവകുപ്പ് മന്ത്രിയായിരുന്ന കാലഘട്ടത്തിൽ ഭവനരഹിതർക്കായി ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഭവനം നിർമ്മിച്ച് നൽകിയ റിക്കാർഡും പി.ജെ ജോസഫിന് അർഹതപ്പെട്ടതാണ്.

താൻ പ്രതിനിധാനം ചെയ്യുന്ന ഒരു ഗ്രാമത്തെ പട്ടണമായും പിന്നീട് നഗരമായും വളർത്തിയെടുത്ത വൈഭവവും മറ്റാർക്കും അവകാശപ്പെടാനാവില്ല. അങ്ങനെ ജില്ലയുടെ ഭരണ സിരാകേന്ദ്രമായി, ഒപ്പം വാണിജ്യ, വ്യവസായ , ടൂറിസ്റ്റ് കേന്ദ്രമായി സ്വന്തം മണ്ഡലത്തെ രൂപപ്പെടുത്തുമ്പോഴും ഗ്രാമത്തിൻ്റെ സൗന്ദര്യവും വിശുദ്ധിയും നഷ്ടപ്പെടാതിരിക്കാനും ശ്രദ്ധിച്ചതുവഴി പ്രകൃതി സ്നേഹത്തിൻ്റെ ഉദാത്ത മാതൃകയായും പി.ജെ മാറി. ഏതു കാര്യം ചെയ്യുമ്പോഴും ഏറ്റവും നിസ്വൻ്റെ മുഖമാണ് തെളിയേണ്ടതെന്ന ഗാന്ധിയൻ ചിന്ത എന്നും അദ്ദേഹത്തെ നയിച്ചിരുന്നു. ഉന്നത ചിന്തയും ലളിത ജീവിതവും വ്രതമാക്കിയ നേതാക്കന്മാർ അന്യം നിന്നു പോകുമ്പോൾ അവിടെയും അദ്ദേഹം വ്യത്യസ്തനാകുന്നു. സ്വതവെ ഗൗരവപ്രകൃതക്കാരനും മിതഭാഷിയുമാണെങ്കിലും വിഷയങ്ങൾ ആഴത്തിൽ പഠിക്കാനും പരിഹാരമാർഗ്ഗങ്ങളിലെത്താനും അസാമാന്യ വൈഭവം അദ്ദേഹത്തിനുണ്ട്. പ്രശ്നസങ്കീർണ്ണമായ ഒരു കാലഘട്ടത്തിൽ പ്ലസ്ടു സംവിധാനം സ്കൂളുകളിൽ വിജയകരമായി നടപ്പാക്കിയ പി.ജെ ജോസഫ് എന്ന വിദ്യാഭ്യാസ മന്ത്രിയുടെ മാസ്മരികവിദ്യ ഇന്നും ചർച്ചാവിഷയമാണ്. നിസാര കാര്യങ്ങൾ പോലും വാചാലമായി അവതരിപ്പിക്കുന്ന രാഷ്ട്രീയക്കാരുടെ പതിവ് ശൈലിയിൽ നിന്നും ഹ്രസ്വമായ വാക്കുകളിൽ കാര്യമാത്രപ്രസക്തമായി പ്രതിപാദിക്കുന്നതാണ് ജോസഫ് ശൈലി,.

മാറ്റങ്ങളോട് മറുതലിച്ചു നിൽക്കുന്ന മലയാളിയുടെ യാഥാസ്ഥിതിക മനോഭാവത്തെ കൃഷി, വിദ്യാഭ്യാസം, എന്നീ മേഖലകളിൽ വിപ്ലവകരമായ പരിഷ്കാരങ്ങളിലൂടെ മാറ്റിയെടുക്കാൻ പി.ജെ ജോസഫിന് സാധിച്ചത് വാക്കും പ്രവൃത്തിയും സമരസപ്പെടുത്തിയ ജീവിത സാക്ഷ്യം കൊണ്ടാണ്. ക്ഷീര കർഷകനായും ജൈവകർഷകനായും അറിയപ്പെട്ടത്, വിപ്ലവ മുദ്രാവാക്യങ്ങൾ വിളിച്ചു കൊടുത്തല്ല , പ്രത്യുത കാർഷിക രംഗത്ത് വിപ്ലവകാരിയായി സ്വയം മാറിക്കൊണ്ടാണ്. അന്യനുവേണ്ടി സമയവും പണവും വ്യയം ചെയ്യുന്നതുവഴി ലഭിക്കുന്ന ആത്മസന്തോഷം ആവോളം ആസ്വദിക്കുന്ന മറ്റൊരു നേതാവിനെ കണ്ടെത്തുക പ്രയാസമാണ്. സമ്പാദിക്കാനുള്ള ത്വര രാഷ്ട്രീയ രംഗ ത്തുള്ളവർക്ക് പൊതുവെ കൂടുതലാണെന്ന ആക്ഷേപം ഒരിക്കലും കേൾക്കേണ്ടി വരാത്ത വ്യക്തിയാണ് അദ്ദേഹം. തനിക്കുള്ളത് അർഹരായ അശരണർക്ക് പങ്കുവെക്കാൻ വൈമനസ്യമില്ലാത്ത പി.ജെ യുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ വിവരിക്കുന്നത് അദ്ദേഹത്തിൻ്റെ രീതിയനുസരിച്ച് ഇഷ്ടമായിരിക്കില്ല.

ദൈവം കനിഞ്ഞനുഗ്രഹിച്ച മറ്റൊരു വരദാനമാണ് പാടാനുള്ള കഴിവ് ‘ 1970 ൽ ആദ്യമത്സരത്തിൽ പാട്ടുപാടി ഒരു കമ്മ്യൂണിസ്റ്റ് കോട്ട തകർത്ത് വിജയിച്ചതും പി.ജെ ജോസഫിന് മാത്രം സാധിക്കുന്ന കാര്യമാണ്. കാഴ്ചപ്പാടും നിലപാടും മനസ്സാക്ഷിയുടെ അംഗീകാരത്തിനു വിധേയപ്പെടുത്തുന്നതിനാൽ ജയപരാജയങ്ങളെ സമചിത്തതയോടെ സ്വീകരിക്കാൻ പ്രാപ്തനാണദ്ദേഹം.. തൻ്റെ മാതൃകാപുരുഷനായ രാഷ്ട്രപിതാവിൻ്റെ നാമത്തിലുള്ള ഗാന്ധിജി സ്റ്റഡി സെൻ്റർ ചെയർമാനായ പി . ജെ ജോസഫ് ഏവർക്കും ഒരു പാഠപുസ്തകമാണ്, പഠന കേന്ദ്രമാണ്.

സന്തോഷ് കാവുകാട്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top